ജനമൈത്രി, പക്ഷേ ഇടിച്ച് കൊല്ലും

Thursday 17 November 2022 12:00 AM IST

101ഏത്തം, 50 തവളച്ചാട്ടം, 50 പുഷ് അപ്, മുട്ടുവളയാതെ 50വട്ടം കൈ നിലത്തു കുത്തൽ... ഒരു ജിമ്മിലെ വ്യായാമമുറകളല്ല ഇതൊന്നും. തലസ്ഥാനത്ത് തിരുവല്ലം സ്റ്റേഷനിൽ കസ്റ്റഡിയിലുള്ളവരെ തല്ലിച്ചതച്ചശേഷം ജീവൻ പോവാതിരിക്കാൻ ചെയ്യിപ്പിക്കുന്ന പ്രത്യേക 'മുറ'കളാണ് . മൂന്നാംമുറ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്നതിനിടെ, തിരുവല്ലം സ്റ്റേഷനിൽ അടുത്തിടെ സുരേഷ് എന്ന 40കാരൻ പൊലീസിന്റെ ഭേദ്യമുറകൾക്ക് വിധേയനായി കൊല്ലപ്പെട്ടു. സുരേഷ് നേരിട്ട കൊടിയ മർദ്ദനങ്ങളെക്കുറിച്ച് ഒപ്പം കസ്റ്റഡിയിലുണ്ടായിരുന്നവരുടെ വെളിപ്പെടുത്തൽ കേട്ടാലറിയാം പൊലീസിലെ ക്രിമിനലുകളുടെ ക്രൂരത. കസ്റ്റഡിയിൽ പ്രതിയെ ഇടിച്ചുകൊന്ന ഏമാന്മാർ സസ്പെൻഷനിലായി സി.ബി.ഐ അന്വേഷണം നേരിടുകയാണ് ഇപ്പോൾ.

സദാചാര പൊലീസ് ചമഞ്ഞെന്ന കേസിലാണ് സുരേഷിനെയും മറ്റ് നാലുപേരെയും പൊലീസ് പിടികൂടിയത്. പിടിച്ചപ്പോൾത്തന്നെ അടിതുടങ്ങി. സുരേഷിനെ കാലിൽ അടിച്ച് ജീപ്പിലേക്ക് എടുത്തെറിഞ്ഞു. സ്റ്റേഷന് മുന്നിലിട്ടും അകത്തിട്ടും ക്രൂരമായി മർദ്ദിച്ചു. ലോക്കപ്പിൽ കുനിച്ച് നിറുത്തി മുതുകിൽ ഇടിച്ചു, ബൂട്ടിട്ട് ചവിട്ടി. സി.ഐ സുരേഷ് വി.നായർ, ഗ്രേഡ് എസ്.ഐ സജീവ്, രണ്ട് ഹോംഗാർഡുകൾ എന്നിവരായിരുന്നു മർദ്ദിച്ചത്. പിറ്റേന്ന് രാവിലെ സി.ഐ എത്തിയാണ് വ്യായാമമുറകൾ ചെയ്യിപ്പിച്ചത്. വ്യായാമത്തിനു ശേഷം ചാടിക്കൊണ്ട് 50വട്ടം ഇൻക്വിലാബ് സിന്ദാബാദ് മുദ്രാവാക്യം വിളിപ്പിച്ചു. തളർന്നു വീണവരെ ലാത്തിക്ക് കുത്തിപ്പൊക്കി വീണ്ടും വ്യായാമമുറകൾ ചെയ്യിപ്പിച്ചശേഷം സെല്ലിൽ അടച്ചു. മർദ്ദനമേറ്റ സുരേഷ് മൂന്നുവട്ടം ഛർദ്ദിക്കുകയും ശ്വാസമെടുക്കാൻ പ്രയാസപ്പെടുകയും നെഞ്ചുവേദനയെടുത്ത് പുളയുകയും ചെയ്തിട്ടും പൊലീസ് അനങ്ങിയില്ല. സി.ഐയുടെ ജീപ്പ് സ്റ്റേഷനിലുണ്ടായിരുന്നിട്ടും ആശുപത്രിയിലെത്തിച്ചില്ല. ഏറെക്കഴിഞ്ഞ് മറ്റൊരു സ്വകാര്യ വാഹനമെത്തിച്ച് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും സുരേഷ് മരിച്ചിരുന്നു.

പ്രതി മരിച്ചതോടെ സി.ഐ അടവുമാറ്റി. കൂട്ടുപ്രതികളുടെ മൊഴിമാറ്റിച്ച് എഴുതിയെടുത്തു. കള്ളമൊഴി വീഡിയോയിൽ റെക്കാർഡ് ചെയ്തു. കള്ളക്കേസുകളിൽ കുടുക്കുമെന്നും കസ്റ്റഡിയിൽ വാങ്ങി മർദ്ദിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് മൊഴിമാറ്റിച്ചത്. ഭീഷണിക്കുശേഷം അടുത്ത അടവ് കാലുപിടുത്തം. എത്ര ചെലവായാലും സ്വന്തം ചെലവിൽ ജാമ്യത്തിലിറക്കാമെന്നും റിമാൻഡ് ചെയ്താലും ജയിലിൽ കൊണ്ടുപോവാതെ ആശുപത്രിയിലാക്കാമെന്നും സി.ഐ ഉറപ്പുനൽകി. ക്രൈംബ്രാഞ്ചിനോടും മാദ്ധ്യമങ്ങളോടും മർദ്ദനവിവരം പറയരുതെന്നായിരുന്നു ആവശ്യം. സി.ഐ പറഞ്ഞതുപോലെ ചെയ്തു. കൂട്ടുപ്രതികളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖമില്ലാത്തവരെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് ഡോക്ടർ പറഞ്ഞതോടെ സി.ഐയും സംഘവും തടിതപ്പി. ഹൃദയാഘാതമാണ് മരണകാരണമെന്ന് വരുത്തിതീർക്കാനും ശ്രമിച്ചു. സുരേഷിന്റെ താടിയെല്ലിലും കഴുത്തിലും തുടകളിലും കാൽമുട്ടുകളിലും മുതുകിലുമുള്ള ചതവുകൾ അതിക്രൂര മർദ്ദനം കാരണമുണ്ടായതാണെന്ന് ഡോക്ടർമാർ കണ്ടെത്തിയതോടെ കസ്റ്റഡിക്കൊല സി.ബി.ഐ അന്വേഷണത്തിന് വിട്ട് സർക്കാർ വിജ്ഞാപനമിറക്കി.

പ്രിയം ഒത്തുതീർപ്പ്,

കീശ നിറയും

ഗാർഹിക പീഡനങ്ങളും അതുകാരണമുള്ള ആത്മഹത്യകളും പതിവായിട്ടും സ്ത്രീകളുടെ പരാതികളിൽ കേസും നടപടികളുമെടുക്കാതെ പ്രതികളുമായി ചേർന്ന് ഒത്തുതീ‌ർപ്പുണ്ടാക്കുകയാണ് പൊലീസിന് പ്രിയം. ഭർത്താവ് മർദ്ദിച്ചെന്ന പരാതി പൊലീസ് ഒതുക്കിതീർത്തതിന് പിന്നാലെയാണ് കൊല്ലത്തെ വിസ്‌മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും ക്രൂരപീഡനത്തെക്കുറിച്ച്

മൂന്നുപ്രാവശ്യം പരാതി നൽകിയിട്ടും കേസെടുക്കാതെ പൊലീസ് ഒത്തുതീർപ്പ് നടത്തിയപ്പോഴാണ് പയ്യന്നൂരിലെ 26കാരി സുനിഷ ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുമെന്ന് മകൾ ഫോണിൽ പറയുന്നതായി സുനിഷയുടെ അമ്മ പരാതിനൽകിയിട്ടും പൊലീസ് വകവച്ചില്ല. ഇത്തരം പരാതികളിൽ ഗാർഹികപീഡന നിരോധനനിയമം ചുമത്തി കേസെടുക്കാനല്ലാതെ പൊലീസിന് ഒത്തുതീർപ്പിന് അധികാരമില്ല. ഒത്തുതീർപ്പുകൾക്ക് പിന്നിൽ സാമ്പത്തിക നേട്ടമാണെന്നത് പരസ്യമായ രഹസ്യമാണ്.

കൊച്ചിയിലെ സി.എ വിദ്യാർത്ഥിനി മിഷേൽ ഷാജിയെ കാണാതായത് മാതാപിതാക്കൾ അറിയിച്ചിട്ടും പൊലീസ് അധികാരപരിധിയെച്ചൊല്ലി തർക്കിച്ച് അന്വേഷണം നടത്തിയില്ല. മിഷേലിനെ പിന്നീട് കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. കോട്ടയത്ത് കെവിനെ തട്ടിക്കൊണ്ടുപോയെന്ന് ഭാര്യതന്നെ വിവരം നൽകിയിട്ടും കേസെടുക്കാതെ, പ്രതികളുമായി പൊലീസ് ഒത്തുകളിച്ചു. കെവിനെ പിന്നീട് കൊലപ്പെടുത്തി ആറ്റിൽ തള്ളുകയായിരുന്നു. പരാതികളിൽ എഫ്.ഐ.ആർ വൈകിപ്പിക്കരുതെന്നും അതിക്രമങ്ങളെക്കുറിച്ച് എന്തുവിവരം ലഭിച്ചാലും അന്വേഷിക്കാതെ വിടരുതെന്നും മുഖ്യമന്ത്രി കർശനനിർദ്ദേശം നൽകിയിട്ടും ഫലമുണ്ടായിട്ടില്ല.

വീഡിയോ ഇല്ലെങ്കിൽ

കണ്ണടയ്ക്കും

പൊലീസിന്റെ സഭ്യതയില്ലാത്തതും അതിരുവിട്ടതുമായ പെരുമാറ്റത്തിന്റെ ദൃശ്യമോ ശബ്ദമോ ജനം വീഡിയോയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചാലോ മാദ്ധ്യമങ്ങളിൽ വാർത്തയായാലോ മാത്രമേ പരാക്രമികൾക്കെതിരെ നടപടിയെടുക്കാറുള്ളൂ. അല്ലെങ്കിൽ പൊലീസ് നേതൃത്വം കണ്ണടയ്ക്കുകയാണ് പതിവ്. ആറ്റിങ്ങലിൽ ദളിത് ബാലികയെയും പിതാവിനെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ നടുറോഡിൽ പരസ്യവിചാരണ നടത്തിയത് സമീപത്തൊരു കാറിലുണ്ടായിരുന്നയാൾ ചിത്രീകരിച്ചതിനാലാണ് സംഭവം പുറത്തറിഞ്ഞത്. അല്ലെങ്കിൽ മൊബൈൽ മോഷണമാരോപിച്ച് അകത്താക്കിയേനേ. ബാലികയ്ക്ക് ഹൈക്കോടതി ഉത്തരവുപ്രകാരം കാൽലക്ഷം നഷ്ടപരിഹാരം നൽകേണ്ടിവന്നു.

ഫർണിച്ചർ ഇടപാടിലെ പരാതിയുടെ വിവരം തിരക്കി നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിയ സജീൻ റജീബിന് ക്രൂരമർദ്ദനമേറ്റത് ഒപ്പമെത്തിയ സഹോദരൻ മൊബൈലിൽ ചിത്രീകരിച്ചു. ഇതുകണ്ട് പൊലീസുകാരൻ മൊബൈൽ പിടിച്ചുവാങ്ങി പോക്കറ്രിലിട്ടെങ്കിലും, എസ്.ഐയെ ആക്രമിച്ചെന്ന് കള്ളക്കേസെടുക്കാൻ ഗൂഢാലോചന നടത്തുന്നത് മൊബൈലിൽ റെക്കാർഡ് ചെയ്യപ്പെട്ടു. ഇത് പൊലീസിനെതിരായ തെളിവായി മാറി. ഹൈക്കോടതി ഇത് തെളിവായെടുത്തു. ചടയമംഗലത്ത് വാഹനപരിശോധനയ്ക്കിടെ, ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ വൃദ്ധനെ കരണത്തടിച്ച്, ക്രൂരമായി മർദ്ദിച്ച് പൊലീസ് ജീപ്പിലേക്ക് എടുത്തെറിഞ്ഞ എസ്.ഐ ഷെജീമിന്റെ ക്രൂരതയും പുറത്തറിഞ്ഞത് മൊബൈലിൽ പകർത്തിയ വീഡിയോയിലൂടെയാണ്. കോവളത്ത് സ്വീഡിഷ് പൗരൻ സ്​റ്റീഫൻ ആസ്‌ബെർഗിനെ (68) അവഹേളിക്കുകയും ബിവറേജസ് ഔട്ട്‌ലെറ്റിൽ നിന്ന് വാങ്ങിയ മദ്യം ഒഴുക്കികളയാൻ നിർദ്ദേശിക്കുകയും ചെയ്ത എസ്.ഐയെ സസ്പെൻഡ് ചെയ്തതും മൊബൈലിൽ ആരോ പകർത്തിയ വീഡിയോ പുറത്തുവന്നതോടെയാണ്. ഹോളോഗ്രാം മുദ്ര‌യുള്ള മദ്യം ബിവറേജസ് ഔട്ട്ലെറ്രിൽ നിന്ന് വാങ്ങിയതാണെന്ന് തിരിച്ചറിയാനുള്ള സമാന്യബുദ്ധി പോലും പൊലീസ് പ്രയോഗിച്ചില്ല.

ഇത്തരം വീഡിയോകൾ മാദ്ധ്യമങ്ങളിൽ വാർത്തകളായതോടെ, ഡി.ജി.പി തുറുപ്പുചീട്ടിറക്കി. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്ന് ജില്ലാ പൊലീസ് മേധാവികൾക്കും യൂണിറ്റ് മേധാവികൾക്കും ഡി.ജി.പി അനിൽകാന്ത് നിർദ്ദേശം നൽകി. പൊലീസ് സ്​റ്റാഫ് കൗൺസിൽ യോഗത്തിലെ തീരുമാന പ്രകാരമായിരുന്നു സർക്കുലർ. എന്നാൽ ഇതിനുശേഷവും മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ നിരവധി പൊലീസുകാർക്കെതിരേ നടപടിയെടുക്കേണ്ടിവന്നു.

----------------------------

''പൊലീസിന്റെ സദ്ഗുണങ്ങൾ ഉയർത്തിപ്പിടിക്കാത്തവർ സേനയുടെ ഭാഗമായി ഉണ്ടാവില്ല. തെ​റ്റുചെയ്തവർ സേനയിൽ തുടരുന്നത് പൊലീസിന്റെ യശസ്സിനെ ബാധിക്കും. ഒ​റ്റപ്പെട്ട സംഭവമാണെങ്കിൽ പോലും പൊലീസിന് അവമതിപ്പുണ്ടാക്കുന്നവർ സേനയുടെ ഭാഗമായുണ്ടാവില്ല. സേനയ്ക്ക് ചേരാത്ത രീതിയിലുള്ള തെറ്റുണ്ടായാൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാവില്ല. മുതിർന്ന ഉദ്യോഗസ്ഥർക്കടക്കം ഇത് ബാധകമാണ്. മൂന്നാംമുറ ഒരുകാരണവശാലും അനുവദിക്കില്ല. സർക്കാരിന്റെ പ്രഖ്യാപിത നയമാണിത്. ''

-പിണറായി വിജയൻ

മുഖ്യമന്ത്രി

(തുടരും )​

Advertisement
Advertisement