കുഞ്ഞ് പിറന്നതിന് ശേഷമുള്ള ആദ്യ ചിത്രം പങ്കുവച്ച് ആലിയ ഭട്ട്, കമന്റുകളുമായി താരങ്ങൾ, പരാതിപ്പറഞ്ഞ് ആരാധകർ

Tuesday 15 November 2022 5:55 PM IST

കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യചിത്രം പങ്കുവച്ച് ബോളിവുഡ് താരം ആലിയ ഭട്ട്. 'ഞാൻ തന്നെ' എന്ന അടിക്കുറിപ്പോടെ 'മാമ' എന്നെഴുതിയ കപ്പ് പിടിച്ചുനിൽക്കുന്ന ചിത്രമാണ് ആലിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. എന്നാൽ ചിത്രത്തിൽ താരത്തെ വ്യക്തമായി കാണാൻ സാധിക്കില്ല. ബോളിവുഡിലെ താരദമ്പതികളായ രൺബീർ കപൂറിനും ആലിയ ഭട്ടിനും നവംബർ ആറിനാണ് പെൺകുഞ്ഞ് പിറന്നത്.

ചിത്രത്തിന് താഴെ കമന്റുകളുമായി ടൈഗർ ഷ്റോഫ്, അദിതി റാവു, മനീഷ് മൽഹോത്ര അടക്കമുള്ള സെലിബ്രിറ്റികൾ രംഗത്തെത്തി. അതേസമയം, കുഞ്ഞിന്റെ ചിത്രമോ പേരോ പങ്കുവയ്ക്കാത്തതിൽ പരാതിപറയുകയാണ് ആരാധകർ. മകളുമായി വീട്ടിലെത്തിയ താരദമ്പതികൾ കുഞ്ഞിന്റെ ചിത്രമോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുഞ്ഞ് പിറന്ന വിവരം ആലിയ ഭട്ട് തന്നെയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചത്. സിംഹത്തിന്റെ ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടായിരുന്നു തങ്ങളുടെ മാലാഖയെത്തിയ വാർത്ത താരദമ്പതികൾ പങ്കുവച്ചത്. മുംബയിലെ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലായിരുന്നു കുഞ്ഞിന്റെ ജനനം.