ശബരിപാത കൈവിടരുത്

Thursday 17 November 2022 12:00 AM IST

ഇരുപത്തിയഞ്ച് വർഷത്തിനു മുൻപേ കേരളീയർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശബരി റെയിൽപദ്ധതി പ്രധാനമന്ത്രിയുടെ ഗതിശക്തി മിഷനിൽ ഉൾപ്പെടുത്തിയതായ വാർത്ത ആഹ്ലാദം പകരുന്നതാണ്. അങ്കമാലിയിൽ നിന്ന് കാലടി വരെ ഏഴ് കിലോമീറ്റർ പാത നിർമ്മിച്ചതോടെ പണി അവസാനിച്ച ശബരി റെയിൽപ്പാതയിൽ ഇനിയും നൂറ് കിലോമീറ്റർ പൂർത്തിയാകാനുണ്ട്. സംസ്ഥാനത്തെ മറ്റ് റെയിൽവികസന പദ്ധതികളിൽ പലതിനും നേരിട്ട ദുർഗതി ശബരി പാതയെയും പിടികൂടുകയായിരുന്നു. മലയോരപ്രദേശങ്ങളുടെ വികസനത്തിനും ശബരിമലയുടെ സർവതോന്മുഖമായ പുരോഗതിക്കും വഴിവയ്ക്കുന്നതാണ് ഈ റെയിൽപാത. പദ്ധതി തയ്യാറാക്കിയ കാലത്ത് നിർമ്മാണച്ചെലവ് 517 കോടി രൂപയായി കണക്കാക്കിയിരുന്നെങ്കിൽ ഇപ്പോൾ അത് നാലായിരം കോടി രൂപയായെങ്കിലും ഉയർന്നേക്കും.

രാജ്യത്ത് അടിസ്ഥാന സൗകര്യ - ഗതാഗത പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിച്ചുള്ള പ്രധാനമന്ത്രിയുടെ ഗതിശക്തി മിഷനിൽ ഉൾപ്പെടുത്തിക്കിട്ടിയാൽ ശബരിപാതയ്ക്കു മോക്ഷം ലഭിക്കുമെന്ന കാര്യം തീർച്ചയാണ്. പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കാൻ റെയിൽവേയ്ക്ക് കേന്ദ്രം നിർദ്ദേശം നൽകിയതും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അങ്കമാലിയിൽ നിന്നു തുടങ്ങി എരുമേലിയിൽ അവസാനിക്കും വിധമാണ് ശബരിപാതയുടെ പ്ളാൻ. പതിന്നാല് സ്റ്റേഷനുകളാവും ഉണ്ടാവുക. എരുമേലയിൽ നിന്ന് പുനലൂർ വരെ പാത നീട്ടിയാൽ തമിഴ്‌നാട്ടിലേക്ക് നിലവിലുള്ള പാതകൾക്കു പുറമെ ഒരു പാത കൂടിയാകും. ശബരിപാതയ്ക്കു വേണ്ടിവരുന്ന ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനം സന്നദ്ധമായിട്ടുണ്ട്. അതുപോലെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റു ചെലവുകളും റെയിൽവേ വഹിക്കേണ്ടിവരില്ല. അതൊക്കെ ഒഴിവാക്കാമെന്ന് സംസ്ഥാനം അറിയിച്ചിട്ടുമുണ്ട്. റെയിൽപാത കടന്നുപോകേണ്ട ഇടങ്ങളിൽ തൊള്ളായിരത്തോളം പേരുടെ ഭൂമി വർഷങ്ങളായി മരവിപ്പിച്ചിട്ടിരിക്കുകയാണ്. പാതയൊട്ടു വരുന്നുമില്ല, ഭൂമി വിൽക്കാനാകുന്നുമില്ല എന്ന സ്ഥിതി പല കുടുംബങ്ങളെയും തീവ്രമായി അലട്ടുന്നുണ്ട്. ഏതായാലും പദ്ധതി പൊടിതട്ടിയെടുക്കാൻ തീരുമാനിച്ച സ്ഥിതിക്ക് സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. ഏറ്റവും കുറഞ്ഞ സമയമെടുത്ത് പാതനിർമ്മാണം മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ എല്ലാവിധ സഹായവും റെയിൽവേയ്ക്കു നൽകണം. പാത നിർമ്മാണത്തിനു തടസമായി വന്നേക്കാവുന്ന ഏതു പ്രശ്നത്തിനും അപ്പപ്പോൾ പരിഹാരമുണ്ടാക്കാനും ശ്രമിക്കണം. വിഴിഞ്ഞത്തു സംഭവിച്ചതുപോലെ പ്രതിസന്ധികൾ മനഃപൂർവം സൃഷ്ടിച്ച് നിർമ്മാണ ജോലികൾ തടസപ്പെടുത്താൻ ഒരുത്തരെയും അനുവദിക്കരുത്.

സംസ്ഥാനത്തിന്റെ റെയിൽവികസനം രണ്ട് പാതകളിൽ മാത്രം ഒതുങ്ങിനിൽക്കുകയാണിപ്പോൾ. ഹ്രസ്വദൂരത്തിലുള്ള പുതിയപാത നിർമ്മാണ പദ്ധതികൾ പോലും കടലാസ് വിട്ട് പ്രയോഗതലത്തിലെത്തുന്നില്ല. സിഗ്നൽ നവീകരണം ഉൾപ്പെടെ പലതും കോൾഡ് സ്റ്റോറേജിൽത്തന്നെയാണ്. ചില മേഖലകളിൽ 'വന്ദേഭാരത്" എക്സ്‌പ്രസുകൾ ഓടാൻ തുടങ്ങിയപ്പോൾ കേരളവും തീവ്രഅഭിലാഷത്തോടെ അതിനായി മുറവിളി കൂട്ടിയതാണ്. എന്നാൽ ട്രാക്കിനു ബലം പോരെന്ന കാരണത്താൽ കേരളത്തിന്റെ അപേക്ഷ അംഗീകരിക്കപ്പെട്ടില്ല. ഏറ്റവും ഒടുവിൽ ചെന്നൈയിൽ നിന്ന് ബംഗളൂരു വഴി മൈസൂരിലേക്ക് വന്ദേഭാരത് സർവീസ് തുടങ്ങിക്കഴിഞ്ഞു. അടുത്ത മൂന്നുവർഷത്തിനകം ഇത്തരത്തിലുള്ള 40 ട്രെയിനുകളാണ് വിവിധ റൂട്ടുകളിൽ ഓടാൻ പോകുന്നത്. കേരളത്തിനും അതു ലഭിക്കാൻ അർഹതയുണ്ട്. അതിനായി സർക്കാരും ജനപ്രതിനിധികളും രാഷ്ട്രീയം മറന്ന് രംഗത്തിറങ്ങേണ്ട സമയമാണിത്.

Advertisement
Advertisement