സംയുക്ത പ്രഖ്യാപനത്തിൽ സമവായമുണ്ടാക്കി, മോദി ജി -20 നായകൻ

Thursday 17 November 2022 4:57 AM IST

ജി. 20 ഉച്ചകോടി സമാപിച്ചു

ബാലി : ഇന്ത്യയുടെ യുദ്ധവിരുദ്ധ സന്ദേശം കാതലാക്കിയ സംയുക്ത

പ്രഖ്യാപനത്തോടെ ഇന്നലെ ഇവിടെ സമാപിച്ച ഉച്ചകോടിയിൽ ലോകത്തെ ഏറ്റവും

വലിയ സാമ്പത്തിക ശാക്തിക ഗ്രൂപ്പായ ജി 20യുടെ അദ്ധ്യക്ഷ സ്ഥാനം പ്രധാനമന്ത്രി

നരേന്ദ്ര മോദി ഏറ്റെടുത്തു. സമാപന യോഗത്തിൽ ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ അടുത്ത ഒരു വർഷത്തെ അദ്ധ്യക്ഷ സ്ഥാനത്തിന്റെ പ്രതീകമായി ചുറ്റിക മോദിക്ക് കൈമാറി. ഡിസംബർ 1 മുതലാണ് ഇന്ത്യയുടെ അദ്ധ്യക്ഷ പദവി. ഉച്ചകോടിക്ക് ശേഷം മോദി ഇന്ത്യയിലേക്ക് മടങ്ങി.

യുക്രെയിൻ യുദ്ധത്തിൽ റഷ്യയെ കുറ്റപ്പെടുത്തുന്ന പാശ്ചാത്യ ചേരിയുടെ നിലപാട് മൂലം ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ സമവായം അസാദ്ധ്യമാകുമെന്ന ആശങ്ക ഉയർന്നിരുന്നു. ജി 20 പ്രഖ്യാപനത്തിന് എല്ലാ അംഗ രാജ്യങ്ങളുടെയും സമവായം അനിവാര്യമാണ്. പ്രഖ്യാപനം നീട്ടി വയ്ക്കുകയും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ തലവന്മാർ വീണ്ടും ചർച്ച നടത്തുകയുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘമാണ് ഭിന്നതകൾ പരിഹരിക്കാൻ നിർണായക പങ്ക് വഹിച്ചത്. ഇത് യുദ്ധത്തിന്റെ യുഗമല്ലെന്നും നയതന്ത്രവും ചർച്ചയുമാണ് വേണ്ടതെന്നുമുള്ള മോദിയുടെ സന്ദേശമാണ് സമവായത്തിന് സഹായിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത്ര പറഞ്ഞു. യുക്രെയിൻ സംഘർഷം ആഗോള സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും യുക്രെയിനിൽ നിന്ന് റഷ്യൻ സൈന്യം പിൻമാറണമെന്നും ആണവ ഭീഷണി പാടില്ലെന്നും നയതന്ത്ര മാർഗം സ്വീകരിക്കണമെന്നുമുള്ള പ്രഖ്യാപനത്തിന്റെ കാതൽ മോദിയുടെ സന്ദേശമാണ്.

സെപ്തംബറിൽ ഉസ്ബക്കിസ്ഥാനിൽ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന് നൽകിയ യുദ്ധവിരുദ്ധ സന്ദേശം നേരത്തേ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ ശരിവച്ചിരുന്നു. പുട്ടിൻ ഉച്ചകോടിയിൽ പങ്കെടുത്തില്ല.

 എല്ലാവരെയും ഉൾക്കൊള്ളും

രാഷ്‌ട്രീയ പിരിമുറുക്കങ്ങളും സാമ്പത്തിക മാന്ദ്യവും ഭക്ഷ്യ - ഊർജ വിലക്കയറ്റവും മഹാമാരിയുടെ കെടുതികളും ലോകത്തെ വരിഞ്ഞുമുറുക്കുമ്പോഴാണ് ചുമതല ഏൽക്കുന്നതെന്ന് മോദി ഓർമ്മിപ്പിച്ചു. എല്ലാവരെയും ഉൾക്കൊള്ളുന്നതും കർമ്മനിരതവുമായിരിക്കും ഇന്ത്യയുടെ അദ്ധ്യക്ഷസ്ഥാനം. 2023 സെപ്റ്റംബർ 9, 10 തീയതികളിൽ ന്യൂഡൽഹിയിലാണ് 18ാം ജി 20 ഉച്ചകോടി. ഇന്ത്യൻ സംസ്ഥാനങ്ങളിലും നഗരങ്ങളിലും ജി 20 യോഗങ്ങൾ സംഘടിപ്പിക്കും. ഇന്ത്യയുടെ പാരമ്പര്യവും സാംസ്‌കാരിക സമൃദ്ധിയും അതിഥികൾക്ക് അനുഭവമാകും. ഇന്ത്യയിലെ ഈ അതുല്യ ആഘോഷത്തിൽ നിങ്ങൾ എല്ലാവരും പങ്കാളികളാകണം - മോദി പറഞ്ഞു

ജി - 20ൽ മോദിയുടെ മുൻഗണനകൾ

പുതിയ ആശയങ്ങളും കൂട്ടായ പ്രവർത്തനങ്ങളും

 പരിസ്ഥിതി ജീവിതശൈലി ബഹുജനപ്രസ്ഥാനമാക്കും

വികസന നേട്ടങ്ങൾ എല്ലാവരിലും എത്തിക്കും.

ആഗോള വികസനത്തിൽ വനിതാ പങ്കാളിത്തം .

സമാധാനത്തിനും ഐക്യത്തിനും ശക്തമായ സന്ദേശം

യു.എസ് പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് തുടങ്ങിയ ലോകനേതാക്കളുമായി മോദി ചർച്ചനടത്തി. കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗും മോദിയും ഹസ്തദാനം നൽകി ഹ്രസ്വ സംഭാഷണം നടത്തിയിരുന്നു. 2019ൽ ഇന്ത്യൻ അതിർത്തിയിലെ ചൈനീസ്

അതിക്രമത്തിന് ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.

 ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വർഷം 3,000 ബ്രിട്ടീഷ് വിസ

മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും തമ്മിൽ ചർച്ച നടത്തിയതിന് പിന്നാലെ, 18 - 30 പ്രായമുള്ള ബിരുദധാരികളായ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ബ്രിട്ടനിൽ രണ്ട് വർഷം വരെ ജോലി ചെയ്യാനും താമസിക്കാനും വർഷം 3,000 വിസകൾ അനുവദിക്കുന്ന യു.കെ - ഇന്ത്യ യംഗ് പ്രൊഫഷണൽ പദ്ധതി യഥാർത്ഥ്യമായെന്ന് ഋഷിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ വർഷം അംഗീകരിച്ച യു.കെ - ഇന്ത്യ മൈഗ്രേഷൻ ആൻഡ് മൊബിലിറ്റി പങ്കാളിത്ത കരാറിന്റെ തുടർച്ചയാണിത്. ഇന്ത്യയിലും യു.കെ പൗരൻമാർക്ക് സമാന അവസരം ഒരുക്കും.

Advertisement
Advertisement