സവർക്കർക്കെതിരായ രാഹുലിന്റെ പരാമർശം: മഹാ വികാസ് അഘാഡി സഖ്യത്തിൽ വിള്ളൽ

Saturday 19 November 2022 1:28 AM IST

മുംബയ്: വി.ഡി. സവർക്കർക്കെതിരായ രാഹുൽ ഗാന്ധിയുടെ പരാമർശം മഹാ വികാസ് അഘാഡി സഖ്യത്തിൽ വിള്ളലുണ്ടാക്കുമെന്ന് ശിവസേന ഉദ്ദവ് ബാലാസാഹേബ് താക്കറെ സഞ്ജയ് റാവത്ത് പറഞ്ഞു. എന്നാൽ സഖ്യം തകരില്ലെന്നും, അതിൽ കയ്പുണ്ടാകുമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് മഹാരാഷ്ട്രയിൽ വലിയ പ്രതികരണമാണ് ലഭിച്ചത്. അതിനാൽ ഈ ഘട്ടത്തിൽ സവർക്കർ വിഷയം ഉന്നയിച്ച് വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. രാജ്യത്തെ വിദ്വേഷം അവസാനിപ്പിക്കാനും പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കുമെതിരെ ശബ്ദമുയർത്താനും ലക്ഷ്യമിട്ടാണ് രാഹുലിന്റെ യാത്ര. എന്നാൽ സവർക്കർ വിഷയത്തിൽ ശിവസേന രാഹുലിനോട് വിയോജിക്കുകയാണ്. എന്നാൽ രാഷ്ട്രീയ നേട്ടത്തിനായാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്ത ബി.ജെ.പിക്ക് പെട്ടെന്ന് സവർക്കറോട് ആരാധന തോന്നാൻ കാരണമെന്നും റാവത്ത് പറഞ്ഞു.

 രാഹുലിനെ അറസ്റ്ര് ചെയ്യണമെന്ന് രഞ്ജിത് സവർക്കർ

വി.ഡി. സവർക്കർ ജയലിലിൽ നിന്ന് പുറത്തിറങ്ങുന്നതിന് ബ്രിട്ടീഷുകാർക്ക് കത്തെഴുതി എന്നാരോപിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ താനെ നഗർ പൊലീസ് കേസെടുത്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന്റെ പ്രവർത്തകയായ വന്ദന ഡോംഗ്രെയുടെ പരാതിയിലാണ് നടപടി. അതേസമയം രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്ന് സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ ആവശ്യപ്പെട്ടു. തുടർന്ന് രഞ്ജിത് ശിവാജി പാർക്ക് പൊലീസിൽ പരാതിയും നൽകി.

രാഹുലിന്റെ പ്രസ്താവനയ്ക്കെതിരെ ബി.ജെ.പിയും ശിവസേന ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ വിഭാഗങ്ങളും പ്രതിഷേധിച്ചു. ഭാരത് ജോഡോ യാത്രയ്‌ക്കിടയിലുള്ള വാർത്താ സമ്മേളനത്തിലാണ് സവർക്കർ ബ്രിട്ടീഷ് ഭരണാധികാരികളെ സഹായിച്ചെന്നും അവർക്ക് ദയാഹർജി എഴുതിയെന്നുമാണ് രാഹുൽ പറഞ്ഞത്.

Advertisement
Advertisement