ദർശന സുകൃതമേകി മണ്ണാറശാല

Thursday 17 November 2022 12:29 AM IST
മണ്ണാറശാല

ഹരിപ്പാട്: സർവാഭരണ വിഭൂഷി​തനായ നാഗരാജാവിനെ കണ്ടുതൊഴാൻ മണ്ണാറശാലയിലേക്ക് ആയി​ല്യം നാളി​ൽ ഒഴുകി​യെത്തി​യത് പതി​നായി​രങ്ങൾ. മഞ്ഞൾ സുഗന്ധം നിറഞ്ഞു നിന്ന പുണ്യഭൂമിയിൽ, നാഗരാജാവിന്റെ തിരുനാൾ ദി​നം ഇളയകാരണവർ എം.കെ. കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പൂജകൾ നടന്നു.

രാത്രി മുഴുവൻ തിമിർത്ത് പെയ്ത മഴ നാഗത്താന്മാരുടെ ഉത്സവദിനത്തിനായി വഴിമാറി നിന്നു. അമ്മയുടെ തിരുമുന്നി​ൽ സങ്കടം പറയാൻ എത്തിയ ഭക്തർക്ക് നിലവറയ്ക്ക് സമീപം അമ്മ ദർശന പുണ്യമേകി. ആയില്യം നാളിൽ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വൻ ജനാവലിയാണ് എത്തിയത്. വലിയമ്മയുടെ അനാരോഗ്യം കാരണം ആയില്യം എഴുന്നളളത്തും തുടർന്നുള്ള പൂജകളും ഇല്ലാതിരുന്നതിനാൽ ഉച്ചയ്ക്ക് മുമ്പ് ക്ഷേത്ര നടയിലും തുടർന്ന് നിലവറയ്ക്ക് സമീപവും വിവിധ വാദ്യ മേളങ്ങളോടെ സേവ നടന്നു. നാഗരാജാവിന്റെ മാതൃസങ്കല്പമായ മണ്ണാറശാല വലിയമ്മയ്ക്കാണ് ആയില്യം എഴുന്നളളത്തും തുടർന്നുളള ആയില്യം പൂജയും നടത്താൻ അധികാരമുളളത്. അമ്മയ്ക്ക് അസൗകര്യമുണ്ടായാൽ ഈ ചടങ്ങുകളൊന്നും വേണ്ടെന്നാണ് ക്ഷേത്രാചാരവിധി.
നാഗരാജാവിന്റെയും നാഗയക്ഷിയമ്മയുടെയും നാഗചാമുണ്ഡിയുടെയും സർപ്പയക്ഷിയുടെയും ദിവ്യവിഗ്രഹങ്ങളും മണ്ണാറശാല വലിയമ്മയെയും കണ്ട് തൊഴുത് ജനസഹസ്രങ്ങൾ സായൂജ്യരായി. ആയില്യം നാളിൽ നാഗരാജാവിനെയും സർപ്പയക്ഷിയമ്മയെയും തിരുവാഭരണം ചാർത്തി കണ്ട് തൊഴുത ഭക്തർക്ക് മണ്ണാറശാല വലിയമ്മയെ നേരിട്ട് കണ്ട് ദർശന പുണ്യം നേടാനുമായി.

ആദ്ധ്യാത്മിക പ്രഭാഷണം, സംഗീതസദസ്, കവിയരങ്ങ്, പി.പി. ചന്ദ്രൻ മാസ്റ്ററുടെ പാഠകം, വീണക്കച്ചേരി, ഹിന്ദുസ്ഥാനി സംഗീതസദസ്, നാഗസുകൃതം സംഗീത നൃത്തശില്പം, തിരുവാതിര, കുച്ചിപ്പുടി അരങ്ങ്, നൃത്തനാടകം ദേവഗാന്ധാരം എന്നിവയും അരങ്ങേറി.

# അമ്മയെ കണ്ട് സായൂജ്യരായി

ആയില്യം എഴുന്നളളത്തുപോലെ പുണ്യമാണ് ആയില്യം നാളിലെ അമ്മയുടെ ദർശനവും. പുലർച്ചെ 3.30ന് നട തുറന്നു. അഭിഷേകങ്ങൾ പൂർത്തിയാക്കി 6 മണിയോടെ ഇളയ കാരണവർ പൂജകൾ ആരംഭിച്ചു. വലിയമ്മ രാവിലെ കുളിച്ച് ക്ഷേത്രദർശനം നടത്തി. രാവിലെ ഇല്ലത്ത് നിലവറയ്ക്ക് സമീപം ഭക്തജനങ്ങൾക്ക് അമ്മ ദർശനം നൽകി. ഇളയമ്മ സാവിത്രി അന്തർജനവും സമീപത്തുണ്ടായിരുന്നു. നിവേദ്യത്തിന് ശേഷം രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ പ്രസാദമൂട്ട് ആരംഭിച്ചു.

# പ്രസാദമൂട്ടിന് വൻ തിരക്ക്


ആയില്യ മഹോത്സവത്തോടനുബന്ധിച്ച് നടന്ന മഹാപ്രസാദമൂട്ടിൽ പതിനായിരങ്ങൾ പങ്കുകൊണ്ടു. പഴയിടം മോഹനൻ നമ്പൂതിരിയാണ് നേതൃത്വം നൽകിയത്. ചോറിനൊപ്പം സാമ്പാർ, കൂട്ടുകറി, തോരൻ, മോര്, ഉപ്പിലിട്ടത്, അരവണപായസം എന്നിവ ഉൾപ്പടെയാണ് മഹാപ്രസാദമൂട്ട് നടന്നത്. പൂയസദ്യയിലും മഹാപ്രസാദമൂട്ടിലുമായി അരലക്ഷത്തിൽ പരം ഭക്തരാണ് പങ്കെടുത്തത്.

Advertisement
Advertisement