ലോകം ഖത്തറിലേക്ക് ഉരുളുമ്പോൾ

Friday 18 November 2022 9:48 PM IST

ഇരുപത്തിരണ്ടാമത് ഫിഫ ലോകകപ്പിന് ഏഷ്യൻ രാജ്യമായ ഖത്തറിൽ ഫസ്റ്റ് വിസിൽ മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. ലോകം ഒരു ഫുട്ബാളിനോളം ചെറുതാവുകയും ഫുട്ബാൾ ലോകത്തോളം വലുതാവുകയും ചെയ്യുന്ന ദിനരാത്രങ്ങളാണ് ഇനി വരുന്നത്. വിവിധ വൻകരകളിൽ നിന്നായി 32 ടീമുകൾ എട്ടുഗ്രൂപ്പുകളായി തിരിഞ്ഞ് ലോകകപ്പിനായി നടത്തുന്ന വിശ്വപോരാട്ടത്തിന്റെ മണിമുഴക്കത്തിന് ദോഹയിലെ അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 9.30ന് ആതിഥേയരും ഇക്വഡോറും തമ്മിലുള്ള മത്സരത്തോടെയാണ് തുടക്കമാകുന്നത്.

യൂറോപ്പും ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയുമൊക്കെ നിറയുന്ന ഫുട്ബാൾ ആരവത്തിന്റെ അലയൊലികളിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ് ലോകം. പങ്കെടുക്കാനുളള ടീമുകൾ ഖത്തറിലെ ബേസ് ക്യാമ്പുകളിലേക്ക് എത്തിക്കഴിഞ്ഞു. അവരുടെ ആരാധകപ്പടയും പുതിയ ആഘോഷവേദിയിലേക്ക് പറന്നിറങ്ങിത്തുടങ്ങി.

കഴിഞ്ഞ നാലു ലോകകപ്പുകളുടെയും ഉടമകൾ യൂറോപ്യൻ രാജ്യങ്ങളായിരുന്നു. 2002ന് ശേഷം ഒരു ലാറ്റിനമേരിക്കൻ രാജ്യത്തിന് ലോകകപ്പിൽ മുത്തമിടാൻ കഴിഞ്ഞിട്ടില്ല. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ്,മുൻ ചാമ്പ്യന്മാരായ ജർമ്മനി എന്നിവർക്കാണ് ഇത്തവണയും കപ്പുയർത്താൻ സാദ്ധ്യത കൂടുതൽ. യുവനിരയുമായി എത്തുന്ന സ്‌പെയ്‌നും കറുത്തകുതിരകളെന്ന പട്ടം നൽകാവുന്ന ബെൽജിയവും ക്രൊയേഷ്യയും കഴിഞ്ഞ യൂറോകപ്പ് ഫൈനലിസ്റ്റുകളായ ഇംഗ്ളണ്ടും ലക്ഷ്യം നേടാൻ ശക്തിയുള്ളവരാണ്. ലാറ്റിനമേരിക്കയിൽ നിന്ന് ബ്രസീലും അർജന്റീനയും ഇക്കുറി മികച്ച ടീമുമായാണ് എത്തിയിരിക്കുന്നതെങ്കിലും യൂറോപ്യൻ ആധിപത്യത്തെ ചെറുക്കാൻ ഏറെ വിയർക്കേണ്ടിവരും.

2010​ ​മു​ത​ൽ​ ​ഇ​ങ്ങോ​ട്ടു​ള്ള​ ​ലോ​ക​ക​പ്പു​ക​ളു​ടെ​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ൾ​ ​ക്രി​സ്റ്റ്യാ​നോ​ ​റൊ​ണാ​ൾ​ഡോ​യും​ ​ല​യ​ണ​ൽ​ ​മെ​സി​യും​ ​നെ​യ്‌മറു​മാ​യി​രു​ന്നു.​ ​ഈ​ ​ത്രി​മൂ​ർ​ത്തി​ക​ളി​ലാ​ർ​ക്കും​ ​ഇ​തു​വ​രെ​ ​ലോ​ക​ക​പ്പി​ൽ​ ​മു​ത്ത​മി​ടാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും​ ​ഖ​ത്ത​റി​ലെ​ ​ ​ഫാ​ൻ​ ​ഫേ​വ​റി​റ്റു​ക​ളാ​രെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ഉ​ത്ത​ര​ങ്ങ​ൾ​ ​ഈ​ ​പേ​രു​ക​ൾ​ത​ന്നെ.​ ​ഒ​പ്പം​ ​ക​ഴി​ഞ്ഞ​ ​ലോ​ക​ക​പ്പി​ലെ​ ​അ​ത്ഭു​ത​പ്ര​തി​ഭാ​സം​ ​കി​ലി​യ​ൻ​ ​എം​ബാ​പ്പെ​യും​ ​ക്ള​ബ് ​ഫു​ട്ബാ​ളി​ൽ​ ​വി​സ്മ​യ​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്ന​ ​ഒ​രു​ ​പ​റ്റം​ ​ചെ​റു​പ്പ​ക്കാ​രു​മു​ണ്ട്.​ ​പ​ങ്കെ​ടു​ക്കു​ന്ന​ 32​ ​ടീ​മു​ക​ളി​ൽ​ ​ഓ​രോ​ന്നി​ലും​ ​ലോ​കോ​ത്ത​ര​ നി​ല​വാ​ര​മു​ള്ള​ ​ഒ​രാ​ളെ​ങ്കി​ലു​മു​ണ്ട്.​ പ​ക്ഷേ​ ​ഡി​സം​ബ​ർ​ 18​ന് ​കി​രീ​ട​ധാ​ര​ണം​ ​ക​ഴി​യു​മ്പോ​ൾ​ ലോകം ​പു​തി​യൊരു​ ​അ​വ​താ​ര​പ്പി​റ​വി​ക്ക് ​സാ​ക്ഷി​യാ​വാ​നും ഇടയുണ്ട്.

​ക്രി​സ്റ്റ്യാ​നോ​യുടെയും​ ​മെ​സി​യുടെയും​ ​അ​വ​സാ​ന​ത്തെ​ ​ലോ​ക​ക​പ്പും​ ​ഖ​ത്ത​റി​ലാ​യി​രി​ക്കും.​ ​ല​യ​ണ​ൽ​ ​മെ​സി​ ​ഇ​ത് ​ത​ന്റെ​ ​അ​വ​സാ​ന​ ​ലോ​ക​ക​പ്പെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചു​ക​ഴി​ഞ്ഞു.​ ​പ്രാ​യ​ത്തെ​ ​വെ​ല്ലു​ന്ന​ ​കാ​യി​ക​മി​ക​വു​ള്ള​ ​ക്രി​സ്റ്റ്യാ​നോ​യു​ടെ​ ​കാ​ര്യ​ത്തി​ലും​ ​മ​റ്റൊ​രു​ ​തീ​രു​മാ​നം​ ​ഉ​ണ്ടാ​വാ​നി​ട​യി​ല്ല. ക്രിസ്റ്റ്യാനോയുടെ ഒറ്റയാൾ പോരാട്ടംകൊണ്ട് പോർച്ചുഗലിന് ഏറെദൂരം പോവുക പ്രയാസമാകും. മികച്ച ടീം എഫർട്ടുണ്ടെങ്കിൽ 2016 യൂറോകപ്പിലേതു പോലൊരു കുതിപ്പിന് പറങ്കികൾക്ക് കഴിയും.

കി​രീ​ട​മി​ല്ലാ​ത്ത​ ​രാ​ജാ​വെ​ന്ന​ ​നാ​ണ​ക്കേ​ടി​ന് ​മെ​സി​ ​അ​റു​തി​വ​രു​ത്തി​യ​ത് 2021​ലെ​ ​കോ​പ്പ​ ​അ​മേ​രി​ക്ക​ ​കി​രീ​ട​ത്തോ​ടെ​യാ​ണ്.​ ​അ​ന്നു​മു​ത​ൽ​ ​ലോ​ക​മെ​ങ്ങു​മു​ള്ള​ ​അ​ർ​ജ​ന്റീ​ന​യു​ടെ​ ​ആ​രാ​ധ​ക​ർ​ ​മ​റ്റൊ​രു​ ​സ്വ​പ്നം​ കൂ​ടി​ ​കാ​ണാ​ൻ​ ​തു​ട​ങ്ങി​;​ ​ഖ​ത്ത​റി​ലെ​ ​ലു​സൈ​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മെ​സി​ ​ലോ​ക​ക​പ്പു​യ​ർ​ത്തു​ന്ന​ ​ദൃ​ശ്യം.​ പ​ല​ ​ലോ​ക​ക​പ്പു​ക​ളി​ലും​ ​രാ​ജ്യ​ത്തി​ന്റെ​ ​ഭാ​ര​മ​ത്ര​യും​ ​മെ​സി​യു​ടെ​ ​ചു​മ​ലു​ക​ളി​ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​ത്ത​വ​ണ​ ​ക​ഥ​ ​മാ​റും.​ ​ടീ​മെ​ന്ന​ ​നി​ല​യി​ൽ​ ​മി​ക​ച്ച​ ​ഒ​ത്തൊ​രു​മ​യാ​ണ് ​യു​വ​ ​പ​രി​ശീ​ല​ക​ൻ​ ​ല​യ​ണ​ൽ​ ​സ്ക​ലോ​ണി​ക്ക് ​കീ​ഴി​ൽ​ ​അ​ർ​ജ​ന്റീ​ന​ ​കാ​ഴ്ച​വ​യ്ക്കു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ 36 മ​ത്സ​ര​ങ്ങ​ളി​ൽ​ ​തോ​ൽ​വി​യ​റി​യാ​തെ​യാ​ണ് ​മെ​സി​യും​ ​സം​ഘ​വും​ ​ഖ​ത്ത​റി​ലേ​ക്ക് ​വ​രു​ന്ന​ത്.

​അ​ഞ്ചു​ത​വ​ണ​ ​ലോ​ക​ക​പ്പ് ​നേ​ടി​യ​ ​ബ്ര​സീ​ലി​ന് ​നെ​യ്‌മ​റി​ന്റെ​ ​കാ​ല​ത്ത് ​ഇ​തേ​വ​രെ​ ​ഒ​രു​ ​ലോ​ക​ക​പ്പി​ലും​ ​ജേ​താ​ക്ക​ളാ​വാ​നാ​യി​ട്ടി​ല്ല.​ ​പ​ഴ​യ​ ​പെ​രു​മ​ ​ഇ​പ്പോ​ൾ​ ​നെ​യ്‌മറി​നൊ​പ്പ​മി​ല്ലെ​ങ്കി​ലും​ ​ബ്ര​സീ​ലി​ന്റെ​ ​മ​ഞ്ഞ​ക്കു​പ്പാ​യം​ ​ഈ​ 30​കാ​ര​നി​ൽ​ ​ആ​വേ​ശം​ ​നി​റ​യ്ക്കു​മെ​ന്നു​റ​പ്പ്. യുവതാരങ്ങളായ ആന്റണിയിലും വി​നീ​ഷ്യ​സ് ​ജൂ​നി​യ​റിലുമാണ് ​ബ്ര​സീ​ലി​ന്റെ​ ​മറ്റ് പ്രതീക്ഷകൾ.

പ​രി​ച​യ​സ​മ്പ​ന്ന​ത​കൊ​ണ്ട് ​ക്രി​സ്റ്റ്യാ​നോ​-​മെ​സി​-​നെയ്‌മ​ർ​ ​ത്ര​യം​ ​മു​ന്നി​ൽ​നി​ൽ​ക്കു​മ്പോ​ഴും​ ​ഈ​ ​ലോ​ക​ക​പ്പി​ലെ​ ​വ​മ്പ​നാ​യി​ ​പ​രി​ഗ​ണി​ക്കേ​ണ്ട​ത് ​ഫ്രാ​ൻ​സി​ന്റെ​ ​കി​ലി​യ​ൻ​ ​എം​ബാ​പ്പെ​യെ​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ലോ​ക​ക​പ്പി​ൽ​ ​ഉ​സൈ​ൻ​ ​ബോ​ൾ​ട്ടി​നെ​ ​അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ ​വേ​ഗ​വും​ ​മെ​സി​യു​ടെ​ ​പ​ന്ത​ട​ക്ക​വും​ ​ക്രി​സ്റ്റ്യ​നോ​യു​ടെ​ ​ക​രു​ത്തു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​കി​ലി​യ​ന് 19​ ​വ​യ​സേ​ ​ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ​നാ​ലു​വ​ർ​ഷ​ത്തെ​ ​മൂ​പ്പു​മാ​യി​ ​ഖ​ത്ത​റി​ലേ​ക്കെ​ത്തു​മ്പോ​ഴും​ ​എം​ബാ​പ്പെ​യ്ക്ക് ​ഒ​പ്പം​ ​നി​ൽ​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​മ​റ്റൊ​രു​ ​സ്ട്രൈ​ക്ക​ർ​ ​മ​റ്റൊ​രു​ ​ടീ​മി​ലു​മി​ല്ല​ത​ന്നെ. ഇ​ത്ത​വ​ണ​ ​ബാ​ലോ​ൺ​ ​ഡി​ ​ഓ​ർ​ ​നേ​ടി​യ​ ​ക​രീം​ ​ബെ​ൻ​സെ​മ​യും​ ​എം​ബാ​പ്പെ​യ്ക്കൊ​പ്പം​ ​ഫ്രാ​ൻ​സി​ന്റെ​ ​ശ​ക്തി​ ​കേ​ന്ദ്ര​മാ​ണ്.

2018​ ​ലോ​ക​ക​പ്പി​ൽ​ ​ക്രൊ​യേ​ഷ്യ​യെ​ ​ഫൈ​ന​ൽ​വ​രെ​യെ​ത്തി​ച്ച് ​മി​ക​ച്ച​ ​ക​ളി​ക്കാ​ര​നു​ള്ള​ ​ഗോ​ൾ​ഡ​ൻ​ ​ബൂ​ട്ട് ​നേ​ടി​യ​ ​ലൂ​ക്കാ​ ​മൊ​ഡ്രി​ച്ച് ,​ ​ഇം​ഗ്ളീ​ഷ് ​ക്ള​ബ് ​മാ​ഞ്ച​സ്റ്റ​ർ​ ​സി​റ്റി​യു​ടെ​ ​പ​ട​യോ​ട്ട​ങ്ങ​ൾ​ക്ക് ​ചു​ക്കാ​ൻ​ ​പി​ടി​ക്കു​ന്ന​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​കെ​വി​ൻ​ ​ഡി​ ​ബ്രു​യാ​ൻ,​ ​ഇം​ഗ്ള​ണ്ടി​ന്റെ​ ​സ്കോ​റിം​ഗ് ​യ​ന്ത്രം​ ​ഹാ​രി​ ​കേ​ൻ,​ ​യൂ​റോ​ ​ക​പ്പി​ലെ​ ​ക​ണ്ടെ​ത്ത​ൽ​ ​ഫി​ൽ​ ​ഫോ​ഡ​ൻ,​ബാ​ഴ്സ​ലോ​ണ​ ​ക്ള​ബി​നു​വേ​ണ്ടി​ 19​ ​വ​യ​സി​നി​ടെ​ 73​ ​മ​ത്സ​ര​ങ്ങ​ൾ​ ​ക​ളി​ച്ച​ ​സ്പാ​നി​ഷ് ​താ​രം​ ​പെ​ഡ്രി,​ ​കാ​ന​ഡ​യു​ടെ​ 21​കാ​ര​ൻ​ ​ലെ​ഫ്റ്റ് ​ബാ​ക്ക് ​അ​ൽ​ഫോ​ൺ​സോ​ ​ഡേ​വീ​സ്,​ചെ​ൽ​സി​യു​ടെ​ ​വ​ല​കാ​ക്കു​ന്ന​ ​സെ​ന​ഗ​ലു​കാ​ര​ൻ​ ​എ​ഡ്വാ​ർ​ഡോ​ ​മെ​ൻ​ഡി,​ഹോ​ള​ണ്ടി​ന്റെ​ ​സെ​ന്റ​ർ​ ​ബാ​ക്ക് ​വി​ർ​ജി​ൽ​ ​വാ​ൻ​ഡി​ക്ക്,​ ജ​ർ​മ്മ​നി​യു​ടെ​ ​ജോ​ഷ്വാ​ ​കി​മ്മി​ഷ് ​തു​ട​ങ്ങി​യ​ ​ഒ​രു​ ​പി​ടി​ ​താ​ര​ങ്ങ​ളാ​ണ് ഈ ലോകകപ്പിൽ ആരാധകരുടെ ആവേശമുയർത്താൻ ബൂട്ടുകെട്ടുന്നത്.

ഇത്തവണ ഖത്തറിലെ കാലാവസ്ഥയും മറ്റും യൂറോപ്യൻ രാജ്യങ്ങൾക്ക് അത്ര പഥ്യമല്ല. ഖത്തറിലെ ചൂട് വെല്ലുവിളിയാകുമെന്ന യൂറോപ്യൻ രാജ്യങ്ങളുടെ പരാതി പരിഗണിച്ചാണ് പതിവ് ജൂൺ-ജൂലായ് മാസങ്ങളിൽ നിന്ന് മത്സരങ്ങൾ നവംബർ-ഡിസംബറിലേക്ക് മാറ്റിയത്. ഖത്തറിന് ലോകകപ്പ് വേദി അനുവദിച്ചതിൽ യൂറോപ്യൻ ഫുട്ബാൾ അസോസിയേഷൻ പരസ്യമായിത്തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. വേദി നിർമ്മാണത്തിൽ തൊഴിലാളികളുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ടു എന്നതുൾപ്പടെയുള്ള ആരോപണങ്ങളും ഉയർത്തിയിരുന്നു. എന്നാൽ എതിരാളികളുടെ വിമർശനങ്ങളുടെ മുനയൊടിക്കുന്ന രീതിയിൽ പണം വാരിയെറിഞ്ഞാണ് ഖത്തർ ലോകകപ്പ് നടത്തുന്നത്. ഏറ്റവും പണച്ചെലവുള്ള ലോകകപ്പിനാണ് ഖത്തറിൽ കൊടി ഉയരുന്നത്.

ഈ ലോകകപ്പിനെ സംബന്ധിച്ചിടത്തോളം മറ്റൊരു പ്രത്യേകത മലയാളികളുടെ സാന്നിദ്ധ്യമാണ്. വേദി നിർമ്മാണം മുതൽ ആതിഥേയ രാജ്യത്തിന്റെ തയ്യാറെടുപ്പുകളിൽ മലയാളികളുടെ പങ്ക് നിസ്തുലമായിരുന്നു. കേരളീയർക്ക് ലോകകപ്പ് നേരിൽ കാണാൻ അടുത്തുകിട്ടിയ ഏറ്റവും നല്ല അവസരം എന്ന നിലയിൽ പതിനായിരക്കണക്കിന് പേരാണ് ഖത്തറിലേക്ക് പോകുന്നത്. ഗൾഫ് രാഷ്ട്രങ്ങളിലെ പ്രവാസി മലയാളികളിലെ നല്ലൊരു പങ്ക് കളിയാരാധകരും ഖത്തറിലെത്തുന്നുണ്ട്. ലോകത്തിന്റെ ഫുട്ബാൾ സ്പന്ദനം ഇനി കുറച്ചുനാൾ ഫുട്ബാളിലായിരിക്കും. നമുക്കും ആ ആരവങ്ങളിൽ അലിഞ്ഞുചേരാം.