മെറ്റ ഇന്ത്യ മേധാവിയായി സന്ധ്യ ദേവനാഥൻ

Friday 18 November 2022 12:16 AM IST

ന്യൂഡൽഹി: ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്‌റ്റഗ്രാം എന്നിവയുടെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യാ മേധാവിയും വൈസ് പ്രസിഡന്റുമായി സന്ധ്യ ദേവനാഥനെ നിയമിച്ചു. മെറ്റ ഇന്ത്യ മേധാവിയായിരുന്ന മലയാളി അജിത് മോഹൻ രാജിവച്ച ഒഴിവിലാണ് നിയമനം.

നിലവിൽ മെറ്റയുടെ ഏഷ്യ-പസഫിക് മേഖലാ ഗെയിമിംഗ് വിഭാഗം മേധാവിയാണ്. 2023 ജനുവരി ഒന്നിന് ചുമതല ഏറ്റെടുക്കും. അതുവരെ മെറ്റ ഇന്ത്യ ഡയറക്‌ടർ മനീഷ് ചോപ്ര ഇടക്കാല മേധാവിയായി തുടരും. മെറ്റ ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് ഡാൻ നിയേറിയുടെ കീഴിലാകും സന്ധ്യ പ്രവർത്തിക്കുക.

ടെക്‌നോളജി,​ പേമെന്റ്,​ ബാങ്കിംഗ് മേഖലകളിലായി 22 വർഷത്തെ പ്രവർത്തന പരിചയമുണ്ട്. 2016ലാണ് മെറ്റയിലെത്തിയത്. വിയറ്റ്‌നാമിലും സിംഗപ്പൂരിലും മെറ്റയുടെ വളർച്ചയ്ക്ക് മുഖ്യ പങ്കുവഹിച്ചു. ദക്ഷിണേഷ്യയിലെ ഇ-കൊമേഴ്‌സ് വിഭാഗത്തിന്റെ വളർച്ചയിലും പങ്കാളിയായി.

ആന്ധ്രാ യൂണിവേഴ്‌സിറ്റിയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗ് ബിരുദവും ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.എയും ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉന്നതബിരുദവും നേടിയിട്ടുണ്ട്. 2000ൽ സിറ്റി ബാങ്കിലൂടെയാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. തുടർന്ന് സ്‌റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിലും പ്രവർത്തിച്ച ശേഷമാണ് മെറ്റയിലെത്തിയത്. വ്യവസായി അമിത് റായ് ആണ് ഭർത്താവ്.

Advertisement
Advertisement