പരിമിതികളിലും മുഴങ്ങുന്നു ശരണാരവം.

Thursday 17 November 2022 12:00 AM IST

കോട്ടയം: മണ്ഡലകാലത്തിന് തുടക്കം കുറിച്ച് ശരണം വിളികൾ ഉയർന്നു. ഇനി മകരവിളക്ക് വരെ എല്ലാ വഴികളും ശബരിമലയിലേക്ക് .

വൃശ്ചികമാസാരംഭം ഇന്നാണെങ്കിലും ഇന്നലെ മുതൽ റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും അന്യ സംസ്ഥാനത്തു നിന്നുള്ള അയ്യപ്പഭക്തരുടെ തിരക്കായി. റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന അയ്യപ്പന്മാരെ കൊണ്ടു പോകുന്നതിന് കെ.എസ്.ആർ.ടി..സി ആദ്യ ഘട്ടത്തിൽ 30 ബസുകൾ ഇറക്കിയിട്ടുണ്ട്. 50 ബസുകളാണ് കോട്ടയം ഡിപ്പോയ്ക്ക് അനുവദിച്ചിട്ടുള്ളത് . എരുമേലി ഡിപ്പോയിൽ നിന്ന് 15 ബസുകളാണ് പമ്പയ്ക്ക് സർവീസ് നടത്തുക. .

അന്യ സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ അയ്യപ്പന്മാർ എത്തുന്ന കോട്ടയം റെയിൽവേ സ്റ്റേഷനിൽ വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 200 പേർക്ക് വിശ്രമിക്കാവുന്ന പിൽഗ്രിം സെന്റർ പ്രവർത്തനമാരംഭിച്ചു. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഇതോടെ കൂടുതൽ സൗകര്യമായി. തിരക്കേറുന്നതോടെ കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ എത്തും. റെയിൽ വേ കാന്റീൻ തുറക്കാത്തതാണ് ഒരു പ്രശ്നം. മണ്ഡല സീസണ് മുമ്പ് പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രണ്ടാം കവാടവും തുറന്നിട്ടില്ല.

തിരുനക്കര, ഏറ്റുമാനൂർ, വൈക്കം മഹാദേവ ക്ഷേത്രങ്ങൾക്കു പുറമേ കടപ്പാട്ടൂരും പ്രധാന ഇടത്താവളമാണ്. ഏറ്റുമാനൂരിൽ നിന്ന് കടപ്പാട്ടൂരെത്തി മീനച്ചിലാറ്റിൽ കുളിച്ച് എരുമേലിക്ക് പോകാനുള്ള സൗകര്യം നിരവധി അയ്യപ്പഭക്തന്മാർ പ്രയോജനപ്പെടുത്തുന്നുണ്ട്. കോട്ടയം തിരുനക്കര ഷേത്ര മൈതാനത്ത് ശിവശക്തി ഓഡിറ്റോറിയത്തിൽ അയ്യപ്പന്മാർക്ക് വിരിവെക്കാനുള്ള സൗകര്യമുണ്ട്. കെട്ടു മുറുക്കാൻ പരികർമ്മികളുടെ സേവനവും ലഭിക്കും. 41 ദിവസത്തെ ചിറപ്പ് മഹോത്സവും ആരംഭിച്ചു .എല്ലാ ദിവസവും ദീപാരാധനക്കു ശേഷം അയ്യപ്പന്റെ നടയിൽ ഭക്തി ഗാനങ്ങൾ നിറഞ്ഞ ഭജനയും നടക്കും. അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി ചുക്കുവെള്ളവിതരണവും തുടങ്ങി. ക്ഷേത്ര മൈതാനിയിൽ നിന്ന് ഉപദേശകസമിതിയുടെ നേതൃത്വത്തിൽ പമ്പക്കുള്ള സർവീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇന്നലെ ഉദ്ഘാടനം ചെയ്തു.

പ്രധാന തീത്ഥാടന കേന്ദ്രമായ എരുമേലിയിൽ മതിയായ സൗകര്യങ്ങൾ ആയിട്ടില്ല. കുടിവെള്ള പ്രശ്നം രൂക്ഷമാണ്. തിരക്കേറുന്നതോടെ ക്ഷേത്രത്തോട് ചേർന്നുള്ള തോട്ടിലെ വെള്ളം മലിനമാകും. ഇതോടെ കുളി പ്രശ്നമാകും.

പമ്പയിലേക്കുള്ള പ്രധാന റോഡുകൾ പലതും തകർന്ന അവസ്ഥയിലാണ് . അറ്റകുറ്റപണി പൂർത്തിയായിട്ടില്ല. മഴയാണ് പ്രധാന തടസം. അത്യാവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പേരിൽ ഹോട്ടലുകൾ അമിത നിരക്ക് ഈടാക്കുകയാണെന്ന പരാതി തുടക്കത്തിലേ ഉയർന്നു. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മണ്ഡല സീസണിനായി കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചെങ്കിലും ആ വിലയ്ക്ക് ഹോട്ടലുകളിൽ ആഹാര സാധനങ്ങൾ കിട്ടില്ല.

Advertisement
Advertisement