തസ്തികയില്ലാതെ 561 പേർ

Friday 18 November 2022 12:58 AM IST

തൃശൂർ : തസ്തികയില്ലാതെ ദിവസ വേതനാടിസ്ഥാനത്തിൽ കോർപറേഷനിൽ ജോലി ചെയ്യുന്നത് 561 പേർ. ശുചീകരണ തൊഴിലാളികൾ, ഡ്രൈവർമാർ, നെഹ്‌റു പാർക്ക്, സ്‌നേഹ വീട്, കുരിയച്ചിറ ക്രിമറ്റോറിയം തുടങ്ങി വിവിധ സ്ഥലങ്ങളിലെ ജീവനക്കാരാണ് തസ്തികയില്ലാതെ ജോലി ചെയ്യുന്നത്. തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യം മാറി മാറി വന്ന സർക്കാരുകൾ മുഖവിലക്കെടുത്തില്ല.

മുനിസിപ്പാലിറ്റിയും സമീപ പഞ്ചായത്തുകളും കൂട്ടിച്ചേർത്ത് കോർപ്പറേഷൻ രൂപീകരിക്കുന്നത് 2000ൽ ആണ്. അന്ന് മുതൽ ഇന്നേവരെ കണ്ടിജന്റ് ജീവനക്കാരുടെ തസ്തിക 246 ആണ്. ഇത് പഴയ മുനിസിപ്പൽ പ്രദേശത്തെ മാത്രം അനുവദിക്കപ്പെട്ട തസ്തികയാണ്. കൂട്ടിച്ചേർത്ത പഞ്ചായത്തുകൾക്ക് അതായത് ഇന്നത്തെ കോർപ്പറേഷൻ എന്ന നിലയിൽ ഇന്നേവരെ പുതിയ തസ്തികകൾ അനുവദിച്ചിട്ടില്ലെന്നാണ് മേയറുടെ വാദം. ദൈനംദിന ഓഫീസ് കാര്യങ്ങളിൽ തടസം വരാതിരിക്കാനായി കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ച പ്രകാരം ഒരു ഡിവിഷനിലേയ്ക്ക് 6 തൊഴിലാളികൾ എന്ന നിലയിൽ ജീവനക്കാരെ എടുക്കുകയായിരുന്നു. ഇതെല്ലാം 2000 മുതൽ അനുവർത്തിക്കുന്നതാണ്. തസ്തിക ഇല്ലാത്തതിനാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനത്തിനും അവസരമില്ല. തസ്തിക സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ട് ഈ ഭരണ സമിതിയും മുമ്പുണ്ടായിരുന്ന കോൺഗ്രസ് ഭരണ സമിതികളും സർക്കാരുകൾക്ക് കത്തെഴുതിയിരുന്നതായി മേയർ എം.കെ.വർഗീസ് പറഞ്ഞു. ഇതിനിടെ തസ്തിക സൃഷ്ടിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും ഒരു വിഭാഗം ഹർജി ഫയൽ ചെയ്തതോടെ ഇതും സ്‌റ്റേ ചെയ്തു.

ശുചീകരണം മുതൽ ക്രിമറ്റോറിയം വരെ

ഡിവിഷൻതല ശുചീകരണ തൊഴിലാളികൾ 330.
കുടിവെള്ള ലോറി ഡ്രൈവർ 32
നെഹ്‌റുപാർക്ക് വർക്കേഴ്‌സ് 20
ലോറി വർക്കർമാർ 20
ശക്തൻ മാർക്കറ്റ് തൊഴിലാളികൾ 2
സ്‌നേഹവീട് 8
പറവട്ടാനി സെഗ്രിഗേഷൻ യാർഡ് 8
അറവുശാല 10
സ്‌പെഷ്യൽ ഡി.എൽ.ആർ വർക്കേഴ്‌സ് 8
സ്‌പെഷ്യൽ ഡി.എൽ.ആർ വർക്കേഴ്‌സ് 2
ഒ.ഡബ്‌ള്യു.സി പ്ലാന്റ്, കുരിയച്ചിറ 10
ഒ.ഡബ്‌ള്യു.സി. പ്ലാന്റ്, ശക്തൻ 10
ലാലൂർ ക്രിമറ്റോറിയം, കുരിയച്ചിറ ക്രിമറ്റോറിയം 2 വീതം
സേവാഗ്രാം 1
ശുചീകരണ വാഹനത്തിലെ ഡ്രൈവർമാർ 12
സ്റ്റേഡിയം 2
എ.ബി.സി. സെന്റർ 5
കുടുംബശ്രീ വാഹനത്തിലെ ഡ്രൈവർമാർ 25
കുടിവെള്ള ലോറി ക്ലീനർമാർ 32
തേക്കിൻകാട് ഗ്രൗണ്ട് കുടുംബശ്രീ 20


തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നു

പിൻവാതിൽ നിയമനമെന്ന് പറഞ്ഞ് പ്രതിപക്ഷം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് മേയർ എം.കെ.വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. താത്കാലികക്കാരെയെല്ലാം ആദ്യം ജോലിയിൽ പ്രവേശിപ്പിച്ചത് കോൺഗ്രസ് നേതൃത്വം കൊടുത്തിരുന്ന കൗൺസിലാണെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, വർഗീസ് കണ്ടംകുളത്തി, ബീന മുരളി, അനൂപ് ഡേവിസ് കാട എന്നിവരും പങ്കെടുത്തു.

Advertisement
Advertisement