ഹൈപെർഫോമൻസ് ശ്രേണിയിൽ പുത്തൻ പിയാജിയോ വെസ്‌പ

Monday 21 November 2022 3:28 AM IST

കൊച്ചി: മി​ലാൻ മോട്ടോർഷോയിൽ പിയാജിയോ പരിചയപ്പെടുത്തിയ പുത്തൻ ഹൈ-പെർഫോമൻസ് സ്കൂട്ടറാണ് വെസ്‌പ ജി.ടി.വി. സ്പോർട്ടീ ടച്ച് നിലനിറുത്തി ക്ളാസിക് രൂപകല്പനയിലാണ് നിർമ്മാണം.
23.4 ബി.എച്ച്.പി കരുത്തുള്ള 300 സി.സി എൻജിനാണുള്ളത്. സിംഗിൾ സിലിണ്ടർ,​ 4-വാൽവ്,​ ലിക്വിഡ്-കൂൾഡ് എൻജിനാണിത്. മികച്ച ഭംഗിയുള്ള അവോൾജെന്റേ ഓപാകോ ബോഡി കളറാണ് വെസ്‌പ ജി.ടി.വിയുടെ മുഖ്യാകർഷണം. ഓറഞ്ച് ഗ്രാഫിക്‌സോടുകൂടിയ ഈ തീം വശങ്ങളിലും മുൻഭാഗത്തും അഴകുതീർക്കുന്നു.
ഓൾ-ബ്ളാക്ക് ഹാൻഡിൽബാർ,​ 5-സ്പോക്ക് അലോയ് വീൽ,​ ഫുട്പെഡ്‌സ്,​ റിയർഗ്രാബ് റെയിൽസ് തുടങ്ങിയവയുമായി വിഖ്യാതമായ ഇറ്റാലിയൻ ഡിസൈൻശൈലിയുടെ ചാരുത നിലനിറുത്തിത്തിയിരിക്കുന്നു.

ഡ്യുവൽ-ടോൺ സീറ്റ്,​ വൃത്താകൃതിയിൽ എൽ.ഇ.ഡി ഹെഡ്‌ലാമ്പ്,​ പരമ്പരാഗത കീ സ്ളോട്ടിന് പകരം കീലെസ് സിസ്‌റ്റം,​ പുതിയ എൽ.ഇ.ഡി ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ളസ്റ്റർ,​ യു.എസ്.ബി പോർട്ട്,​ എ.ബി.എസ്.,​ കോൾ,​ മെസേജ്,​ മ്യൂസിക് എന്നിവയുള്ള കണക്ടിവിറ്റി ഫീച്ചർ എന്നിങ്ങനെയും ധാരാളം ആകർഷണങ്ങളുണ്ട്.

Advertisement
Advertisement