ആകാശം മുട്ടെ, കാൽപ്പന്ത് ആരവം

Friday 18 November 2022 12:52 AM IST

തൃശൂർ : ഫുട്ബാൾ ആവേശത്താൽ ഖത്തറിലെ മണലാരണ്യം ചൂടു പിടിക്കുമ്പോൾ ആ തീയിൽ ആളി പടരുകയാണ് നാടും. പ്രചാരണ ചൂടിലാണ് നാടും നഗരവും. നാട്ടിടവഴികളിൽ ഉൾപ്പെടെ ഇഷ്ടതാരങ്ങളുടെയും വിവിധ രാജ്യങ്ങളുടെയും ചിത്രങ്ങളും ഫ്‌ള്കസും തോരണങ്ങളും നിറയുകയാണ്. എതിർടീമുകളെ പരിഹസിച്ചും ഇഷ്ടടീമുകളെ വാനോളം പുകഴ്ത്തിയുമാണ് ഓരോ ഫ്‌ളക്‌സും. ബാർബർ ഷോപ്പുകളിൽ വരെ ഇപ്പോൾ ഇഷ്ടതാരങ്ങളുടെ ഹെയർ സ്റ്റൈൽ മാതൃകയ്ക്കാണ് ആവശ്യക്കാരേറെ. മെസി, റൊണാൾഡോ, നെയ്മർ, എംബാപെ തുടങ്ങി സ്റ്റാർ താരങ്ങളുടെ സ്‌റ്റൈലാണ് പലരും അനുകരിക്കുന്നത്. വാഹനങ്ങളിലും താരസ്റ്റിക്കറുകൾ നിറഞ്ഞു. 25 മുതൽ 250 രൂപ വരെ വിലയുള്ള വിവിധ രാജ്യങ്ങളുടെ പതാകകളും 250 രൂപ മുതൽ 400 രൂപവരെയുള്ള ജഴ്‌സികളുമാണ് വിപണിയിൽ കൂടുതലും. കൂടുതൽ ആരാധകരുള്ള അർജന്റീന, ബ്രസീൽ, സ്‌പെയിൻ, ജർമ്മനി, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളുടെ ജഴ്‌സികൾക്കാണ് ആവശ്യക്കാരേറെ.

പണിത്തിരക്കിൽ പ്രിന്റിംഗ് ജീവനക്കാർ

നാടെങ്ങും ഫുട്‌ബാൾ ആരവം പരന്നതോടെ ഫ്‌ളക്‌സ് പ്രിന്റിംഗ് കടകളിലെ ജീവനക്കാർക്ക് നിന്നുതിരിയാൻ നേരമില്ല. താരങ്ങളുടെ കട്ടൗട്ടുകളാണ് പുതിയ താരം. രാത്രിയും പകലും വ്യത്യാസമില്ലാതെയാണ് പ്രവർത്തനം. മെസിയുടെയും നെയ്മറിന്റെയും റൊണാൾഡോയുടെയും ഫ്‌ളക്‌സുകൾക്കാണ് ആവശ്യക്കാരേറെ. നാൽപത് അടി വരെ ഉയരമുള്ള ഫ്‌ളക്‌സുകളാണ് ഉയരുന്നത്. ഫ്ളസ് ബോർഡ് സ്ഥാപിക്കാൻ മാത്രം ആയിരക്കണക്കിന് രൂപയാണ് ഓരോ ഗ്രൂപ്പും ചെലവഴിക്കുന്നത്.

വാട്‌സ് ആപ്പ് ഗ്രൂപ്പും സജീവം

പോർവിളികളും പന്തയങ്ങളുമായി വാട്സ് ആപ്പ് ഗ്രൂപ്പുകളും സജീവമായി. ബ്രസീലിനും അർജന്റീനയ്ക്കും നൂറ് കണക്കിന് ഗ്രൂപ്പുകളാണുള്ളത്. ഇഷ്ടതാരങ്ങളെ പാടി പുകഴ്ത്തിയ വാചകങ്ങളുമായി എതിരാളികളെ വെല്ലുവിളിക്കുകയാണ് ആരാധകർ. യുവാക്കൾക്ക് ഒപ്പം മുതിർന്നവരുടെയും സ്റ്റാറ്റസും പ്രൊഫൈൽ ചിത്രങ്ങളും ലോകകപ്പ് താരങ്ങളുടേതായി മാറി.
ആരാധകരുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

എം.എൽ.എമാരിലേറെയും
അർജന്റീനയ്ക്ക് ഒപ്പം

മന്ത്രിമാരൊഴിച്ചുള്ള എം.എൽ.എമാരിൽ കൂടുതലും അർജന്റീന പക്ഷക്കാരും മെസി ആരാധകരുമാണ്. ഭൂരിഭാഗം പേരും ബ്രസീലിന്റെയും അർജന്റീനയുടെയും പക്ഷം ചേർന്നപ്പോൾ പുതുക്കാട് എം.എൽ.എ കെ.കെ.രാമചന്ദ്രൻ ബ്രസീലിനെയും അർജന്റീനയെയും ഒരുപോലെ പിന്തുണക്കുന്നു. എന്നാൽ ഇഷ്ടകളിക്കാരിൽ ഒന്നാം സ്ഥാനത്ത് പോർച്ചുഗലിന്റെ റൊണാൾഡോയാണ്.

  • എൻ.കെ.അക്ബർ
  • ടീം ബ്രസീൽ
  • കളിക്കാർ നെയ്മറും, മെസിയും
  • സി.സി.മുകുന്ദൻ, മുരളി പെരുനെല്ലി, ഇ.ടി.ടൈസൺ മാസ്റ്റർ, സനീഷ്കുമാർ ജോസഫ്
  • അർജന്റീന
  • ഇഷ്ട കളിക്കാരൻ മെസി
  • വി.ആർ സുനിൽ കുമാർ
  • ഇഷ്ടം ജർമൻ ടീം
  • കളിക്കാരൻ മെസി
Advertisement
Advertisement