പദ്ധതിയുണ്ടെങ്കിലും വികസനമെത്താതെ പൂജപ്പുര-ജഗതി-വഴുതക്കാട് റോഡ്

Friday 18 November 2022 2:35 AM IST

 മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിനും വിലയില്ല

തിരുവനന്തപുരം: നഗരത്തിൽ തിരക്കേറിയ ഭാഗങ്ങളായ പൂജപ്പുര ജംഗ്ഷനെയും ബേക്കറി ജംഗ്ഷനെയും ബന്ധിപ്പിക്കുന്ന പൂജപ്പുര - ജഗതി - വഴുതക്കാട് റോഡിന്റെ വികസനം ജലരേഖയായിട്ട് രണ്ട് പതിറ്റാണ്ട്. 20 വർഷങ്ങൾക്ക് മുമ്പ് റോഡ് വീതി കൂട്ടാനുള്ള ഭരണാനുമതി ലഭിച്ചെങ്കിലും ഇതുവരെ ബഡ്‌ജറ്റിൽ തുക അനുവദിച്ചിട്ടില്ല.

2005ൽ റോഡ് വീതി കൂട്ടുന്നത് സർക്കാർ ട്രിഡയെ ഏല്പിച്ചെങ്കിലും 2010വരെ ട്രിഡ ഭൂമി ഏറ്റെടുക്കാത്തതിനാൽ സർക്കാർ ഉത്തരവ് അസാധുവായി. പൊതുമരാമത്ത് വകുപ്പിനാണ് ഇപ്പോൾ പദ്ധതിയുടെ ചുമതല. വർഷങ്ങൾ പഴക്കമുള്ള പദ്ധതിയായതിനാൽ ഫയലുകളിൽ പലതും കാണുന്നില്ലെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറയുന്നത്. ഏകദേശം 2.6 കിലോമീറ്ററുള്ള റോഡ് വീതി കൂട്ടാൻ ആവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടിരുന്നു.

ജനകീയ സമിതികൾ രൂപീകരിച്ചിട്ടും വ്യാപാരികൾ സ്ഥലം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടും ഫലമുണ്ടായില്ല. പൂജപ്പുര സെൻട്രൽ ജയിൽ, പരീക്ഷാ ഭവൻ, സാമൂഹ്യനീതി വകുപ്പിന്റെ ഓഫീസ് തുടങ്ങിയ സുപ്രധാന സർക്കാർ ഓഫീസുകൾ ഈ മേഖലയി സ്ഥിതി ചെയ്യുന്നുണ്ട്.

പ്രശ്‌നങ്ങൾ പലത്

സ്‌കൂൾ - ഓഫീസ് സമയങ്ങളിൽ ഗതാഗതക്കുരുക്ക് പതിവായ ഇവിടെ വാഹനങ്ങൾ കടന്നുപോകാൻ മണിക്കൂറുകളെടുക്കുന്ന അവസ്ഥയാണുള്ളത്. റോഡിന് വീതി കുറവായതിനാൽ കെ.എസ്.ആർ.ടി.സി ബസുകൾ നിറുത്തിയിടുന്നത് പ്രശ്‌നം രൂക്ഷമാക്കുന്നു.

ജഗതിയിൽ നിന്ന് ഡി.പി.ഐയിലേയ്‌ക്ക് വരുന്ന ഇരുചക്ര വാഹനങ്ങൾ പലപ്പോഴും അപകടത്തിൽപ്പെടുന്നുണ്ട്. തിരുമല, വെള്ളറട, മങ്കാട്ടുകടവ് എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ പാങ്ങോടിന് പകരം ആശ്രയിക്കുന്നതും ഈ വഴിയാണ്. റോഡ് വീതി കൂട്ടിയാൽ ബേക്കറി ജംഗ്ഷന് പുറമേ തമ്പാനൂർ, കരമന, കിള്ളിപ്പാലം എന്നിവിടങ്ങളിലേയ്ക്ക് പോകുന്നവർക്കും ആശ്വാസമാകും.

' ട്രാഫിക്ക് പഠനവും വീതി കൂട്ടലിന്റെ പരിശോധനകളും നടത്തി ഡി.പി.ആർ തയ്യാറാക്കാൻ കേരള ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം നടപടി പൂർത്തിയാക്കും.'

പൊതുമരാമത്ത് വകുപ്പ് അധികൃതർ


'വികസനത്തിന് സ്ഥലം വിട്ടുകൊടുക്കാൻ വ്യാപാരികൾ തയ്യാറാണ്. നിയമാനുസൃതമായ

പുനരധിവാസവും നഷ്‌ടപരിഹാരവും മാത്രമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.'

വൈ.വിജയൻ

ജില്ലാ ജനറൽ സെക്രട്ടറി

വ്യാപാരി വ്യവസായി ഏകോപന സമിതി


'റോഡ് വീതി കൂട്ടുന്നതു സംബന്ധിച്ച് ഒരു അറിയിപ്പും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല. പദ്ധതി സാക്ഷാത്കരിച്ചാലേ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരമാകൂ.'

ഷീജ മധു, ജഗതി വാർഡ് കൗൺസിലർ

Advertisement
Advertisement