അമ്മ ഉപേക്ഷിച്ചപ്പോൾ വളർത്തിയ മുത്തശ്ശിക്ക് തന്നെ ഒടുവിൽ പണികൊടുത്തു, കാമുകനുവേണ്ടി പതിനേഴ് പവനും ലക്ഷങ്ങളും അടിച്ചുമാറ്റി, പിടിക്കപ്പെടാതിരിക്കാൻ ഇരുപത്തിയൊന്നുകാരി ചെയ്‌തത്

Sunday 20 November 2022 10:20 AM IST

ചേർപ്പ് : കാമുകന്റെ സാമ്പത്തിക ബാദ്ധ്യത തീർക്കാൻ മുത്തശ്ശിയുടെ 17 പവൻ സ്വർണവും എട്ട് ലക്ഷവും കവർന്ന ചെറുമകളും കാമുകനും പിടിയിൽ. പള്ളിപ്പുറം പുളിപ്പറമ്പിൽ സൗപർണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്ന് തലോണ്ട വീട്ടിൽ അഭിജിത് (21), എന്നിവരെയാണ് ചേർപ്പ് പൊലീസ് പിടികൂടിയത്.

കൂർക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കിൽ നിന്നാണ് പുളിപ്പറമ്പിൽ ഭാസ്‌കരന്റെ ഭാര്യ ലീല (72) അറിയാതെ സൗപർണിക പണവും സ്വർണാഭരണങ്ങളും രണ്ട് തവണയായി തട്ടിയെടുത്തത്. ലീലയുടെ മൂത്തമകൻ സുരേഷിന്റെ മകളാണ് സൗപർണിക. സുരേഷിന്റെ മരണശേഷം മാതാവ് പെൺകുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് അമ്മൂമ്മയാണ് വളർത്തിയത്. ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായിരുന്ന ലീലയുടെ ഭർത്താവ് ഭാസ്‌കരന്റെ മരണശേഷം കുടുംബപെൻഷൻ സ്വകാര്യബാങ്കിലെത്തുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് ബി.ബി.എക്കാരിയായ സൗപർണികയാണ്.

പണത്തോടൊപ്പം ലോക്കറിലും വീട്ടിലുമായുണ്ടായിരുന്ന സ്വർണ്ണവും സൗപർണ്ണിക തട്ടിയെടുത്ത് കാമുകന് നൽകുകയും പകരം റോൾഡ് ഗോൾഡ് ആഭരണങ്ങൾ വയ്‌ക്കുകയും ചെയ്‌തു. തട്ടിയെടുത്ത പണവും സ്വർണവും സൗപർണിക അഭിജിത്തിന്റെ സാമ്പത്തികബാദ്ധ്യത തീർക്കാനും വീട് പണി നടത്താനുമായി കൂർക്കഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തിൽ പണയം വച്ചു. പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഇരുവരുടേതും.

ലീല തൃശൂരിലെ ജുവലറിയിൽ പോയി പുതിയ കമ്മൽ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ലീല ഇളയമകൾ ഷീബയോട് വിവരം പറഞ്ഞു. മറ്റുസ്വർണ്ണാഭരണങ്ങൾ പരിശോധിച്ചപ്പോൾ അതും മുക്കാണെന്ന് കണ്ടെത്തി. തുടർന്ന് ഇവർ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു

Advertisement
Advertisement