ട്രാക്കിലും ഫീൽഡിലും കുതിക്കണം, എവിടെ കായികാദ്ധ്യാപകർ.

Saturday 19 November 2022 12:00 AM IST

കോട്ടയം. കായികരം​ഗത്തെ കുതിപ്പിനെക്കുറിച്ച് വാചകമടിക്കുന്ന അധികൃതർ ഭൂരിപക്ഷം പൊതുവിദ്യാലയങ്ങളിലും പേരിന് പോലും കായികാദ്ധ്യാപകരില്ലെന്നത് മറക്കുന്നു. 5 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ആരോ​ഗ്യ കായിക പാഠപുസ്തകവും പരീക്ഷകളും നിലവിലുണ്ടെങ്കിലും ഈ വിഷയം പഠിപ്പിക്കാനാവശ്യമായ അദ്ധ്യാപകരെ നിയമിച്ചിട്ടില്ല. സംസ്ഥാനത്തെ നാല്പത് ലക്ഷത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് ആകെയുള്ളത് 1542 കായികാദ്ധ്യാപകർ മാത്രമാണ്. ജില്ലയിലാകട്ടെ, 913 ൽ 139 സ്കൂളുകളിലേ കായികാദ്ധ്യാപകരുള്ളൂ.

പാഠ്യപ​ദ്ധതിയും തിയറി, പ്രാക്ടിക്കൽ പരീക്ഷകളുമുള്ള ആരോ​ഗ്യ കായിക വിദ്യാഭ്യാസത്തിന് ആവശ്യമായ അദ്ധ്യാപകരെ നിയമിക്കണമെന്നും ശമ്പള തുല്യത നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് 2017 മുതൽ കായികാദ്ധ്യാപകർ

ചട്ടപ്പടി സമരം നടത്തുന്നുണ്ട്. എന്നാൽ ബന്ധപ്പെട്ടവർ കണ്ട ഭാവം നടിക്കുന്നില്ല.

കായികാദ്ധ്യാപക തസ്തിക മാനദണ്ഡങ്ങളും കാലോചിതമായി പരിഷ്കരിച്ചിട്ടില്ല. യു.പിയിൽ 500 കുട്ടികൾ ഉണ്ടെങ്കിൽ ഒരു അദ്ധ്യാപകൻ, ഹൈസ്കൂളിൽ 8,9 ക്ലാസുകളിൽ അ‍ഞ്ച് ​ഡിവിഷൻ ഉണ്ടെങ്കിൽ ഒരു അദ്ധ്യാപകൻ എന്നിങ്ങനെയാണ് മാനദണ്ഡം. ഹയർ സെക്കൻഡറിയിൽ തസ്തികയില്ല. എൽ പി മുതൽ പ്ലസ് ടു വരെ ക്ലാസെടുക്കുന്നുണ്ടെങ്കിലും പ്രൈമറി അദ്ധ്യാപക തസ്തികയുടെ ശമ്പളമാണ് നൽകുന്നത്.


ജില്ലയിലെ കായികാദ്ധ്യാപകരുടെ എണ്ണം

(സർക്കാർ, എയ്ഡഡ് - അദ്ധ്യാപകർ)


എൽ.പി.സ്കൂളുകൾ 426. അദ്ധ്യാപകർ 3.
യു.പി. സ്കൂളുകൾ 190. അദ്ധ്യാപകർ 17.
എച്ച്. എസ്. 231. അദ്ധ്യാപകർ: 119.

കായികാദ്ധ്യാപകരുടെ ആവശ്യങ്ങൾ

  • തസ്തികാ നിർണ്ണയ മാനദണ്ഡം പുതുക്കുക.
  • തുല്യജോലിക്ക് തുല്യവേതനം നൽകുക.
  • ഹയർ സെക്കൻ‍‍ഡറി തസ്തികയിൽ നിയമനം
  • പൊതു അദ്ധ്യാപകരായി പരി​ഗണിക്കുക

സംയുക്ത കായികാദ്ധ്യാപക സംഘടന ചെയർമാൻ ജോസിറ്റ് ജോൺ പറയുന്നു.

കായികാദ്ധ്യാപകരുടെ ആവശ്യത്തോട് സർക്കാർ മുഖംതിരിക്കുകയാണ്. ധാരാളം കുട്ടികൾക്ക് കായികവിദ്യാഭ്യസം ഇന്നും ലഭിക്കുന്നില്ല. ‍ഞങ്ങളുടെ ആവശ്യങ്ങൾ ന്യായമാണ്. സംസ്ഥാന സ്കൂൾ കായികമേളയിലടക്കം സമരവുമായി മുന്നോട്ട് പോകും.

Advertisement
Advertisement