മോഷണക്കുറ്റം ആരോപിച്ച് 10 വയസുകാരിയെ ആൾക്കൂട്ടം തല്ലിക്കൊന്നു

Friday 18 November 2022 1:03 AM IST

ചെന്നൈ: മോഷണക്കുറ്റമാരോപിച്ച് ആൾക്കൂട്ടം ആക്രമിച്ച കുടുംബത്തിലെ പത്ത് വയസുകാരിക്ക് ദാരുണാന്ത്യം. കടലൂർ വിരുദാചലം സ്വദേശി സത്യനാരായണ സ്വാമിയുടെ മകൾ കർപ്പകാംബികയാണ് കഴിഞ്ഞദിവസം മരിച്ചത്. തമിഴ്നാട്ടിലെ പുതുക്കോട്ടയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സത്യനാരായണ സ്വാമിക്കും കുടുംബത്തിനും നേരേയാണ് ആക്രമണമുണ്ടായത്.

ക്ഷേത്രത്തിൽ മോഷണം നടത്തിയെന്നാരോപിച്ച് ആറംഗ കുടുംബത്തെ ആളുകൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി പുതുക്കോട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസാണ് അവശരായ ഇവരെ ആശുപത്രിയിലെത്തിച്ചത്.

അക്രമിസംഘം ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. ആക്രമണത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. ആക്രമണത്തെ തുടർന്ന് സത്യനാരായണ സ്വാമിക്കും കുടുംബവും ഓട്ടോറിക്ഷയിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം ഇവരെ തടഞ്ഞ് മർദ്ദിക്കുകയായിരുന്നു. തുടർന്ന് ആറു പേരെയും മരത്തിൽ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതച്ചു. മറ്റൊരു കുട്ടി പേടിയോടെ ഇതു കണ്ടു നിൽക്കുന്നതും വീഡിയോയിലുണ്ട്.
പുതുക്കോട്ടയിലെ കിള്ളന്നൂർ ഗ്രാമത്തിനടുത്ത് ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന സംഘം ഇറങ്ങിയിട്ടുണ്ടെന്ന സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടർന്ന് പ്രദേശവാസികൾ മോഷ്ടാക്കൾക്കായി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടെയാണ് പരിചയമില്ലാത്ത ആറംഗ കുടുംബത്തെ ഇവർ ആക്രമിച്ചത്.

Advertisement
Advertisement