സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിൽ അന്വേഷണം വേണം, എം കെ രാഘവൻ എംപിയുടെ ആവശ്യത്തെ പിന്തുണച്ച് തരൂർ

Sunday 20 November 2022 6:45 PM IST

കോഴിക്കോട് : താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള യൂത്ത് കോൺഗ്രസിന്റെയും ഡി.സി,സിയുടെയും തീരുമാനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ. ഇത്തരം പരിപാടി മുടക്കാൻ ആര് ശ്രമിച്ചാലും കണ്ടെത്തണം. എം.കെ, കരാഘവന്റെ ആവശ്യത്തോട് പൂർണമായി യോജിക്കുന്നു. സ്ഥലം എം.പി എന്ന നിലയിൽ എം.കെ, രാഘവന് അന്വേഷണത്തിന് ആവശ്യപ്പെടാൻ അവകാശമുണ്ടെന്നും തരൂർ പറഞ്ഞു.

നാലുദിവസം നീണ്ടുനിൽക്കുന്ന ശശി തരൂരിന്റെ മലബാർ പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കാൻ യൂത്ത് കോൺഗ്രസിനും ഡി.സി,സിക്കും കോൺഗ്രസിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിൽ സെമിനാറിൽ നിന്ന് പിൻമാറിയതിനെക്കുറിച്ച് അന്വേഷിക്കാനുള്ള കമ്മിഷനെ കെ.പി.സി.സി അദ്ധ്യക്ഷൻ നിയോഗിക്കണമെന്ന് എം.കെ.രാഘവൻ എം.പി ആവശ്യപ്പെട്ടിരുന്നു. എല്ലാവരോടും ചർച്ച ചെയ്ത് തന്നെയാണ് തരൂരിന്റെ പരിപാടി പ്ലാൻ ചെയ്തതെന്ന് എം.കെ. രാഘവൻ പറഞ്ഞു. കമ്മിഷനെ കെ.പി.സി.സി അദ്ധ്യക്ഷൻ നിയോഗിച്ചില്ലെങ്കിൽ പാർട്ടി വേദികളിൽ തനിക്ക് കാര്യങ്ങൾ തുറന്നുപറയേണ്ടി വരുമെന്ന് എം.കെ. രാഘവൻ പറഞ്ഞു.

വിവാദങ്ങൾക്കിടെ ശശി തരൂർ മലബാർ സന്ദർശനം ആരംഭിച്ചു. രാവിലെ എം.ടി. വാസുദേവൻ നായരെ സന്ദർശിച്ച തരൂർ ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസിന്റെ സെമിനാറിലും പങ്കെടുത്തു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലായി 20 ലേറെ പരിപാടികളിലാണ് തരൂർ പങ്കെടുക്കുന്നത്. 22ന് പാണക്കാട് വച്ച് ലീഗ് നേതാക്കളെയും തരൂർ കാണുന്നുണ്ട്.

അതേസമയം ശശി തരൂരിനെ വിലക്കിയെന്ന റിപ്പോർട്ട് നിഷേധിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ രംഗത്തെത്തി. കേരളത്തിൽ എവിടെയും തരൂരിന് രാഷ്ട്രീയ പരിപാടി നൽകുന്നതിൽ കോൺഗ്രസ് നേതൃത്വം പൂർണ മനസോടെ തയ്യാറെന്നും സുധാകരൻ പറഞ്ഞു.