അതിരു മുറിഞ്ഞ് ആവേശം; നുരയുന്നു ഫുട്ബാൾ ലഹരി

Saturday 19 November 2022 12:00 AM IST

ഇനി ലോകം മതിമറക്കും ! കാതുകൾക്ക് കേൾക്കേണ്ടതും നാവുകൾക്ക് പറയാനുള്ളതും ഒന്നുതന്നെ. കണ്ണുകൾക്ക് ആനന്ദതൂമഴയായി ലോകകപ്പ് മത്സരങ്ങളോരോന്ന് പെയ്തിറങ്ങും. രാവും പകലും ലോകകപ്പ് വിശേഷങ്ങൾ മാത്രം. ഫുട്ബാൾ പ്രേമികൾ ആവേശത്തിൽ കുതിരും. കാത്തിരുന്ന നാളെത്തുന്നതോടെ ഖത്തറിലേതുപോലെ മലപ്പുറത്തുകാരുടേയും ഖൽബിൽ തിരയിളക്കം.
ലോകകപ്പിന് എങ്ങനെ എത്രത്തോളം ഒരുങ്ങണമെന്നറിയാത്ത ആശങ്കയിലാണ് മലപ്പുറത്തെ ഫുട്ബാൾ ആരാധകർ. ഒരുങ്ങിയാലും ഒരുങ്ങിയാലും മതിവരാത്ത കൂട്ടർ. ആവുന്നതിലേറെ ചെയ്തുകഴിഞ്ഞവർക്കും ആസൂത്രണങ്ങളേറെ ബാക്കി.

" 250 അടി നീളത്തിലാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്ഥലപരിമിതി മൂലം ഫ്ളെക്സിന്റെ നീളം കുറയ്‌ക്കുകയായിരുന്നു. സ്വന്തം ക്ലബിലെ,​ മറ്റ് ടീമുകളുടെ ആരാധകരുമായുണ്ടായ സൗഹൃദ വെല്ലുവിളിയാണ് ഇത്രയും വലിയ ഫ്ലെക്സ് ബോർഡ് വയ്‌ക്കാൻ പ്രേരിപ്പിച്ചത്." 187 അടിനീളത്തിലും ആറടി വീതിയിലുമായി നിലമ്പൂർ താഴെ ചന്തക്കുന്നിൽ ബ്രസീൽ ടീമിന്റെ ഫ്ലെക്സ് ബോർഡ് ഒരുക്കിയ ചന്തക്കുന്ന് ചെസ് ക്ലബിലെ ബ്രസീൽ ആരാധകരുടേതാണ് വാക്കുകൾ. കേരളത്തിലെതന്നെ ഏറ്റവും വലിയ ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചെന്ന അവകാശവാദവും ഇവർക്കുണ്ട്. ഇത്തവണത്തെ മുഴുവൻ ടീമംഗങ്ങളും ഫുട്‌ബോൾ ഇതിഹാസം പെലെ, കക്ക, റൊണാൾഡോ എന്നിവരും ബോർഡിലുണ്ട്. രാത്രിനേരത്ത് അഞ്ച് മണിക്കൂറോളമെടുത്താണ് കാറ്റാടി മരത്തടികളും ഇരുമ്പുകമ്പികളും ഉപയോഗിച്ച് ബോർഡ് സ്ഥാപിച്ചത്. കേരളത്തിൽ ഇത്ര വലിപ്പത്തിലുള്ള ബോർഡ് ആരും സ്ഥാപിച്ചിട്ടില്ലെന്നും അവർ പറയുന്നു. ഇനി റോഡ് ഷോ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഫുട്ബാൾ കമ്പക്കാർ.

ലോകകപ്പ് മത്സരങ്ങൾ

മലപ്പുറത്തും

കോട്ടൂരിൽ എ.കെ.എം സ്‌പോർട്‌സ് അക്കാഡമിയുടെ നേതൃത്വത്തിൽ ഒരു മിനി ലോകകപ്പ് തന്നെ നടക്കുന്നുണ്ട്. ലോകകപ്പിന്റെ അതേ മാതൃകയിൽ ഫിക്ചർ അനുസരിച്ചാണ് മത്സരങ്ങൾ. ഒരു മാസം നീണ്ടുനിൽക്കുന്ന മാമാങ്കത്തിൽ 64 മത്സരങ്ങളുണ്ടാകും. 32 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ജഴ്‌സി അണിഞ്ഞ് 352 വിദ്യാർത്ഥികൾ പങ്കെടുക്കും. ഇതോടനുബന്ധിച്ചുള്ള വിളംബരറാലിയൊക്കെ നടന്നുകഴിഞ്ഞു. 26ന് മന്ത്രി വി. അബ്ദുറഹ്മാൻ മത്സരം ഉദ്ഘാടനം ചെയ്യും.

'ലഹരിയുടെയല്ല ഫുട്‌ബാളിന്റെ കിക്ക് '

ഫുട്ബാളിന്റെ ലഹരി മറ്റൊന്നിനുമില്ല എന്നുറപ്പിക്കുന്നതായിരുന്നു യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച 'ലഹരിയുടെയല്ല ഫുട്‌ബോളിന്റെ കിക്ക് ' എന്ന ഫുട്ബാൾ ആവേശപരിപാടി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എയുടെ നേതൃത്വത്തിലാണ് 'വേൾഡ് കപ്പ് വെൽക്കം റാലിയും' സൗഹൃദ ഫുട്‌ബാൾ മത്സരവും മലപ്പുറത്ത് സംഘടിപ്പിച്ചത്. വിവിധ ടീമുകളുടെ ജഴ്‌സിയണിഞ്ഞ് നൂറുകണക്കിന് യുവാക്കൾ റാലിയിൽ അണിനിരന്നു. ശിങ്കാരിമേളത്തിനും ബാന്റ് മേളത്തിനുമൊപ്പം ചുവടുവച്ചും പടക്കം പൊട്ടിച്ചും ലോകകപ്പ് വരവേൽപ്പ് ഫുട്ബാൾ പ്രേമികൾ ആഘോഷമാക്കി. റാലിക്കുശേഷം നേതാക്കൾ പങ്കെടുത്ത സൗഹൃദ അർജന്റീന- ബ്രസീൽ സ്വപ്ന ഫൈനൽ ഫുട്‌ബാൾ മത്സരവും നടന്നു.

തിരൂരിൽ വെറ്ററൻസ്

ഫുട്‌ബാൾ മത്സരം

പഴയകാല ഫുട്‌ബാൾ താരങ്ങൾ ലോകകപ്പ് ആവേശത്തിൽ ബൂട്ടണിഞ്ഞപ്പോൾ പുതിയ തലമുറയ്ക്ക് വേറിട്ട അനുഭവം. തിരൂരിൽ രണ്ടാഴ്ചയായാണ് മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെയും ജില്ലാ ഫുട്‌ബാൾ അസോസിയേഷന്റെയും സഹകരണത്തോടെ തിരൂർ വൈറ്ററൻസ് ഫുട്‌ബാൾ അസോസിയേഷൻ വെറ്ററൻസ് ഫുട്‌ബാൾ മത്സരം സംഘടിപ്പിച്ചത്. മുൻകാല ഫുട്ബാൾ താരങ്ങൾക്ക്
ഓർമ്മകൾ അയവിറക്കാനുള്ള അവസരമായപ്പോൾ കാൽപന്ത് കമ്പക്കാർക്ക് മറ്റൊരു വിരുന്നായി. താഴെപ്പാലം രാജീവ്ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന മത്സരങ്ങളിൽ തിരൂർ താലൂക്ക് പരിധിയിലുള്ള ഇരുന്നൂറോളം കളിക്കാർ കളത്തിലിറങ്ങി. 40 വയസു മുതൽ 65വയസു വരെയുള്ള പഴയ ഫുട്‌ബാൾ താരങ്ങൾ ബൂട്ട് അണിഞ്ഞവരിൽ ഉൾപ്പെടും. കുറുക്കോളി മൊയ്തീൻ എം.എൽ.എ
സമ്മാനദാനം നടത്തി.

'ജബുലാനി '

ഫുട്‌ബോൾ മാതൃക

പോരൂർ പുളിയക്കോട് ന്യൂ സാംസൺ സംഘം വേറിട്ട രീതിയിലാണ് ലോകകപ്പ് ആവേശം പ്രകടമാക്കിയത്. 'ജബുലാനി ' പന്തിന്റെ വലിയ മാതൃക നിർമ്മിച്ചായിരുന്നു അവരുടെ ലോകകപ്പ് സ്വീകരണം. 2010 ലോകകപ്പിലാണ് 'ജബുലാനി ' മാതൃകയിൽ പുളിയക്കോടിൽ ഇത്തരത്തിൽ ഫുട്ബാൾ മാതൃക അവർ ആദ്യമായി നിർമ്മിച്ചത്. പിന്നീട് ഓരോ ലോകകപ്പ് മത്സരങ്ങൾ വരുമ്പോഴും ഈ മാതൃകയിൽത്തന്നെ ഫുട്ബാൾ നിർമ്മിച്ച് ഉദ്ഘാടനം ചെയ്യുന്നതാണ് രീതി. പുളിയക്കോട് അങ്ങാടിയിൽ നാസിക് ഡോളിന്റെ അകമ്പടിയോടെ ഫാൻസ് ഷോയും അരങ്ങേറി. ക്ലബ് അംഗങ്ങൾ വിവിധ ടീമുകളുടെ ജഴ്‌സിയണിഞ്ഞ് പരിപാടിയിൽ പങ്കെടുത്തു.

സ്വർണ്ണത്തിൽ

ലോകകപ്പ് മാതൃക

മഞ്ചേരിയ്ക്ക് പറയാനുള്ള ലോകകപ്പ് ആഘോഷത്തിന് മാറ്റുകൂടും.

അന്നാട്ടിലെ ഫുട്ബാൾ ആരാധകർ ലോകകപ്പ് ആവേശം തീർത്തത് പൊന്നുകൊണ്ടാണ്. തൃപ്പനച്ചി എ.യു.പി സ്‌കൂളിൽ 400, 200, മില്ലി സ്വർണത്തിൽ തീർത്ത ലോകകപ്പിന്റെ കുഞ്ഞുമാതൃകയുടെ പ്രദർശനമാണ് സംഘടിപ്പിച്ചത്. ലോകകപ്പിന്റെ അതേമാതൃകയിലുള്ള കുഞ്ഞൻ വിദ്യാർത്ഥികളിലും കൗതുകമുണർത്തി. സ്‌കൂളിലെ സാമൂഹ്യശാസ്ത്ര അദ്ധ്യാപകനായ അബ്ദുൽ അലിയുടെ ശേഖരത്തിൽപ്പെട്ടതാണ് ഈ കുഞ്ഞൻ ലോകകപ്പ് മാതൃകകൾ. കൊണ്ടോട്ടിയിലുള്ള സുഹൃത്തിന്റെ സഹായത്തോടെ അഞ്ച് വർഷം മുൻപാണ് കുഞ്ഞൻകപ്പുകൾ നിർമ്മിച്ചത്. പതിനെട്ട് കാരറ്റിലാണ് സ്വർണ്ണകപ്പുകൾ നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പ് ഫുട്‌ബാളുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ ഇറക്കിയ സ്റ്റാമ്പുകളുടെ പ്രദർശനവും നടത്തി.

എങ്ങെങ്ങും ഫുട്ബാൾ

മത്സരങ്ങൾ

ഖത്തറിൽ പന്തുരുളും മുൻപ് തന്നെ ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം നിരവധി ഫുട്ബാൾ മത്സരങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. അർജന്റീന,​ ബ്രസീൽ,​ പോർച്ചുഗൽ തുടങ്ങി ലോകകപ്പിൽ മാറ്റുരയ്‌ക്കുന്ന ടീമുകളുടെ ജഴ്സിയിൽ നിരവധി മൈതാനങ്ങളാണ് കളർഫുളാവുന്നത്.

കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് സ്വപ്ന ഫൈനൽ പോരാട്ടത്തിൽ കിരീടത്തിൽ മുത്തമിട്ടത് ബ്രസീലായിരുന്നു. ഫുട്‌ബാൾ ലവേഴ്‌സ് ഫോറം സംഘടിപ്പിച്ച അർജന്റീന- ബ്രസീൽ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് കാനറികളുടെ വിജയം ആവേശപ്പോരാട്ടത്തിന് സാക്ഷിയാകാൻ ആയിരക്കണക്കിനാളുകളാണ് സ്റ്റേഡിയത്തിലെത്തിയത്.

മഞ്ചേരി നഗരസഭ നടത്തുന്ന ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെയും ആരവത്തിന് കുറവുണ്ടായിരുന്നില്ല. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 ക്ലബുകളുടെ ടീമുകൾ പങ്കെടുത്തു. സമാപനദിവസം നഗരസഭാ കൗൺസിലർമാരുടെയും ജീവനക്കാരുടെയും സൗഹൃദ മത്സരവും നടന്നു.

ഫുട്ബാൾ മത്സരങ്ങൾക്ക് പുറമേ ഷൂട്ടൗട്ട് മത്സരം ക്വിസ് മത്സരവുമടക്കം എത്രയെത്ര ഫുട്ബാൾ ആഘോഷമാണ് നാടെങ്ങും നിറയുന്നത്.

Advertisement
Advertisement