നോർഡ് സ്ട്രീം സ്ഫോടനം: അട്ടിമറിശ്രമമെന്ന് സ്വീഡൻ

Saturday 19 November 2022 5:01 AM IST

സ്റ്റോക്‌ഹോം: സെപ്തംബർ 26ന് ബാൾട്ടിക് കടലിലെ നോർഡ് സ്ട്രീം - 1, നോർഡ് സ്ട്രീം - 2 ഗ്യാസ് പൈപ്പ് ലൈനുകളിലുണ്ടായ സ്ഫോടനങ്ങൾ അട്ടിമറിശ്രമം ആയിരുന്നെന്ന് സ്വീഡൻ. റഷ്യയിൽ നിന്നുള്ള വാതകം ജർമ്മനിയിലേക്കെത്തിക്കുന്ന തന്ത്രപ്രധാനമായ പൈപ്പ്‌ലൈനാണ് നോർഡ് സ്ട്രീം.

തകർന്ന നോർഡ് സ്ട്രീം പൈപ്പ്‌ലൈനുകളുടെ സമീപം സ്ഫോടകവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയെന്നും ഇത് വൻ അട്ടിമറി നടന്നെന്ന് സ്ഥിരീകരിക്കുന്നതാണെന്നും സ്വീഡിഷ് അന്വേഷണ സംഘം അറിയിച്ചു. എന്നാൽ അട്ടിമറിയ്ക്ക് പിന്നിൽ ആരാകുമെന്ന് അന്വേഷണ സംഘം പരാമ‌ർശിച്ചില്ല. കൂടുതൽ വിവരങ്ങളും പുറത്തുവിട്ടില്ല.

സ്ഫോടനത്തിന് പിന്നാലെ നോർഡ് സ്ട്രീം - 1, നോർഡ് സ്ട്രീം - 2 ഗ്യാസ് പൈപ്പ് ലൈനുകളിലുണ്ടായ നാല് ദ്വാരങ്ങളെ പറ്റി സ്വീഡനൊപ്പം ഡെൻമാർക്കും അന്വേഷണം നടത്തുന്നുണ്ട്. ശക്തമായ സ്ഫോടനങ്ങൾ പൈപ്പ് ലൈനുകളിൽ ചോർച്ചയുണ്ടാക്കിയെന്ന് ഡെൻമാർക്ക് കണ്ടെത്തിയിരുന്നു.

അതേ സമയം, പൈപ്പ് ലൈനുകളിൽ സ്ഫോടനമുണ്ടാക്കിയത് ബ്രിട്ടീഷ് നേവിയാണെന്ന് റഷ്യ കഴിഞ്ഞ മാസം ആരോപിച്ചിരുന്നു. യുക്രെയിൻ അധിനിവേശത്തിനിടെ ഒരു നാറ്റോ അംഗരാജ്യത്തിനെതിരെ റഷ്യ നടത്തിയ ശക്തമായ ആരോപണമാണിത്. എന്നാൽ, ഈ വാദത്തിന് റഷ്യ തെളിവൊന്നും പുറത്തുവിട്ടില്ല. ആരോപണം നിഷേധിച്ച യു.കെ പ്രതിരോധ മന്ത്രാലയം റഷ്യ തെറ്റായ അവകാശവാദങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതികരിച്ചിരുന്നു.

Advertisement
Advertisement