തൃശൂർ ഇനി ഇ- ഓഫീസ് ജില്ല

Wednesday 16 November 2022 12:53 AM IST

തൃശൂർ: റവന്യൂ വകുപ്പിലെ ഇസേവനങ്ങൾ കൈകാര്യം ചെയ്യുന്നതിന് പൊതുജനങ്ങളെ പ്രാപ്തരാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. 2023ഓടെ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ജനങ്ങളെ ഇ - സേവനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തൃശൂരിനെ ഇ- ഓഫീസ് ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ഇ - ഓഫീസ് ജില്ലയായി പ്രഖ്യാപിക്കുന്ന നാലാമത്തെ ജില്ലയാണ് തൃശൂർ. ഇ - സാക്ഷരതയിൽ വിപുലമായ മുന്നേറ്റം തുടരുന്നതോടെ സേവനങ്ങൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആകുന്ന ആദ്യ വകുപ്പായി റവന്യൂ വകുപ്പ് മാറുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

റവന്യൂ വകുപ്പിന്റെ ഇഓഫീസ് സംവിധാനത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് എം.പി ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. ജില്ലയെ ഇഓഫീസ് ആക്കുന്നതിന് പ്രയത്‌നിച്ച ഉദ്യോഗസ്ഥർക്കുള്ള പ്രശംസാപത്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് വിതരണം ചെയ്തു.

പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. കളക്ടർ ഹരിത വി. കുമാർ സ്വാഗതവും അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ് നന്ദിയും പറഞ്ഞു. ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ സി.ഡബ്ലിയു. ബർക്വിൻസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ്, സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, അസി. കളക്ടർ വി.എം. ജയകൃഷ്ണൻ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement