ഇന്ത്യൻ ക്രിക്കറ്റ് ടീം ഇങ്ങനെ പോയാൽ പോരാ

Wednesday 16 November 2022 12:00 AM IST

ഇന്ത്യൻ ടീം തോറ്റത് കൊണ്ടല്ല, തോൽവികൾ ആവർത്തിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ് ഈ കുറിപ്പെഴുതുന്നത്. ഒരു ഏകദിനത്തിനോ, അഞ്ചുദിവസം നീണ്ടുനിൽക്കുന്ന ടെസ്റ്റ് ക്രിക്കറ്റിനോ വേണ്ടുന്നതിനേക്കാൾ ശാരീരികക്ഷമത ആവശ്യമാണ് ട്വന്റി -20മാച്ചിന്. പക്ഷേ ഇപ്പോഴത്തെ ഇന്ത്യൻ ടീമിനെ നോക്കിയാൽ ടീം അംഗങ്ങളിൽ 10 പേർ 30 വയസിന് മേൽ പ്രായമുള്ളവരാണ്. മറ്റ് രാജ്യങ്ങളുടെ ശരാശരി പ്രായംകൂടി താരതമ്യം ചെയ്യുമ്പോളാണ് നമുക്കത് കൂടുതൽ വ്യക്തമാകുക.

അഫ്ഗാനിസ്ഥാൻ 23.9
ബംഗ്ലാദേശ് 26.2
പാകിസ്ഥാൻ 26.5
ശ്രീലങ്ക 26.2
ഇന്ത്യ 30.9

ഈ ചാർട്ട് നോക്കിയാൽ മനസിലാകും നേർക്കുനേർ പോരാട്ടത്തിൽ പ്രായക്കൂടുതൽ നമുക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്ന്. ട്വന്റി-20യ്ക്ക് ആക്രമിച്ചു കളിച്ച് മുന്നേറാൻ കായികക്ഷമതയുള്ള ചെറുപ്പക്കാരെയാണ് ആവശ്യം. ഇക്കാര്യത്തിൽ ആസ്‌ത്രേലിയ എത്ര മുന്നോട്ട് ചിന്തിച്ചിരിക്കുന്നു എന്ന് നോക്കാം. ഏകദിനത്തിനും ടെസ്റ്റ് മാച്ചിനും ട്വന്റി-20യ്ക്കും അവർ വെവ്വേറെ ടീം രൂപീകരിച്ചിട്ടുണ്ട്. കഴിവുറ്റ യുവതാരങ്ങളുള്ള ഇന്ത്യക്ക് എത്രയോ മുൻപ് തന്നെ ചെയ്യാൻ കഴിയുമായിരുന്ന കാര്യമാണിത്. കൂടുതൽ യുവതാരങ്ങൾക്ക് അവസരം നൽകാനും സാധിക്കുമായിരുന്നു.
മാറ്റങ്ങൾ ഉൾക്കൊള്ളാൻ വിമുഖതയുള്ള ഇന്ത്യൻ ജനതയുടെ പൊതുവേയുള്ള മനോഭാവം തന്നെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലും പ്രതിഫലിക്കുന്നത്. ഉദാഹരണത്തിന് അശ്വിൻ, ദിനേശ് കാർത്തിക്, കെ.എൽ രാഹുൽ, അക്ഷർ പട്ടേൽ എന്നിവരെ ഒന്നോ രണ്ടോ കളികളിൽനിന്ന് മാറ്റി പുതിയ രണ്ടുപേർക്ക് അവസരം നൽകാമായിരുന്നിട്ടും അതിന് മുതിർന്നില്ല. നമ്മൾ ടീമിൽ നാലോ അഞ്ചോ പേരെ അധികം ഉൾക്കൊള്ളിക്കുന്നത് ഇത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കാനാണ്. പക്ഷേ നമുക്ക് ടീം ജയിച്ചാലും തോറ്റാലും അതേ ടീമിനെത്തന്നെ വീണ്ടും വീണ്ടും പരീക്ഷിക്കണം. അശ്വിൻ, ദിനേശ് കാർത്തിക് എന്നിവരേക്കാൾ ഭേദമായവർ ടീമിൽ ഉണ്ടായിരുന്നിട്ടും സെമിയിൽ അവർക്കാർക്കും അവസരം നൽകിയില്ല. വലിയ അഴിച്ചുപണിയൊന്നും ഉണ്ടായില്ലെങ്കിലും നിരന്തരമായി ഫോമിൽ അല്ലാത്തവരെ മാറ്റി നിറുത്താനുള്ള ആർജ്ജവമെങ്കിലും ഉണ്ടാകണം. സഞ്ജു സാംസൺ, കുൽദീപ് യാദവ്, സിറാജ് എന്നീ കഴിവുറ്റ താരങ്ങൾക്ക് അവസരം കിട്ടുന്നില്ല.

റൈറ്റ് ആം ലെഗ് സ്പിന്നേഴ്സ്, അല്ലെങ്കിൽ ലെഫ്റ്റ് ആം ഓഫ് സ്പിന്നേഴ്സ് ബൗളർമാർ ഇല്ലാത്ത ടീം ഇന്ത്യ മാത്രമായിരുന്നു. എന്തുകൊണ്ട് മികച്ച സ്പിന്നർ ആയ ചഹൽ പ്‌ളേയിംഗ് ഇലവനിൽ ഉൾപ്പെട്ടില്ല? ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഇതിന് മറുപടി പറയേണ്ടതാണ്.

ഇനിയും സമയമുണ്ട്. രണ്ടുമാസം മുൻപ് ഏഷ്യാകപ്പിലും ഇപ്പോൾ ട്വന്റി -20യിലും പറ്റിയ പോരായ്മകൾ പരിഹരിക്കാവുന്നതേയുള്ളൂ. മുപ്പതിന് മുകളിലുള്ളവരെ മാറ്റിനിറുത്തി യുവാക്കൾക്ക് അവസരം നൽകാൻ ശ്രമിക്കണം. ഇതിന് ശ്രീലങ്ക ഇപ്പോൾ തുടങ്ങിവച്ചിരിക്കുന്ന രീതി മാതൃകയാക്കാം. ഇനി വരുന്ന ലോകകപ്പിൽ യുവാക്കളാകട്ടെ ഇന്ത്യൻ ടീമിന്റെ കരുത്ത്.

Advertisement
Advertisement