പുട്ടിനെ വധിക്കണമെന്ന് റാസ്പുട്ടിൻ !

Monday 14 November 2022 5:37 AM IST

മോസ്കോ : യുക്രെയിനിലെ ഖേഴ്സൺ നഗരത്തിൽ നിന്ന് സൈനിക പിൻമാറ്റം നടത്തിയതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെ അനുയായികൾക്കിടെയിൽ കടുത്ത അതൃപ്തിയെന്ന് സൂചന. പുട്ടിനെ സ്ഥാനഭ്രഷ്ടനാക്കാനും വധിക്കാനുമുള്ള ഗൂഢാലോചന രാജ്യത്ത് ഉയരുന്നെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്.

പുട്ടിന്റെ അടുത്ത അനുയായി അലക്സാണ്ടർ ഡുഗിന്റേതെന്ന് പറയപ്പെടുന്ന ടെലിഗ്രാം സന്ദേശങ്ങളാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനായ അലക്സാണ്ടർ ഡുഗിൻ ' വ്ലാഡിമിർ പുട്ടിന്റെ തലച്ചോർ", ' പുട്ടിന്റെ റാസ്പുട്ടിൻ " എന്നൊക്കെയാണ് അറിയപ്പെടുന്നത്.

യുക്രെയിൻ അധിനിവേശത്തിന് പുട്ടിന് മാർഗ നിർദ്ദേശം നൽകിയ ' ആത്മീയ ആചാര്യനും" യുക്രെയിൻ അധിനിവേശത്തിന്റെ ശില്പിയുമാണ് ഡുഗിൻ. ഖേഴ്സണിൽ നിന്ന് റഷ്യൻ സേനയ്ക്ക് നാണംകെട്ട് പിൻമാറേണ്ടി വന്നെന്നും പുട്ടിനെ പുറത്താക്കണമെന്നുമാണ് ഡുഗിൻ പറയുന്നതത്രെ. അല്ലെങ്കിൽ പുട്ടിൻ വധിക്കപ്പെടണമെന്ന സൂചനയും ഡുഗിൻ തന്റെ സന്ദേശത്തിൽ പറയുന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സ്കോട്ടിഷ് ചിന്തകനായ ജെയിംസ് ഫ്രേസർ തന്റെ ഗ്രന്ഥമായ ' ഗോൾഡൻ ബൗ"വിൽ വിവരിക്കുന്ന ചില വരികളിലൂടെയാണ് അതൃപ്തി പ്രകടമാക്കി ഡുഗിൻ രംഗത്തെത്തിയതെന്ന് പറയുന്നു. ' നമ്മൾ ഭരണാധികാരിക്ക് പൂർണമായ അധികാരം നൽകുന്നു. അദ്ദേഹം നമ്മളെയെല്ലാം നിർണായക നിമിഷത്തിൽ രക്ഷിക്കുന്നു. എന്നാൽ ഇതിന്റെ പേരിൽ അദ്ദേഹം സ്വയം തനിക്ക് ചുറ്റും പരാജയങ്ങൾ തീർത്താലോ സാമൂഹ്യ നീതിയ്ക്ക് നേരെ തുപ്പുകയോ ചെയ്താൽ അത് അതൃപ്തകരമാണ്. അങ്ങനെയുള്ളവർക്ക് മഴയുടെ രാജാവിന്റെ ഗതി വരും."!

ഏറെ നിഗൂഡതകൾ ഒളിപ്പിച്ച സന്ദേശത്തിൽ ഡുഗിൻ പറയുന്നു. വരൾച്ചാ കാലത്ത് നാട്ടിൽ മഴയെത്തിക്കാൻ പരാജയപ്പെട്ട രാജാവ് കൊല്ലപ്പെടുന്ന കഥ ഫ്രേസർ ഗോൾഡൻ ബൗയിൽ പരാമർശിക്കുന്നുണ്ട്. ഈ ഗതി പുട്ടിന് വരുമെന്നാണ് ഡുഗിൻ ഉദ്ദേശിച്ചതെന്ന് പാശ്ചാത്യ നിരീക്ഷകർ പറയുന്നു. വൈറലായതോടെ സന്ദേശം ഡിലീറ്റ് ചെയ്യപ്പെടുകയും തന്റെ പ്രസ്താവനകൾ പാശ്ചാത്യ മാദ്ധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് കാട്ടി ഡുഗിൻ രംഗത്തെത്തുകയും ചെയ്തു.

' ഖേഴ്സണിൽ നിന്ന് പിൻമാറിയതോടെ ഞാനും റഷ്യൻ ദേശസ്നേഹികളും പുട്ടിനെതിരെ തിരിഞ്ഞെന്ന് പാശ്ചാത്യ രാജ്യങ്ങൾ പറയാൻ തുടങ്ങി. ഞാൻ ഡിലീറ്റ് ചെയ്തെന്ന് പറയുന്ന സന്ദേശത്തിന്റെ പേരിലാണ് പ്രചാരണം. ആരും പുട്ടിനോട് മുഖംതിരിച്ചിട്ടില്ല. റഷ്യൻ ദേശസ്നേഹികൾ അദ്ദേഹത്തിന് അളവുറ്റ പുന്തണ നൽകുന്നു. ഖേഴ്സൺ നഷ്ടപ്പെട്ടതിലെ ദുഃഖവും രാജ്യത്തിന്റെ കമാൻഡർ ഇൻ ചീഫിനോടുള്ള മനോഭാവവും രണ്ടാണ്. ഞങ്ങൾ പുട്ടിന്റെ വിശ്വസ്തരാണ്. പ്രത്യേക സൈനിക നടപടിയേയും റഷ്യയേയും അവസാനം വരെ പിന്തുണയ്ക്കും." ഡുഗിൻ തന്റെ ടെലിഗ്രാമിൽ കുറിച്ചു.

യുക്രെയിനിൽ ആക്രമണങ്ങൾ തീവ്രമാക്കണമെന്ന പക്ഷക്കാരനാണ് ഡുഗിൻ. മുമ്പ് ക്രൈമിയ പിടിച്ചടക്കാനുള്ള റഷ്യൻ പുറപ്പാടിന് പിന്നിലും ഡുഗിന്റെ സ്വാധീനമുണ്ടായിരുന്നു. യുക്രെയിനിലെ റഷ്യൻ അനുകൂല വിമത മേഖലയായ ഡൊണെസ്കിനുവേണ്ടി പോരാടാൻ ആളുകളെ റിക്രൂട്ട് ചെയ്യുന്ന യൂറേഷ്യൻ യൂത്ത് യൂണിയന്റെയും യൂറേഷ്യ പാർട്ടിയുടെയും സ്ഥാപകനാണ് ഡുഗിൻ.

ഡുഗിന്റെ മകൾ ഡാരിയ ഓഗസ്റ്റിൽ മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. യുക്രെയിൻ സ്പെഷ്യൽ സർവീസസാണ് സ്ഫോടനം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരി​റ്റി സർവീസ് (എഫ്.എസ്.ബി) ഡാരിയയുടെ മരണത്തിന് പിന്നാലെ ആരോപിച്ചിരുന്നു.

Advertisement
Advertisement