സംഘാടകർ തന്നെ വഞ്ചിച്ചു; വാഗ്ദാനം ചെയ്ത പണം നൽകിയില്ല, കേസ് പിൻവലിക്കണമെന്ന് ഹൈക്കോടതിയെ സമീപിച്ച് സണ്ണി ലിയോൺ

Tuesday 15 November 2022 8:46 PM IST

കൊച്ചി: തനിക്കെതിരെയുള്ള വിശ്വാസ വഞ്ചനക്കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. വാലന്റൈൻസ് ദിനത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനായി പണം വാങ്ങി വഞ്ചിച്ചു എന്ന പേരിൽ താരത്തിനെതിരെ കേസ് നിലനിൽക്കുന്നുണ്ട്. 2019 ൽ നടന്ന സംഭവത്തിൽ തന്റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും കേസ് റദ്ദ് ചെയ്യാനായി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

പരിപാടിയിൽ പങ്കെടുക്കാനായി താൻ കൊച്ചിയിലെത്തിയിരുന്നെങ്കിലും മുൻകൂട്ടി തയ്യാറാക്കിയ കരാർ പ്രകാരമുള്ള 30 ലക്ഷം രൂപ നൽകാതെ സംഘാടകർ പിൻമാറിയെന്നാണ് സണ്ണി ലിയോണിന്റെ വാദം. അതിനാൽ സംഘാടകരാണ് വിശ്വാസ വഞ്ചന നടത്തിയതെന്നും എറണാകുളം ക്രൈം ബ്രാഞ്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നുമാണ് ഹർജിയിൽ താരം ആവശ്യപ്പെടുന്നത്. പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദിന്‍റെ പരാതിയിലാണ് താരത്തിനെതിരെ 2019ൽ കേസെടുത്തത്.