പ്രിയ വർഗീസിനെതിരെ വിധി: തിരിച്ചടി കണ്ണൂർ സർവ്വകലാശാലയ്ക്കും

Thursday 17 November 2022 8:18 PM IST

കണ്ണൂർ: അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന ഹൈക്കോടതി വിധി കണ്ണൂർ സർവ്വകലാശാലയ്ക്കും കനത്ത തിരിച്ചടിയായി.അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യു.ജി.സി നിഷ്‌ക്കർഷിക്കുന്ന എട്ടു വർഷത്തെ അദ്ധ്യാപന പരിചയം ഇല്ലെന്ന പരാതിയിൽ വന്ന കോടതി വിധി കണ്ണൂർ സർവ്വകലാശാലാ വൈസ് ചാൻസലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രനെയും പ്രതിരോധത്തിലാക്കുന്നതായി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുൻ രാജ്യസഭാ എം.പിയുമായ കെ.കെ രാഗേഷിന്റെ ഭാര്യയുമാണ് പ്രിയ വർഗ്ഗീസ്.

മലയാളം അസോസിയേറ്റ് പ്രൊഫസർ പരീക്ഷയിൽ പ്രിയയ്ക്ക് സിൻഡിക്കേറ്റ് ഒന്നാം റാങ്ക് നൽകിയെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതുവരെ നിയമന ഉത്തരവ്
ഇറക്കിയിട്ടില്ല. തിരുവനന്തപുരത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഡയറക്ടറായ പ്രിയയുടെ ഡെപ്യൂട്ടേഷൻ കാലാവധി കഴിഞ്ഞ ദിവസം ഒരു വർഷം കൂടി നീട്ടിയിരുന്നു.പ്രിയ വർഗീസിനെ സംരക്ഷിച്ചു നിർത്തുന്ന വൈസ് ചാൻസലറുടെ നിലപാടിനെതിരെ ഗവർണർ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു.
നിയമന ഉത്തരവ് ഉടൻ നൽകുമെന്ന വൈസ് ചാൻസലറുടെ പ്രഖ്യാപനം വന്ന് രണ്ട് മണിക്കൂറിനുള്ളിൽ ചാൻസലർ കൂടിയായ ഗവർണർ നിയമനം മരവിപ്പിച്ചിരുന്നു. വി.സിക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി .കഴിഞ്ഞ നവംബറിൽ വി.സിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടു മുൻപാണ് അഭിമുഖം നടത്തി പ്രീയയ്ക്ക് ഒന്നാം റാങ്ക് നൽകിയത്. സംഭവം വിവാദമായതിന് പിന്നാലെ നിയമനം നൽകാതെ റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു.

ഗവർണറുടെ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ പോകുമെന്ന് വൈസ് ചാൻസർ പ്രഖ്യാപിച്ചെങ്കിലും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനം പിൻവലിച്ചു. 1996 ലെ കണ്ണൂർ സർവ്വകലാശാല ചട്ടത്തിലെ സെക്ഷൻ 7(3) പ്രകാരമാണ് ഗവർണർ സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയത്. മലയാളം അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള കണ്ണൂർ സർവ്വകലാശാല ജൂലായ് 27 ന് ഇറക്കിയ വിജ്ഞാപനം നിലവിൽ മരവിപ്പിച്ചിട്ടാണുള്ളത്. യു.ജി.സി നിഷ്‌ക്കർഷിക്കുന്ന അദ്ധ്യാപന പരിചയമില്ലെന്ന സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയുടെ പരാതി കണക്കിലെടുത്താണ് നേരത്തെ
ഗവർണർ കടുത്ത രീതിയിൽ പ്രതികരിച്ചത്.

Advertisement
Advertisement