മുംബയ് വിമാനത്താവളത്തിൽ നിന്ന് 61 കിലോ സ്വർണം പിടികൂടി

Monday 14 November 2022 2:34 AM IST

മുംബയ്: മുംബയ് ഛത്രപതി ശിവാജി മഹാരാജ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പലരിൽ നിന്നായി 32 കോടി രൂപ വിലമതിക്കുന്ന 61 കിലോഗ്രാം സ്വർണം പിടികൂടി. ഒറ്റ ദിവസം വിമാനത്താവളത്തിൽ നിന്ന് പിടികൂടുന്ന ഏറ്റവും ഉയർന്ന മൂല്യമുള്ള സ്വർണമാണിത്.

സംഭവത്തിൽ ഏഴു പേരെ അറസ്റ്റ് ചെയ്തു.ടാൻസാനിയയിൽ നിന്നെത്തിയ നാല് പേരുടെ പക്കൽ നിന്ന് ഒരു കിലോഗ്രാം സ്വർണക്കട്ടികൾ കണ്ടെടുത്തു. പ്രത്യേകം രൂപകല്പന ചെയ്ത ബെൽറ്റുകളിൽ ഒന്നിലധികം പോക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ധരിച്ചിരുന്ന ബെൽറ്റുകളിൽ നിന്ന് 28.17 കോടി രൂപ വിലമതിക്കുന്ന 53 കിലോ യു.എ.ഇ നിർമ്മിത സ്വർണക്കട്ടികൾ അധികൃതർ കണ്ടെടുത്തു.

യാത്രാസമയത്ത് ദോഹ വിമാനത്താവളത്തിൽ വെച്ച് ഒരു സുഡാൻ പൗരനാണ് ബെൽറ്റുകൾ യാത്രക്കാർക്ക് കൈമാറിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നാല് യാത്രക്കാരെയും അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

ദുബായിൽ നിന്നെത്തിയ മൂന്ന് യാത്രക്കാരിൽ നിന്ന് 3.88 കോടി രൂപ വിലമതിക്കുന്ന എട്ട് കിലോ സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

രണ്ട് സ്ത്രീകളുൾപ്പെടെ മൂന്നു പേർ മെഴുക് രൂപത്തിൽ സ്വർണ്ണപ്പൊടി ശ്രമിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സ്ത്രീകളിൽ ഒരാൾക്ക് 60 വയസ്സ് പ്രായമുണ്ട്. ഇവർ വീൽചെയറിലായിരുന്നു.

Advertisement
Advertisement