രാജാ കേശവദാസ് നീന്തൽക്കുളം ഉദ്ഘാടനം 25ന് (ഡെക്ക്) ഇനി കുളത്തിലിറങ്ങാം, കൂളായി...

Saturday 19 November 2022 12:35 AM IST
നവംബർ രണ്ടിന് കേരള കൗമുദി പ്രസിദ്ധീകരിച്ച വാർത്ത

ആലപ്പുഴ: കാത്തിരിപ്പിനൊടുവിൽ രാജാ കേശവദാസ് നീന്തൽക്കുളം ജില്ലയിലെ നീന്തൽ പ്രേമികൾക്കായി തുറന്നുകൊടുക്കുന്നു.

25ന് വൈകിട്ട് 6ന് മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. കരുമാടിയിലെ വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് എത്തിച്ച 37 ലക്ഷം ലിറ്റർ ജലം പൂളിൽ നിറച്ചു കഴിഞ്ഞു. ക്ളോറിനേഷൻ നടപടികൾ പുരോഗമിക്കുകയാണ്.

ഇതിന് പുറമേ രണ്ട് ടാങ്കുകളിലായി ജലശേഖരമുണ്ടാകും. കുളത്തോടു ചേർന്ന് ഗ്യാലറി, ഫ്ലോറിംഗ്, ഇലക്ട്രിക് സംവിധാനങ്ങളും സജ്ജമായിട്ടുണ്ട്. ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ നീന്തൽ പരിശീലകന് കീഴിൽ ഇതോടെ പരിശീലനം ആരംഭിക്കാനാവും. പരമാവധി 29 ലക്ഷം ലിറ്റർ വെള്ളം മാത്രമേ കുളത്തിൽ നിറയ്ക്കാനാവൂ എന്ന അധികൃതരുടെ പ്രതീക്ഷ തെറ്റിച്ചുകൊണ്ട് 37 ലക്ഷം ലിറ്റർ നിറയ്ക്കാൻ സാധിച്ചു. 2021ലെ കേരളപ്പിറവി ദിനത്തിൽ നീന്തൽക്കുളം തുറക്കാൻ തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനമായിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നന്നില്ല. ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിന്ന് വനിതാ പരീശീലകരടക്കം ജില്ലയിലെത്തി ചുമതലയേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

# മടുപ്പിച്ച കാത്തിരിപ്പ്

2006- 07 കാലത്ത് പൂട്ടിയ രാജാകേശവദാസ് സ്വിമ്മിംഗ് പൂളിന്റെ നവീകരണം 2015ലെ ദേശീയ ഗെയിംസിനോട് അനുബന്ധിച്ചാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ ആരംഭിച്ചത്. ഒന്നരക്കോടിയിലധികം മുടക്കി ആരംഭിച്ച നിർമ്മാണം പലപ്പോഴും പാതിവഴിയിൽ നിലച്ചു. ചിലപ്പോഴൊക്കെ ഒച്ചിഴയും പോലെ നീങ്ങി. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉയർന്നു വന്ന തൊഴിലാളി പ്രശ്‌നങ്ങളും പണം അനുവദിക്കുന്നതിലെ കാലതാമസവും പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ഇടയ്ക്കുവെച്ച് പ്ളാനിൽ മാറ്റം വരുത്തേണ്ടിവന്നതും കാലതാമസത്തിനു കാരണമായി. പണി പൂർത്തിയായ ശേഷം ആഴം കൂട്ടലെന്ന ആവശ്യം ഉയർന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു.

# മത്സരങ്ങൾക്ക് അനുയോജ്യം

ജില്ലാ, സംസ്ഥാന തല നീന്തൽ മത്സരങ്ങൾക്ക് രാജാ കേശവദാസ് നീന്തൽക്കുളം അനുയോജ്യമാണ്. എന്നാൽ ഒന്നിലധികം നീന്തൽക്കുളങ്ങൾ ഇല്ലാത്തതിനാൽ രാജ്യാന്തര മത്സരങ്ങൾ നടത്താനാവില്ല. കുട്ടികൾക്കടക്കം പരിശീലനം നേടാമെന്നതാണ് പ്രധാന നേട്ടം.

ആലപ്പുഴക്കാരുടെ വലിയ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. ജില്ലയുടെ കായിക രംഗത്തിന് വലിയ കുതിപ്പേകാൻ രാജാകേശവദാസ് നീന്തൽക്കുളം സഹായകമാകും

പ്രദീപ് കുമാർ, സെക്രട്ടറി, ജില്ലാ സ്പോർട്സ് കൗൺസിൽ

Advertisement
Advertisement