എന്താണ് പ്രണയം? പ്രകൃതി വന്യജീവി ഫോട്ടോഗ്രാഫർ ബിജു കാരക്കോണം എഴുതുന്നു
രണ്ട് യഥാർത്ഥ ഹൃദയങ്ങളുടെ ഐക്യത്തെ ഒരു ആത്മാവിൽ പ്രതിഫലിപ്പിക്കുന്ന പ്രകൃതിയുടെ ഒരു മധുര സമ്മാനമായാണ് ഷേക്സ്പിയർ യഥാർത്ഥ സ്നേഹത്തെ വിശേഷിപ്പിക്കുന്നത്. വെല്ലുവിളികളാൽ സ്പർശിക്കപ്പെടാത്തതും എല്ലാ സാഹചര്യങ്ങളിലും ഒരു യഥാർത്ഥ വഴികാട്ടിയായി നിലകൊള്ളുമ്പോൾ ഏത് കൊടുങ്കാറ്റിനെയും ബുദ്ധിമുട്ടിനെയും അതിജീവിക്കാൻ കഴിയും. കാലത്തിന്റെ പകരം വീട്ടല്‍ കൊണ്ട് പോലും മാറ്റാൻകഴിയാത്തവിധം അത് ഉരുക്കിച്ചേർക്കപ്പെട്ടിരിക്കുന്നു.
യഥാർത്ഥ പ്രണയത്തിൽ പക എന്നൊരു വികാരം ഉണ്ടോ. വിട്ടുകൊടുക്കാൻ മനസ്സുള്ളവരാണ് പ്രണയത്തിൽ എപ്പോഴും വിജയിച്ചിട്ടുള്ളത്. പ്രണയം അവരുടെ മനസ്സിൽ എന്നും അതുപോലെ നിലനിൽക്കും. ഇന്ന് മനുഷ്യർ എന്തും വെട്ടിപ്പിടിക്കാൻ വേണ്ടി മാത്രം ജീവിക്കുന്നവരാണ്. കുടുംബത്തിലും, സമൂഹത്തിലും നിന്ന് അവർക്ക് കിട്ടുന്ന പാഠങ്ങളും എല്ലാം വെട്ടിപിടിച്ചു ഒന്നമനാകുന്നവൻ മാത്രമാണ്. ജീവിതത്തിൽ വിജയം നേടുകണ് എന്നത് പരീക്ഷകളിൽ ഒന്നാമനാകുന്നതും, ഏതെങ്കിലും മേഖലകളിൽ ഒന്നാമനാകുന്നതും മാത്രം ആയി പോകുന്നു.
ഇന്ന് ഒരുമിക്ക കുടുംബങ്ങളിലും പ്രണയം എന്നത് കുറച്ചുകാലങ്ങൾ കടന്നുപോയിക്കഴിയുമ്പോൾ വെറും ഒരു ശാരീരികമായ അഭിനിവേശം മാത്രമായി മാറുന്നു. ജീവിതം ഒരു മാരത്തോൺ ഓട്ടംപോലെ അവസാന ശ്വാസം നിലക്കുംവരെ നില്ക്കാൻ സമയമില്ലാതെ ഓടിക്കൊണ്ടേയിരിക്കുന്നു. മിക്കവരുടെയും ജീവിതത്തിന്റ ഒര ഒരു ലക്‌ഷ്യം പഠിച്ചു വലുതായി ജോലി സമ്പാദിക്കണം. അതുകഴിയുമ്പോൾ, കല്യാണം കഴിക്കണം, അതും കഴിയുമ്പോൾ, കുട്ടികളുണ്ടാകണം, പിന്നെ അവരെ പഠിപ്പിച്ചു വലുതാക്കി, അവരെ ജീവിതത്തിൽ നമ്മളെക്കാൾ ഉന്നതനിലയിലെത്തിച്, അവരുടെ കുടുംബവും ഒരു കരയിൽ ആടുത്താലും നമ്മുടെ ആഗ്രഹങ്ങൾ അവസാനിക്കില്ല. നമ്മുടെ ജീവിതത്തിലെ "ഒരേഒരു ലക്‌ഷ്യം" വീണ്ടു കാലങ്ങൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു. ഇതൊക്കെ കഴിഞ്ഞിട്ട് നാമെല്ലാം എന്നാണ് പ്രണയിക്കുന്നത്. നാം പ്രണയിക്കാൻ മക്കളെ പഠിപ്പിക്കുന്നില്ല. വെറുക്കാൻ ആണ് എപ്പോഴും പഠിപ്പിക്കുന്നത്, നമ്മുടെ പ്രവർത്തികളുടെ. എന്താണ് സ്നേഹം, കരുതൽ, എന്നൊക്കെ വീട്ടിൽ നിന്ന് പഠിച്ചു തുടങ്ങണം. അത് പഠിപ്പിക്കേണ്ടത് മാതാ പിതാക്കൾ ആണ്. കാരണം കുട്ടികൾ എല്ലാവരും അവരുടെ മുന്നിൽ കാണുന്നത് ആണ് അനുകരിച്ച് ശീലിക്കുന്നത്, പഠിക്കുന്നത്. പ്രണയം എന്നാൽ ശാരീരികമായ അടുപ്പം മാത്രമാണെന്ന് എന്നതാണ് ഇന്ന് പൊതുവായുള്ള ധാരണ. കുട്ടികൾ യഥാർത്ഥ പ്രണയം കണ്ട് പഠിക്കാൻ കുടുംബത്തിൽ പോലും അവസരമില്ല. അച്ഛനും അമ്മയും തമ്മിലുള്ള പ്രണയം എന്നാൽ അടച്ചിട്ട മുറിയിൽ നടക്കുന്ന എന്തൊക്കയോ മാത്രമാണ് എന്ന ചിന്തയിൽ നിന്നാണ് ഇന്നത്തെ രൂപത്തിലുള്ള പ്രണയത്തിലേക്ക് അടുത്ത തലമുറ എത്തിച്ചേരുന്നത്.
സ്വന്തം മക്കൾ കാൺകെ പങ്കാളിയെ സ്നേഹത്തോടെ ,വാത്സല്യത്തോടെ, കെട്ടിപ്പിടിക്കാൻ, ചുംബിക്കാൻ, എല്ലാവരും കൂടി ഒന്നിച്ചിരിക്കുമ്പോൾ പങ്കാളിയെ മടിയിൽ കിടത്തി ഒന്ന് സ്നേഹത്തോടെ തലോടാൻ ഇന്ന് നമ്മുടെ നാട്ടിൽ ഏതു മാതാപിതാക്കൾക്ക് സാധിക്കും. ഇവയൊക്കെ അല്ലേ യഥാർത്ഥ സ്നേഹ പ്രകടനങ്ങൾ. ആരും കാണാത്ത ചെയ്യുന്നത് വെറും പ്രകടനങ്ങൾ മാത്രമാണ്. സ്നേഹം മനസ്സിൽ ഉള്ളിൽനിന്നാണ് വരുന്നതെങ്കിൽ അതിൽ കള്ളത്തരം ഇല്ല. മക്കൾ യഥാർത്ഥ സ്നേഹം എന്തെന്ന് മനസിലാക്കി തുടങ്ങേണ്ടത് അവരുടെ വീട്ടിൽനിന്നും തന്നെയാണ്. ഇത് പറയുമ്പോൾ എന്നൽ പിന്നെ ബാക്കി കൂടി മക്കളുടെ മുന്നിൽ ആയിക്കോട്ടെ എന്ന ചോദ്യം ചോദിക്കാൻ മനസ്സിൽ തോന്നിയെങ്കിൽ നിങ്ങളുടെ മനസ്സിലും പ്രണയം അല്ലെങ്കിൽ സ്നേഹം വെറും ശാരീരികമായ അടുപ്പം മാത്രം.
ജീവിതത്തിൽ നോ എന്ന് ധൈര്യമായി പറയാൻ കുട്ടികളെ പഠിപ്പിക്കണം. ആണായാലും പെണ്ണായാലും. നോ എന്നതിന് നോ എന്നാണ് അർഥമെന്നും അവിടെ സ്വന്തം അസ്തിത്വം നഷ്ടപെട്ടു വീണ്ടും പിടിച്ചു തൂങ്ങാൻ പോകരുതെന്നും എന്നാണ് മനുഷ്യർ മനസ്സിലാക്കുന്നത്. പ്രണയിക്കുമ്പോൾ, എല്ലാവരും പങ്കാളിയുടെ പോസിറ്റീവ് മാത്രമെ കാണാൻ ശ്രമിക്കു. നെഗറ്റീവ് ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ തന്നെ അതിലെ പോസിറ്റീവ് കണ്ടത്തൊൻ ആണ് ശ്രമിക്കുന്നത്. എന്നൽ വെറുക്കാൻ തുടങ്ങിയാൽ പിന്നെ കാഴ്ചയിൽ കാണുന്നത് എല്ലാം അയാളുടെ നെഗറ്റീവ് മാത്രം.
എല്ലാം മനുഷ്യൻ്റെ സ്വാർഥതയുടെ പ്രതീകങ്ങൾ ആണ്. തനിക്ക് കിട്ടാത്തത് മറ്റുള്ളവർക്ക് കിട്ടരുത്, തനിക്ക് നഷ്ടപ്പെടാൻ സാധ്യത ഉണ്ടെങ്കിൽ അതിനെ അവസാനിപ്പിക്കുക, കഴുത്തറുത്ത് കൊല്ലുക, മുഖത്ത് ആസിഡ് ഒഴിക്കുക എന്നിങ്ങനെ പകയേ എങ്ങെനെ ഒക്കെ പൈശാചികമാക്കാം എന്ന് ഇപ്പൊ ഓരോ കമിതാക്കളും റിസേർച്ചിലാണെന്നു തോന്നുന്നു.
അടുത്തകാലത്തായി കുറെ പ്രണയപകയുടെ പേരിലുള്ള കൊലപാതകങ്ങൾ കൂട്ടികൊണ്ടു വരുന്നു . ഒരു പക്ഷെ കുറച്ചു ആഴ്ചകൾക്കു മുൻപ് ഒരു പെൺകുട്ടിയെ അതിക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തിയ കൊലയെകാൾ അതി ക്രൂരമാണ് പാറശാലയിലെ യുവാവിനെ വിഷം നൽകി കൊലപെടുലുത്തിയ സംഭവം. ആദ്യത്തെ കൊലപാതകം നടക്കുമ്പോൾ കൊലചെയ്യപ്പെട്ട വ്യക്തി താൻ വെറുക്കപെട്ടതായി മനസിലാക്കിയാണ് മരണത്തിലേക്ക് കീഴടങ്ങിയത് എങ്കിൽ ഇത് അതിലും ക്രൂരമാണ്. സ്നേഹത്തോടെ തരുന്നത് എന്ന് മരണം വരെ വിശ്വസിച്ച് വിഷം എന്നറിയാതെ വാങ്ങി കുടിച്ചു മരണത്തിലേക്ക് കീഴടങ്ങുന്ന സമയത്തും ആ യുവാവ് സ്വന്തം ജീവനേക്കാൾ സ്നേഹിച്ച ആപെൺകുട്ടിയെ അവിശ്വസിച്ചില്ല. മരണ മോഴിയിൽ പോലും അവൾ പാവമാണ് അവളങ്ങനെ ചെയ്യില്ല എന്ന് പറഞ്ഞ ആ ചെറുപ്പക്കാരൻ്റെ സ്നേഹമായിരുന്നു ഈ ലോകത്ത് അവൾക്ക് നഷ്ടപെട്ട ഏറ്റവും വിലമതിക്കാനാവാത്ത സ്നേഹം.
ഈസംഭവം നടന്നു ഒരാഴ്ച പിന്നിടുമ്പോൾ അതിർത്തിഗ്രാമത്തിലെ തമിഴ്‌നാട്ടിലെ ഒരു പെൺകുട്ടിയും ഇതേഅവസ്ഥയിൽ വിഷം ഉള്ളില്ചെന്നു മരണം സംഭവിച്ചു. ഇതിലെ വില്ലൻ കാമുകനെന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വെളിപ്പെടുത്തലുകൾ നടത്തിയെങ്കിലും കൂടുതൽ മാദ്ധ്യമ ശ്രദ്ധ പെൺകുട്ടി നടത്തിയ കൊലയുടെ പുറകെ ആയിരുന്നു.
മനുഷ്യരുടെ മനസ് മനസിലാക്കൻ ആർക്കും തന്നെ കഴിയാത്ത ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന് നാമെല്ലാം കടന്നുപോകുന്നത്. നേരിട്ട് നോ പറയുന്നവരെ നാമെല്ലാം വെറുക്കുന്നു അവരോടു പക ഉള്ളിലൊളിപ്പിച്ചു നടക്കുന്നു , പകയോടെ പെരുമാറുന്നു. സ്നേഹത്തോടെ വിഷം നൽകുന്നവരെ മരണംവരെ അവിശ്വസിക്കുന്നുമില്ല.
പാശ്ചാത്യരുടെ പ്രണയത്തെയും വൈവാഹിക ബദ്ധത്തെയും പുച്ഛത്തോടെ കാണുന്ന നാം അവരുടെ ഉള്ളിലുള്ള മൂല്യബോധത്തെ മനസിലാക്കാൻ ശ്രമിക്കുന്നില്ല. അവിടെയും ഇവിടെയുള്ളതുപോലുള്ള എല്ലാ പ്രണയവും , കലഹങ്ങളും, ഈഗോ പ്രശ്നങ്ങളും എല്ലാം ഉണ്ട്. അത് രണ്ടു വ്യത്യസ്ത മനുഷ്യരാർ ആകുമ്പോൾ രണ്ടുപേരുടെയും ചിന്തകളും കാഴ്ചപ്പാടുകളും എല്ലാം തന്നെ വ്യത്യസ്തമായിരിക്കും. അത് കേരളത്തിൽ ആയാലും അങ്ങ് അമേരിക്കയിൽ ആയാലും. അവർ ഒരാൾക്ക് ഒരാളോട് ഇഷ്ടം തോന്നിയാൽ തുറന്നു സംസാരിക്കുന്നു പരസ്പരം ഇഷ്ടപെട്ടാൽ ഒരുമിച്ചു ജീവിക്കുന്നു. ചിലർ കല്യാണം എന്ന ഒരു ഉടമ്പടിയിലേക്ക് എത്തിച്ചേരുന്നു മറ്റുചിലർ ലിവിങ് ടുഗതർ എന്ന സങ്കല്പത്തിൽ ജീവിക്കുന്നു. ജീവിതത്തിൽ പരസ്പരം ഒന്നിച്ചുപോകാൻ ബുദ്ധിമുട്ടുകള് അനുഭവപെട്ടു തുടങ്ങിയാൽ പരസ്പരം സംസാരിച്ചു പിരിയാനും അവരവരുടെ താല്പര്യത്തിനു ജീവിക്കാനും തീരുമാനമെടുക്കുന്നു. കാരണം അവർ ഇരുവരും സ്വതന്ത്രരായ രണ്ടു വ്യക്തികളാണെന്നുള്ള ചിന്ത അവരുടെ കുട്ടികാലം മുതലേ അവരുടെ കുടുംബജീവിതത്തിലെ മാതൃകകളിലൂടെ, സമൂഹത്തിലെ കാഴ്ചകളിലൂടെ, അവരുടെ വിദ്യാഭ്യാസമടക്കമുള്ള മാധ്യമങ്ങളിലൂടെ മനസിലാക്കി കഴിഞ്ഞിരുന്നു. ഇവിടെ നമ്മൾ ജീവിതത്തിൽ ഉപയോഗമുള്ള ഒരു കാര്യവും പരമ്പരാഗതമായ വിദ്യാഭ്യാസ സമ്പർദായത്തിലൂടെ അടുത്തതലമുറക്ക് പഠിപ്പിച്ചു കൊടുക്കുന്നില്ല. പല സാമൂഹിക സംഘടനകളും, ചില സ്കൂളുകൾ എങ്കിലും വ്യക്തിത്വ വികസന പരിസീല്ന ക്യാമ്പുകൾ നടത്താറുണ്ട്. പക്ഷെ നല്ല ഒരു ശതമാനം രക്ഷകർത്താക്കളും കുട്ടികളെ ഇത്തരം ക്യാമ്പുകളിൽ പങ്കെടുപ്പിക്കാൻ താല്പര്യം കാണിക്കുന്നില്ല. ആ ദിവസം കൂടി കുട്ടികൾക്ക് സ്പെഷ്യൽ ട്യൂഷനുവേണ്ടിയോ, അല്ലെങ്കിൽ കുട്ടികൾക്ക് പരീക്ഷയിൽ ഗ്രേസ് മാർക്കു കിട്ടാൻ എന്തെങ്കിലും കലാപരിപാടികളുടെ പരിശീലനത്തിനോ വേണ്ടി മാറ്റിവെക്കാൻ ശ്രമിക്കുന്നു.
പ്രണയം എന്നത് രണ്ട് വ്യക്തികൾക്കിടയിൽ വളർത്തിയെടുക്കുകയും കാലക്രമേണ അവനെ അല്ലെങ്കിൽ അവളെ അറിയുകയും ജീവിതത്തിലെ പല ഉയർച്ച താഴ്ചകളും ഒരുമിച്ച് അനുഭവിക്കുകയും ചെയ്യുന്ന ഒന്നാണ്. പ്രതിബദ്ധത, സമയം, പരസ്പര വിശ്വാസം, സ്വീകാര്യത എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൂർണ്ണമായി തുറന്ന് നിങ്ങളുടെ വികാരങ്ങളും, സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ഇഷ്ടങ്ങളും അനിഷ്ടങ്ങളും, സങ്കല്പങ്ങളും എല്ലാം പങ്കാളികളുമായി പങ്കുവെക്കുക, അതാണ് ആരോഗ്യകരമായ ഒരു ബന്ധത്തെ രൂപപ്പെടുത്തുന്നത്. പക്ഷേ, അത് പരസ്പര ബഹുമാനത്തോടെ ഉള്ളതായിരിക്കണം. ബന്ധത്തിന്റെ ഇരുവശത്തും ഏതെങ്കിലും ഒരു പ്രത്യേക മേഖലയിൽ കുറവുകൾ ഉണ്ടാകുമ്പോൾ, ബന്ധങ്ങൾ അനുയോജ്യമല്ലാത്തതും അനാരോഗ്യകരവുമായി മാറാൻ തുടങ്ങുന്നു.
ഇന്ന് പ്രധാനമായി കുടുംബബന്ധങ്ങൾ തകരാറിലായി തീരുന്നതിനു പ്രധാനമായ കാരണം പരസ്പരമുള്ള ആശയവിനിമയതിലുള്ള ആത്മാർത്ഥതക്കുറവും, പരസ്പരം മാനസിലാക്കിയുള്ള പെരുമാറ്റകുറവുമാണ്. പലരും കുടുംബബന്ധങ്ങൾക്കും, പ്രണയ ബന്ധങ്ങൾക്കും തകരാൻ കാരണം സെക്സ് ആണെന്ന് പറയുന്നണ്ടെങ്കിലും. അടിസ്ഥാനപരമായി പങ്കാളികളെ മാനസിലാക്കിയുള്ള പെരുമാറ്റക്കുറവും പരസ്പരം മുഖത്തോടു മുഖം നോക്കിയുള്ള സംസാരം ഇല്ലാതാകുന്നതുമാണ്. ടെക്നോളജിയുടെ വളർച്ച ഇന്ന് ഒരേ റൂമിൽ തങ്ങുന്ന പങ്കാളികൾ തമ്മിലുള്ള ആശയവിനിമയം വാട്സപ്പിലും മറ്റു മീഡിയയിലും കൂടി ആയി മാറുന്നു. ഇന്ന് പല ഫാമിലിയിലും ഒരുമിച്ചു ഒരു വീട്ടിൽ ജീവിക്കുന്നില്ല തങ്ങുക മാത്രമാണ് ചെയ്യുന്നത്.
സമൂഹത്തിൽ ഓരോ മനുഷ്യനും എത്തിച്ചേരുന്നത് ഏതു രൂപത്തിൽ ആയിരിക്കും എന്നതിന് മാതാപിതാക്കളോടൊപ്പം അല്ലെങ്കിൽ അതിൽ കൂടുതൽ അധ്യാപകർക്കും പങ്കുണ്ട്. ഒരു മനുഷ്യൻ്റെ സ്വഭാവം രൂപീകരിക്കുന്നത് വിദ്യാലയങ്ങളിൽ ആണ്. അവിടെ ഉണ്ടാകുന്ന ഇടപെടലുകൾ ആണ് നാളെ അവൻ ആരായി തീരുമെന്ന് തീരുമാനിക്കുന്നത്. നമ്മുടെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം എവിടെയും ഒന്നാമനായി ജീവിതത്തിൽ സമ്പത്ത് നേടുവാൻ മാത്രമായി മാറുന്നു. അത് തന്നെയാണ് ഇന്ന് സമൂഹത്തിലെ എല്ലാ മൂല്യച്യുതിയുടേയും അടിസ്ഥാന കാരണം. സ്നേഹത്തോടെ കളിച്ചു പഠിച്ചു വളരേണ്ട കലാലയ അങ്കണ്ണങ്ങൾ കലാപഭൂമി ആക്കി തീർക്കുന്നത് ഇവിടത്തെ രാഷ്ട്രീയ മത സംഘടനകളാണ്. അവർക്ക് അവരുടെ നിലനിൽപ്പിന് കുറേ ചാവേറുകളെ ആവശ്യമുണ്ട്. മദ്യവും മയക്കുമരുന്നും എല്ലാം പ്രോത്സാഹിപ്പിക്കാൻ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഇവരുടെ രഹസ്യമായ ഇടപെടലുകൾ ഉണ്ടാകുന്നു. സ്നേഹവും, പ്രണയവും, സൗഹൃദങ്ങളും, പരസ്പര സഹകരണങ്ങളും എല്ലാം, കാമത്തിനും, കച്ചവടത്തിനും, സ്വാർഥതക്കും വഴിമാറി. നമുടെ വിലനിലങ്ങളായ സരസ്വതീഷേത്രങ്ങൾ ഇന്ന് പകയുടെ, ചതിയുടെ. കൊലപാതക രാഷ്ട്രീയത്തിൻ്റെ വിളഭുമി ആയി മാറി.
നിങ്ങളുടേതിന് മുകളിൽ മറ്റൊരാളുടെ ക്ഷേമത്തിനോ സന്തോഷത്തിനോ മുൻഗണന നൽകാനുള്ള സന്നദ്ധത. ആകർഷണത്തിന്റെയും ബഹുമാനത്തിന്റെയും നാടകീയത , പെട്ടെന്നുള്ള വികാരങ്ങൾ. ബന്ധങ്ങളുടെ ഇഴുകിച്ചേരൽ , വാത്സല്യത്തിന്റെയും ഇഷ്ടത്തിന്റെയും ക്ഷണികമായ വികാരം എന്നീ വികാരങ്ങളുടെ സംയോജനം പ്രണയത്തിൽ അതീവ തിവ്രതയിൽ അനുഭവപ്പെടുന്നു. ഇതിൽ പലതിന്റെയും തീവ്രതയോ, അതിപ്രഭാവമോ ഒരാളിന് അരോചകമാകുമ്പോൾ, അയാളുടെ വ്യക്തിത്വത്തിന് മുറിവേല്പിക്കുമ്പോൾ ബന്ധങ്ങൾക്കിടയിൽ അസ്വാരസ്യങ്ങളുടെ പരമ്പരകളുടെ തുടക്കമാകുന്നു.
ഒരാളുമായുള്ള ആരോഗ്യകരമായ ബന്ധത്തിലെ വിജയത്തിന്റെ താക്കോൽ യഥാർത്ഥത്തിൽ പങ്കാളിയെ മനസിലാക്കുക എന്നതാണ്. സ്വന്തമായിക്കഴിഞ്ഞാൽ എല്ലാവരും ഒരു പരിധിവരെ അത് മറക്കുന്നു. പിന്നെ പങ്കാളി എന്നതിനും അപ്പുറം ആവ്യക്തി നമ്മുടെ സ്വന്തം പ്രോപ്പർട്ടി ആണെന്നുന്ന ഒരു തോന്നൽ മനസിലേക്ക് പതിയെ കടന്നുവരുന്നു. നമ്മുടെ ഇഷ്ടങ്ങൾ എല്ലാം അയാളുടെ ഇഷ്ടങ്ങൾ ആകണമെന്ന് നമ്മൾ ആഗ്രഹിക്കുമ്പോൾ അവരുടെ ഇഷ്ടങ്ങളെ ഒരുപരിധിവരെ അവഗണിക്കാനും ശ്രമിക്കുന്നു. അതോടെ ബന്ധങ്ങൾ പലപ്പോഴും പലർക്കും ഒരു ബാധ്യത ആയി മാറുന്നു. ജീവിതം ജീവിച്ചു തീർക്കുന്നതിനു ശ്രമിക്കാതെ ജീവിതം അഡ്ജസ്റ്മെന്റികളിലൂടെ തള്ളിനീക്കുന്നു. അതാണ് സമൂഹവും കുടുംബവും നമ്മളെ പഠിപ്പിക്കുന്നതും. കുടുംബമൊക്കെ ആയി ഇനി നീ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണം. ആണിന് ആയാലും പെണ്ണിന് ആയാലും വിവാഹദിവസം തന്നെ നാം കൊടുക്കുന്ന ഉപദേശം ആണ് അത്.
അഡ്ജസ്റ്മെന്റ് എന്നത് ഒരു തീക്കനലുകൾക്കു മുകളിൽ വിരിച്ചിരിക്കുന്ന ഒരു കടലാസ് പോലെയാണ്. എപ്പോൾ വേണമെങ്കിലും അടിയിലെ കനലാളികത്തി കടലാസിന് തീപിടിക്കാം. കുടുംബ ജീവിതം അഡ്ജസ്റ്മെന്റുകൾക്കു പകരം അണ്ടർസ്റ്റാന്റിങിലൂടെ ആകണം പൂർത്തീകരിക്കേണ്ടത്. അവിടെയാണ് പ്രണയവും സ്നേഹവും എല്ലാം എന്നും നിലനിൽക്കൂ. അല്ലായെങ്കിൽ ജീവിതം വെറുതെ അവസാനം വരെ പരസ്പരം അഭിനയിച്ചു തീർക്കുന്ന ഒരു നാടകമായി അവശേഷിക്കും. പങ്കാളികളുടെ സ്നേഹം നമുക്ക് കിട്ടുന്നില്ലായെന്നു പരാതി മനസ്സിൽ തോന്നിത്തുടങ്ങുമ്പോൾ നാം സ്വയം ചിന്തിച്ചു തുടങ്ങണം അതിനുള്ള അർഹത എനിക്ക് നഷ്ടപ്പെട്ട് തുടങ്ങിയോ എന്ന്. പ്രണയം എപ്പോഴുണ് കൊടുക്കുവാനുള്ളതാണ് കിട്ടാൻ വേണ്ടി പ്രതീക്ഷിക്കേണ്ടതല്ല. ആഗ്രഹങ്ങൾക്കും അപ്പുറം പ്രതീക്ഷകൾ വളരുമ്പോഴാണ് നിരാശകളും കൂടെ വളരുന്നത്. കൊടുക്കുന്നതിൽ മാത്രം ശ്രദ്ധിക്കുമ്പോൾ കിട്ടുന്നതിന് മധുരം കൂടും. അളന്നുതൂകി കൊടുക്കൽ വാങ്ങലുകളുടെ കണക്കെടുക്കുമ്പോൾ മാത്രമാണ് നഷ്ടം എന്നുള്ള തോന്നലുകൾ മനസ്സിൽ ഉണ്ടാകുത്. പരസ്പരം മനസിലാക്കി ജീവിക്കാൻ കഴിഞ്ഞാൽ ഒരാൾക്ക് അനുഭവിക്കാൻ കഴിയുന്ന ഏറ്റവും വലിയ വികാരമായിരിക്കും പ്രണയം.
ജീവിതം ഒരു ട്രെയിൻ പോലെ ആണെന്ന് എവിടെയോ കേട്ടിട്ടുണ്ട്. നാം കണ്ടുമുട്ടുന്നവർ അതിലെ യാത്രക്കാരും. ചിലർ തുടക്കം മുതൽ അവസാനം വരെ നമ്മുടെ കൂടെ ഉണ്ടാകും. പലരും ജീവിതയാത്രയിൽ പല പല സ്ഥലങ്ങളിൽ നിന്നും ഇടക്ക് ഇപ്പോഴോ കയറുന്നു ഇടക്ക് ഇപ്പോഴോ ഇറങ്ങി പോകുന്നു. എന്നാലും ട്രെയിനിനു ലക്ഷ്യസ്ഥാനം വരെ യാത്ര പൂർത്തിയാക്കണം. ഇടക്ക് എല്ലാ യാത്രക്കാരും ഇറങ്ങിയെന്നുവച്ച് എൻജിൻ ഡ്രൈവർ യാത്ര മതിയാക്കാറില്ല. ചിലപ്പോൾ നമ്മുടെ വണ്ടിയേയും പ്രതീക്ഷിച്ചു ആരെങ്കിലും വഴിയിൽ കാത്തു നിൽക്കുന്നു എങ്കിലോ. പകുതി വഴിയിൽ യാത്ര അവസാനിപ്പിക്കുന്നത് മൂഢതരം ആണ്. ജീവിതത്തിൽ കൊലയാളി ആകാൻ ഒരു നിമിഷം മതി , പോരാളി ആകാൻ കാലങ്ങൾ വേണം. നൈമിഷികമായ ചില തോന്നലുകൾക്ക് അടിപെട്ട് പോരാട്ടം വഴിയിൽ ഉപേക്ഷിക്കുന്നത് ഭീരുക്കൾ ആണ്.
പദ്മരാജൻ്റെ വാക്കുകൾ കടമെടുത്താൽ "നിന്നെ ഞാൻ പ്രണയിക്കുന്നു എന്നതിനേക്കാൾ നിന്നെ ഞാൻ പ്രണയിച്ചിരുന്നു എന്ന് പറയാനാണ് എനിക്ക് ഇഷ്ടം. വർഷങ്ങൾക്കു ശേഷം നീ അത് കേൾക്കുമ്പോൾ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്ക് അത് മതി."
ജീവിതം ഒന്നേ ഉള്ളൂ അത് പ്രണയിച്ചു തന്നെ തീർക്കണം. ആദ്യം പ്രണയം തന്നോടുതന്നെ തോന്നണം. എങ്കിൽ മാത്രമേ ജീവിക്കാൻ ഒരു ത്രിൽ ഉണ്ടാകൂ. പ്രണയിക്കാൻ വേറെ ഒരാളുടെ സമ്മതമോ, രൂപമോ തന്നെ ആവശ്യമില്ല. പ്രണയം എന്തിനോടും ആകാം. പ്രകൃതിയോടും, മനുഷ്യരോടും മൃഗങ്ങളോട്, കാടിനോട്, പുഴകളോട്, കടലിനോട്, പുസ്തകങ്ങളോട്, പാട്ടിനോട്, എഴുതിനോട്, ഡാൻസിനോട്, അങ്ങനെ അങ്ങനെ എന്തിനോടും, അതിനും അപ്പുറം സ്വന്തം ജീവിതത്തോട്. നാം നമ്മെ പ്രണയിച്ചു തുടങ്ങിയാൽ പിന്നെ നമുക്ക് മറ്റാരെയും വെറുക്കാൻ സാധിക്കുകയില്ല. കാരണം അവരെല്ലാം നമുക്കു പ്രിയപെട്ടവർ അണ് എങ്കിലും നമുക്ക് ഏറ്റവും പ്രിയം നമ്മോട് തന്നെ. അപ്പോ പിന്നെ മറ്റുള്ളവരോട് പ്രതികാരം ചെയ്ത്, അവരെ വെറുത്ത്, അവരോട് മല്ലടിച്ച് നമ്മുടെ ജീവിതം നശിപ്പിക്കാൻ നാം ഒരിക്കലും ശ്രമിക്കുക ഇല്ല. എന്താണ് നമുക്ക് നമ്മളെ ദ്രോഹിച്ചവരോട്, നമ്മളെ വേറുക്കുന്നവരോട് ചെയ്യാൻ പറ്റിയ ഏറ്റവും വലിയ പ്രതികാരം. അവർ ജീവിതകാലം മുഴുവൻ നമ്മളെ ഓർത്ത് നടക്കാനുള്ള പ്രതികാരം. അത് അവരുടെ മുന്നിൽ ഏറ്റവും സന്തോഷമായി ജീവിച്ചു കാണിക്കുക എന്നത് മാത്രമാണ്. നമ്മളെ തകർക്കാൻ, വിഷമിപ്പിക്കാൻ അവർ ശ്രമിക്കുമ്പോൾ അവരുടെ മുന്നിൽ നാം കൂടുതൽ സന്തോഷത്തോടെ ജീവിക്കുന്നു എന്നു കാണുന്നതിനേക്കാൾ വലിയൊരു നൊമ്പരം അവരുടെ ജീവിതത്തിൽ ഉണ്ടാകില്ല. പിന്നീട് അവരെ കാണുമ്പോൾ ഹൃദ്ധയത്തിൽ നിന്നും ഒരു പുഞ്ചിരി നൽകി നോക്കൂ ഇതിലും വലിയൊരു പ്രതികാരം അവരോട് ചെയ്യാൻ വേറെ ഉണ്ടോ.
പ്രതികാരം എന്നാൽ ഒരാൾ ചെയ്ത പ്രവർത്തിക്കു പകരം ചെയ്യുന്നത് ആണ് പകരം ചെയ്യുന്നത് നമ്മൾ പ്രണയിക്കുന്നവരോട് ആകുമ്പോൾ മധുര പ്രതികാരം ആകണം. ഇവിടെ മനസിൽ പകയില്ല നിറയുന്നത് നമ്മളോടുള്ള പ്രണയമാണ്. അവിടെ നമ്മൾക്ക് സമൂഹത്തിന്റെ മുന്നിൽ തോറ്റു തലകുനിച്ചു നടക്കേണ്ട ഇടയുണ്ടാകുന്നില്ല. ജീവിതത്തെ പ്രണയിക്കു എന്നും എപ്പോഴും ആത്മാർഥതയോടെ.