എൽ.ഐ.സി സ്വകാര്യവത്കരണ നയം ഇരിക്കുന്ന കൊമ്പ് മുറിക്കൽ: വി.എം. സുധീരൻ

Thursday 17 November 2022 12:40 AM IST

തൃശൂർ: കേന്ദ്ര സർക്കാരിന്റെ എൽ.ഐ.സി സ്വകാര്യവത്കരണ നയം ഇരിക്കുന്ന കൊമ്പ് മുറിക്കലാണെന്നും കോൺഗ്രസ് കൊണ്ടുവന്ന ഉദാരവത്കരണ നയത്തിൽ പുനഃപരിശോധന നടത്തി തെറ്റ് തിരുത്താനുള്ള ഉത്തരവാദിത്വം കോൺഗ്രസ് നേതൃത്വത്തിനുണ്ടെന്നും കോൺഗ്രസ് നേതാവ് വി.എം. സുധീരൻ.

ആൾ ഇന്ത്യ ലൈഫ് ഇൻഷ്വറൻസ് ഏജന്റ്‌സ് ഫെഡറേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യ താത്പര്യത്തിന് വിരുദ്ധമായി സ്ഥാപനത്തിന്റെ താത്പര്യത്തെ ഹനിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ ഓഹരി വിറ്റഴിക്കലിലൂടെ ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ആത്മനിർഭർ പ്രഖ്യാപനങ്ങളിലെല്ലാം സ്വകാര്യവത്കരണ ഭ്രമം കാണാനാകും. ഇപ്പോഴത്തെ സ്വകാര്യവത്കരണ നയത്തിന് മാറ്റം വന്നേ മതിയാകൂ. അതിനായി അതിശക്തമായ പ്രക്ഷോഭം ഉണ്ടാകേണ്ടതുണ്ട്. എത്ര സ്വേച്ഛാധിപതിയായ ഭരണാധികാരിയായാലും ജനശക്തിക്ക് മുമ്പിൽ മുട്ടുമടക്കേണ്ടിവരുമെന്ന് സുധീരൻ ഓർമ്മിപ്പിച്ചു.

ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ് സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് സി.പി. നാരായണൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ.വി. വിനീഷ്, സെൻട്രൽ സെക്രട്ടറി ജനറൽ കെ. രാമചന്ദ്രൻ, തൃശൂർ ഡിവിഷൻ പ്രസിഡന്റ് എൻ. കൃഷ്ണൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement