മലയോര ഹൈവേ നിർമ്മാണം ഇഴയുന്നു സ്ഥലമേറ്റെടുപ്പിൽ അപാകതയെന്ന് ആക്ഷേപം

Saturday 19 November 2022 3:58 AM IST

പാലോട്: അവസാനഘട്ടത്തിലായെങ്കിലും മലയോര ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നതായി പരാതി. 2017ൽ ആരംഭിച്ചതാണ് മലയോര ഹൈവേയുടെ നിർമ്മാണം. റോഡുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയ്ക്കും മുതൽക്കൂട്ടാകും.

തമിഴ്നാട് അതിർത്തിയായ കന്നുവാമൂട്ടിൽ തുടങ്ങി കാസർകോട് ജില്ലയിലെ നന്ദാര പടവിൽ അവസാനിക്കുന്ന രീതിയിലാണ് മലയോര ഹൈവേയുടെ നിർമ്മാണം. തിരുവനന്തപുരം ജില്ലയിൽ പാറശാല, വെള്ളറട, അമ്പൂരി, കള്ളിക്കാട്, ആര്യനാട്, വിതുര, പെരിങ്ങമ്മല, പാലോട്, മടത്തറ എന്നിവിടങ്ങളിൽ കൂടിയാണ് മലയോര ഹൈവേ കടന്നുപോകുന്നത്. ഇതിൽ ഉൾപ്പെടുത്തി നിർമ്മാണം പുരോഗമിക്കുന്ന വിതുര മുതൽ ഇലവുപാലം വരെയുള്ള റോഡിലെ ടാപ്പുകൾ, വൈദ്യുതി പോസ്​റ്റുകൾ, മരങ്ങൾ എന്നിവ മാ​റ്റി നിർമ്മാണ പ്രവർത്തനങ്ങൾ സുഗമമാക്കി.

വിതുര, പൊന്നാംചുണ്ട്, പാലോട് എന്നിവിടങ്ങളെ ബന്ധപ്പെടുത്തി നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. സുരക്ഷിതമായ ഓടകൾ, ദിശാബോർഡുകൾ, സുരക്ഷാവേലികൾ എന്നിവ റോഡിന് ഇരുവശവും സ്ഥാപിച്ച് അപകടരഹിതമാക്കും. ആലപ്പുഴയൊഴിച്ച് മ​റ്റെല്ലാ ജില്ലകളെയും ബന്ധിപ്പിച്ചാണ് മലയോര ഹൈവേ കടന്നുപോകുന്നത്.

ഗ്രീൻഫീൽഡ് ഹൈവേയ്ക്കായി

സർവേ നടപടികൾ തുടങ്ങി

തിരുവനന്തപുരം അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ സർവേ നടപടി തുടങ്ങി. ടൗണുകൾ, ജനവാസ മേഖലകൾ ഒഴിവാക്കി നെടുമങ്ങാട്ട് നിന്ന് ആരംഭിച്ച് വിതുര, പാലോട്,മടത്തറ, കുളത്തൂപ്പുഴ, പുനലൂർ, പത്തനാപുരം, കോന്നി, കുമ്പളാംപൊയ്ക, കാഞ്ഞിരപള്ളി തിടനാട്, തൊടുപുഴ, മലയാ​റ്റൂർ വഴി അങ്കമാലിയിൽ എത്തുന്ന വിധത്തിൽ 227.5 കിലോമീ​റ്റർ ദൂരത്തിൽ 45 മീറ്റർ വീതിയിലാണ് റോഡ് നിർമ്മാണം. ഭോപാൽ ആസ്ഥാനമായ ഹൈവേ എൻജിനീയറിംഗ് കൺസൾട്ടൻസിയാണ് സർവേ നടത്തുന്നത്.

പുനലൂർ മുതൽ തൊടുപുഴ വരെ ടൗണിലൂടെ ഈ പാത കടന്നു പോവില്ല. വനമേഖലയെ ഒഴിവാക്കാൻ സീറോ ഫോറസ്​റ്റ് സർവേയും നടന്നു. ശബരിമല, എരുമേലി, ഭരണങ്ങാനം എന്നീ തീർത്ഥാടന കേന്ദ്രങ്ങളിൽ പോകുന്നവർക്ക് ഈ പാത അനുഗ്രഹമാകും. പുനലൂർ പൊൻകുന്നം പാതയ്ക്ക് സമാന്തരമായി മലയാലപ്പുഴ പഞ്ചായത്തിലെ പ്രദേശങ്ങളിലൂടെ കോന്നിയിൽ നിന്ന് കുമ്പളാംപൊയ്കയിൽ എത്തും. വടശ്ശേരിക്കര ടൗൺ, പെരുമ്പുഴ, ഇട്ടിയപാറ ടൗണുകളിലും ഈ പാത എത്തില്ല.

Advertisement
Advertisement