ഗവർണറുമായി മുഖ്യമന്ത്രിയ്ക്ക് തർക്കമില്ല;അദ്ദേഹത്തെ പന പോലെ വളർത്തി, സംസ്ഥാന സർക്കാരിനെതിരെ വിമർശന ശരമെയ്ത് വി ഡി സതീശൻ

Monday 14 November 2022 6:55 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ്. സംസ്ഥാനത്ത് ഗവർണർ സർക്കാർ പോര് നിലനിൽക്കുന്നില്ലെന്നും അവർ ഒരുമിച്ചാണ് എല്ലാ കാര്യങ്ങളും തീരുമാനങ്ങളെടുക്കുന്നതെന്നും ഗവർണറെ പന പോലെ വളർത്തിയത് മുഖ്യമന്ത്രി തന്നെയാണെന്നും വി ഡി സതീശൻ ആരോപിച്ചു.

കേരള സർവകലാശാലയിൽ നിലവിൽ വിസി സ്ഥാനം ആരും വഹിക്കേണ്ട എന്ന സമീപനമാണ് സർക്കാരിനുള്ളത്. കേരളത്തിൽ ബ്രയിൻ ഡ്രെയിനാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നിയമവിരുദ്ധമായി വിസിമാരെ നിയമിച്ച ഗൂഢാലോചനയിൽ മുഖ്യമന്ത്രിയ്ക്കും പങ്കുണ്ട്. യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് വിസി നിയമനങ്ങൾ നടന്നത് അദ്ദേഹം തുടർന്നു. സംസ്ഥാനത്ത് നടക്കുന്ന കമ്മ്യൂണിസ്റ്റ് വത്കരണം പൊലീസ് സേനയിലും പ്രതിഫലിക്കുന്നതായി പൊലീസുകാർ ഉൾപ്പെട്ട മോഷണ സംഭവങ്ങളും പീഡന പരാതികളും ഉദാഹരണമാക്കി പ്രതിപക്ഷ നേതാവ് ആരോപിച്ചു. 2019 മുതൽ 2021 വരെ സ്ത്രീകളെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥകളാണ് പുറത്ത് വരുന്നത്. ഇത്തരം കേസുകളിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിൽ തുടരുന്നതെങ്ങനെയാണെന്നും വി ഡി സതീശൻ ചോദിച്ചു.

തിരുവനന്തപുരം നഗരസഭയിലെ വിവാദ കത്തിടപാടിലും പ്രതിപക്ഷ നേതാവ് സിപിഎമ്മിനെ കടന്നാക്രമിച്ചു. മേയറെ സ്ഥാനത്തിരുത്തി സിപിഎമ്മാണ് നഗരസഭ ഭരിക്കുന്നത്. മുൻപും വീട്ടു നമ്പർ നൽകുന്നതിലെ ക്രമക്കേടക്കം നഗരസഭയുടെ പേരിൽ അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു. ഇതിൽ ഏറ്റവും അവസാന തെളിവാണ് കത്ത് വിവാദം. കത്തിന്റെ ഉറവിടം എവിടെ നിന്നാണെന്നും പൊലീസ് വിഷയം വെള്ള പൂശാനാണോ ശ്രമിക്കുന്നതെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.