ഈ 'സേട്ടനാ' നമ്മൾ വൈദ്യുത ബില്ലടച്ചില്ല, രാത്രി 9.30ന് ഫ്യൂസൂരുമെന്ന് മെസേജ് അയച്ചിരുന്നത്, ഒടുവിൽ കേരള പൊലീസ് ജാർഖണ്ഡിൽ ചെന്ന് ഫ്യൂസൂരി

Wednesday 16 November 2022 3:04 PM IST

ആലപ്പുഴ : വൈദ്യുതി ബില്ലിൽ കുടിശികയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശിയെ കബളിപ്പിച്ച് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജാർഖണ്ഡ് സ്വദേശി പിടിയിലായി. ആലപ്പുഴ സൈബർ ക്രൈം പൊലീസ് സംഘം ജാർഖണ്ഡിൽ എത്തിയാണ് പ്രതി കിഷോർ മഹതോയെ പിടികൂടിയത്. ജാർഖണ്ഡിലെ വനമേഖലയിൽ താമസിക്കുന്ന ഇയാൾക്ക് വിവിധ സംസ്ഥാനങ്ങളിൽ ബാങ്ക് അക്കൗണ്ടുണ്ട്.

വൈദ്യുതി ബില്ലിൽ കുടിശിഖ അടയ്ക്കാൻ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ടായിരുന്നു ജാർഖണ്ഡ് സ്വദേശിയായ പ്രതി കിഷോർ മഹദോ ഓൺലൈൻ തട്ടിപ്പ് നടത്തിയത്. 24 മണിക്കൂറിനുള്ളിൽ വൈദ്യുതി ബന്ധം വിഛേദിക്കുമെന്നുമുള്ള സന്ദേശം ചെട്ടിക്കുളങ്ങര സ്വദേശിയുടെ വാട്സാപ്പിലേക്ക് ഇയാൾ അയച്ചു. കെ എസ് എ ഇ ബി ലോഗോയോടു കൂടിയ വ്യാജ ബില്ലും ഇതിനൊപ്പം അയച്ചു നൽകി. കുടിശിക തുക ജാർഖണ്ഡ് സ്വദേശി നൽകിയ നമ്പറിലേക്ക് ഉടൻ അയയ്ക്കാനായിരുന്നു നിർദേശം. കുടിശിഖ തുകയെന്ന് ബില്ലിൽ സൂചിപ്പിപ്പിച്ചിരുന്ന 625 രൂപ തട്ടിപ്പിനിരയായ ചെട്ടികുളങ്ങര സ്വദേശി തിരികെ അയച്ചു നൽകി.

പണം നൽകി പത്ത് മിനിട്ടുള്ളിൽ തട്ടിപ്പിനിരയായ ആളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തി ഒൻപതിനായിരം രൂപ നഷ്ടപ്പെട്ടു. അര മണിക്കൂറിനുള്ളിൽ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് ഈ തുക മാറ്റപ്പെട്ടത്. ആലപ്പുഴ സൈബർ ക്രൈം പോലീസ് സി ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ജാർഖണ്ഡിൽ എത്തിയാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. ആലപ്പുഴയിൽ എത്തിച്ച പ്രതിയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കേരള പൊലീസ് ഫേസ്ബക്ക് പോസ്റ്റിലൂടെ ഇത്തരം തട്ടിപ്പുകളെ കുറിച്ച് പലപ്രാവശ്യം മുന്നറിയിപ്പ് നൽകിയിരുന്നു.