ഇറാനിൽ വെടിവയ്‌പ്: 15 മരണം

Friday 18 November 2022 5:25 AM IST

ടെഹ്‌റാൻ: ഇറാനിൽ തുടരുന്ന പ്രതിഷേധത്തിനു നേരെയുണ്ടായ വെടിവയ്പിൽ രണ്ട് കുട്ടികളും സ്ത്രീയുമടക്കം 15 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. രണ്ട് നഗരങ്ങളിൽ നടന്ന വ്യത്യസ്ത പ്രതിഷേധങ്ങൾക്കിടെ സുരക്ഷാസേനയ്ക്കും പ്രക്ഷോഭകർക്കും നേരെ അജ്ഞാതർ നടത്തിയ വെടിവയ്പിൽ കൊല്ലപ്പെട്ട 12 പേരും ഇതിലുൾപ്പെടുന്നു.

ബുധനാഴ്‌ച പ്രാദേശിക സമയം വൈകിട്ട് 5.30ന് ഖുസെസ്ഥാൻ പ്രവിശ്യയിലെ ഇസെഹ് നഗരത്തിലാണ് ആദ്യ ആക്രമണമുണ്ടായത്. ഇവിടെ ഏഴ് പേർ കൊല്ലപ്പെട്ടു. നാല് മണിക്കൂറുകൾക്ക് ശേഷം ഇസ്‌ഫഹാൻ നഗരത്തിലുണ്ടായ വെടിവയ്‌പിൽ രണ്ട് പാരാമിലിട്ടറി ഉദ്യോഗസ്ഥരടക്കം അഞ്ച് പേർ കൊല്ലപ്പെട്ടു.

സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് സുരക്ഷാ സേന പറയുന്നു. അതേസമയം, മൂന്ന് പേർ കുർദ്ദിസ്ഥാൻ പ്രവിശ്യയിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചതായാണ് റിപ്പോർട്ട്. മരണ സംഖ്യ ഇനിയും ഉയരും.

22കാരിയായ മഹ്സ അമിനി ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പൊലീസിന്റെ പിടിയിലാവുകയും കസ്റ്റഡിയിലിരിക്കെ തലയ്ക്ക് ക്ഷതമേറ്റ് മരിക്കുകയും ചെയ്തതോടെ സെപ്തംബർ 16 മുതൽ രാജ്യവ്യാപക ജനകീയ പ്രക്ഷോഭങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് ആക്രമണം.

 വധശിക്ഷകൾ തുടരുന്നു

ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായ മൂന്ന് പേർക്ക് കൂടി ഇറാൻ വധശിക്ഷ വിധിച്ചു. പൊലീസിന് നേരെ കാറോടിച്ച് കയറ്റുകയും ഒരാൾ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിലാണ് ഒരു വധശിക്ഷ.

സുരക്ഷാ ഉദ്യോഗസ്ഥനെ കത്തികൊണ്ട് കുത്തിയതിനും ട്രാഫിക് തടസപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനുമാണ് മറ്റ് രണ്ട് വധശിക്ഷകൾ. ഞായറാഴ്ചയാണ് ആദ്യ വധശിക്ഷ പ്രഖ്യാപിച്ചത്. പിന്നാലെ ചൊവ്വാഴ്ച മറ്റൊരു വധശിക്ഷയ്ക്ക് കൂടി കോടതി ഉത്തരവിട്ടു. വധശിക്ഷയ്ക്ക് വിധേയമാക്കപ്പെട്ട അഞ്ച് പേരുടെയും പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഇതുവരെ 342 പേരാണ് ഇറാനിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. 15,000ത്തിലേറെ പേർ അറസ്റ്റ് ചെയ്യപ്പെട്ടു.

Advertisement
Advertisement