വിമുക്തഭടന്മാരെ വലച്ച് 'സ്പർശ് '

Monday 21 November 2022 1:28 AM IST
സ്പർശ് ഏകദിന ക്യാമ്പിൽ പങ്കെടുക്കാനെത്തിയവരുടെ തിരക്ക്

# പെൻഷൻ ഡിജിറ്റലൈസേഷൻ മുടങ്ങി

ആലപ്പുഴ: വിമുക്തഭടന്മാരുടെ പെൻഷൻ ഡിജിറ്റലൈസ് ചെയ്യാനുള്ള സിസ്റ്റം ഫോർ പെൻഷൻ അഡിമിനിസ്ട്രേഷൻ രക്ഷ (സ്പർശ്) സംവിധാനത്തിലേക്ക്, സാങ്കേതിക പ്രശ്നങ്ങൾ നിമിത്തം ഭൂരിഭാഗം പേർക്കും മാറാനാവുന്നില്ല. സ്പർശ് വഴി ലൈഫ് സർട്ടിഫിക്കറ്റ് സമ‌ർപ്പിക്കേണ്ട അവസാന തീയതി 30ആണ്. സംസ്ഥാനത്ത് പതിനെട്ടര ലക്ഷത്തോളം വിമുക്ത ഭടന്മാരുടെ വിവരങ്ങൾ ഉൾപ്പെടുത്തേണ്ട പോർട്ടലിൽ സെർവർ തകരാർ മൂലം ആറ് ലക്ഷത്തോളം പേരെ മാത്രമേ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

പെൻഷൻ അംഗങ്ങളുടെ രജിസ്റ്റേ‌ർഡ് ഫോണിൽ ലഭിക്കുന്ന പുതിയ പാസ്‌വേഡും യൂസർ ഐഡിയും ഉപയോഗിച്ചാണ് സ്പർശിൽ രജിസ്റ്റർ ചെയ്യേണ്ടത്. എന്നാൽ പലർക്കും ഈ സന്ദേശം ലഭിക്കുന്നില്ല. ഫോണിൽ ലഭിച്ച പാസ്‌വേഡ് നഷ്ടപ്പെട്ടുപോയവരുമുണ്ട്. വിവിധ സേനകളിൽ ജോലി ചെയ്തിരുന്നവർക്ക് ഘട്ടം ഘട്ടമായാണ് സ്പർശ് ഏർപ്പെടുത്തിയത്. പേരുകളിലെ വ്യത്യാസം, ആധാർ കാർഡും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കാത്തത് തുടങ്ങി നിരവധി വിഷയങ്ങൾ തടസം സൃഷ്ടിച്ചിരുന്നു. പെൻഷൻ നടപടികൾ സുഗമമാക്കാൻ വയോധികരും രോഗികളും മണിക്കൂറുകളോളം അക്ഷയ കേന്ദ്രങ്ങളിൽ കാത്തുനിൽക്കേണ്ട അവസ്ഥയാണ്.

ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, സർവീസ് റെക്കാർഡ് എന്നിവയിലെ പേര്, ഫോൺ നമ്പരുകളിലെ മാറ്റം തുടങ്ങിയവയാണ് സാങ്കേതിക തടസം സൃഷ്ടിക്കുന്നത്.

# സഹായവുമായി സി.എസ്.സി

വിമുക്ത ഭടന്മാരുടെ പെൻഷൻ മുടങ്ങാതിരിക്കാൻ കോമൺ സർവീസ് സെന്ററുകളുടെ ജില്ലയിലെ രജിസ്റ്റേർഡ് സൊസൈറ്റിയായ ആലപ്പുഴ സി.എസ്.സി വി.എൽ.ഇയും ജില്ലാ എൻ.ജി.ഒ അസോസിയേഷനും സംയുക്തമായി സൗജന്യ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലനം ലഭിച്ച വി.എൽ.ഇമാരുടെ സൗജന്യ സേവനം ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.

സെർവർ ലഭ്യതയ്ക്ക് വിധേയമായി വിമുക്തഭടന്മാരുടെ വിവരങ്ങൾ സൗജന്യമായി സ്പർശ് പോർട്ടലിൽ ഉൾപ്പെടുത്തി ലൈഫ് സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്

വിനോദ് വിശ്വംഭരൻ, പ്രസിഡന്റ്, ജില്ലാ സി.എസ്.സി വി.എൽ.ഇ സൊസൈറ്റി

പോർട്ടൽ വഴി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സാധിക്കാതിരുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇനിയും സാങ്കേതിക ത‌ടസം നേരിടുന്ന നിരവധിപ്പേരുണ്ട്. മൈഗ്രേറ്റ് ചെയ്യേണ്ട അവസാന തിയതി ഡിസംബർ 31 ആക്കുമെന്ന് ഇടയ്ക്ക് പറഞ്ഞിരുന്നെങ്കിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല

വിമുക്ത ഭടന്മാർ

Advertisement
Advertisement