നക്ഷത്രം ഏതായാലും മരമുണ്ട് പരിപാലിക്കാൻ

Saturday 19 November 2022 12:32 AM IST
പാട്ടുകുളം ശ്രീ രാജ രാജേശ്വരി ക്ഷേത്രമുറ്റത്തെ നക്ഷത്ര മരങ്ങൾക്കൊപ്പം പ്രസിഡന്റ് കെ. സദാശിവൻ

മുഹമ്മ: മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ പാട്ടുകുളം ക്ഷേത്രത്തിൽ 27 നക്ഷത്രക്കാരുടെ പ്രതിനിധികളായി 27 മരങ്ങൾ വളർച്ചയുടെ ആദ്യഘട്ടത്തിൽ. അഞ്ച് വസന്തകാലം കൊഴിയുമ്പോൾ ചെറിയൊരു നക്ഷത്രക്കാവ് ആയി മാറും ക്ഷേത്രമുറ്റം.

4 മാസം മുമ്പാണ് ക്ഷേത്രത്തിന്റെ വടക്ക് കിഴക്കേ മൂലയിൽ നക്ഷത്രമരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങിയത്. സംരക്ഷിക്കാനായി ചുറ്റുമതിലും നിർമ്മിച്ചു. നനയ്ക്കാൻ ടാപ്പും കുടവും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ മരത്തിനും സംരക്ഷണത്തിനായി കമ്പിക്കൂടുണ്ടാക്കി അതിൽ വൃക്ഷത്തിന്റെ പേര് രേഖപ്പെടുത്തി. ഇതിനായി 2 ലക്ഷത്തിനു മേൽ ദേവസ്വം ചെലവിട്ടു.

കുട്ടികളോടൊപ്പം ക്ഷേത്രത്തിൽ എത്തുന്നവർ ദർശനം കഴിഞ്ഞ് നാളിനോടു ചേർന്നുള്ള വൃക്ഷത്തൈകൾ പരിപാലിക്കുന്നുണ്ട്.

കലവൂരിലെ സ്വകാര്യ നഴ്സറിയിൽ നിന്നാണ് വൃക്ഷത്തൈകൾ സംഘടിപ്പിച്ചത്. ഔഷധ പ്രധാനമായ വൃക്ഷങ്ങളാണ് ഏറെയും. തേൻമാവും പ്ലാവും നെല്ലിയും ഞാവലും മാത്രമാണ് ഭക്ഷണ പ്രധാനമായവ. കാഞ്ഞിരം പോലെ വിഷപ്രധാന മരവുമുണ്ട്. മറ്റുള്ള മരങ്ങൾ ഓരോന്നും വിവിധ രോഗങ്ങൾക്കായി ആയുർവേദം, അലോപ്പതി, ഹോമിയോപ്പതി വിഭാഗങ്ങളിൽ ഉപയോഗിക്കുന്നവയാണ്. പ്രകൃതിസംരക്ഷണത്തിന് ഈ പരിശ്രമം മുതൽക്കൂട്ടായി തീരമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം പ്രസിഡന്റ് കെ. സദാശിവൻ പറഞ്ഞു.

Advertisement
Advertisement