ഖത്തറിലെ പന്തിനു പുറകെ ഇരമ്പിയാത്ത് ട്രിവിയൻസും

Monday 21 November 2022 5:08 AM IST

തിരുവനന്തപുരം: ഖത്തർ തലസ്ഥാനമായ ദോഹയുടെ ഹൃദയഭൂമിയിൽ നിന്ന് 60 കിലോമീറ്റർ അകലെ അൽ ഖോറിലെ അൽ ബൈത്ത് സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ലോകകപ്പ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കമാകും മുമ്പു തന്നെ ഇവിടെ തലസ്ഥാന നഗരത്തിൽ ഫുട്ബാൾ ആരാധകരുടെ ആഘോഷം ആരംഭിച്ചിരുന്നു. രാത്രി 9.30ന് ഗ്രൂപ്പ് എയിൽ ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരംത്തിന് പന്തുരുണ്ടു തുടങ്ങിയപ്പോഴേക്കും അനന്തപുരിയും ആ പന്തിനു പുറകെ പാഞ്ഞു.

കഴിഞ്ഞ ലോക കപ്പിനുണ്ടായതിനെക്കാൾ ഇത്തവണ ആവേശമേറെയാണ്. വീട്ടിലെ ടി.വികൾക്കു മുന്നിൽ നിന്നും ആരാധാകരെല്ലാം തെരുവുകളിൽ ക്ലബുകൾ ഒരുക്കുന്ന ബിഗ് സ്ക്രീനുകൾക്ക് മുന്നിലേയ്ക്കെത്തി. ഗാലറി ഇരമ്പം സ്ക്രീനുകൾക്കു മുന്നിലും മുഴങ്ങി.ഇന്നലത്തേത് സാമ്പിളായിരുന്നു.ബ്രസീൽ,അർജന്റീന,പോർച്ചുഗൽ, ഫ്രാൻസ്,ഇംഗ്ലണ്ട്, സ്പെയിൻ.... തുടങ്ങിയ ടീമുകളുടെ കളിയുള്ള ദിവസങ്ങളിൽ തലസ്ഥാനം ഇളകിമറിയും.

ഇന്നലെ ഇഷ്ട ടീമിന്റെ പതാക ഉടലിൽ വരച്ച് ഇരുചക്രവാഹനങ്ങളിൽ ആർപ്പുവിളികളുമായി ആരാധകർ നഗരം ചുറ്റി. നഗരത്തിലെ കവലകളെ ഫുട്ബാൾ പ്രേമികൾ കൊടികളും തോരണങ്ങളും കൊണ്ട് മത്സരിച്ചാണ് അലങ്കരിച്ചിരിക്കുന്നത്.വൈകിട്ട് നാലോടെ കിക്കോഫ് ആഘോഷങ്ങളിൽ നഗരം മുങ്ങി. ധുര വിതരണം,റോഡ് ഷോകൾ,ചെണ്ട-ബാന്റ് മേളങ്ങൾ,പാട്ട്,നൃത്തം തുടങ്ങിയ കലാപരിപാടികൾ ചില്ലറയൊന്നുമായിരുന്നില്ല നഗരത്തിലെ ആരവം. ബ്രസീൽ-അർജന്റീന ആരാധകർ ഒത്തുകൂടുന്ന ഇടങ്ങൾ അനന്തപുരിയിൽ ഒരു ലാറ്റിൻ അമേരിക്കൻ പ്രതീതി സൃഷ്ടിച്ചു. പോർച്ചുഗൽ ആരാധകരും ഒട്ടും മോശമാക്കിയില്ല.എണ്ണത്തിൽ കുറവുള്ള ജർമ്മനി,ഇംഗ്ലണ്ട്,ഫ്രാൻസ് തുടങ്ങയ ടീമുകളുടെ ആരാധകരും ഉത്സാഹകമ്മിറ്റിയെ പരിപോഷിപ്പിച്ചു. കിഴക്കേക്കോട്ട,രാജാജി നഗർ,കരമന കുഞ്ചാലമ്മൂട്, ലാ കോളേജ് ജംഗ്ഷൻ,വഞ്ചിയൂർ,കൈതമുക്ക്, പേട്ട നാലുമുക്ക് തുടങ്ങി നഗരത്തിലും ജില്ലയുടെ വിവിധഭാഗങ്ങളും ബിഗ് സ്ക്രീനിലാണ് ആരാധാകർ കളി കണ്ടത്. പ്രവചന മത്സരങ്ങൾക്കും ഷൂട്ടൗട്ട് മത്സരങ്ങളും ഇന്നലെ തുടങ്ങി.

പേട്ടയിൽ കളികാണാൻ കൂറ്റൻ സ്ക്രീൻ

തിരുവനന്തപുരം: കേരളകൗമുദി ഓഫീസിന് മുന്നിലെ കെ.പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ഒരുക്കിയ ബിഗ് സ്ക്രീനിനു മുന്നിലും ഉദ്ഘാടന ചടങ്ങിനു മുമ്പു തന്നെ ആഘോഷം ലൈവായി കാണാൻ ആരാധകർ വന്നു നിറഞ്ഞു.കേരള കൗമുദിയുടെ സഹകരണത്തോടെ പേട്ട പള്ളിമുക്ക് ലെനിൻ ക്ലബ് സജ്ജീകരിച്ച പ്രൊജക്ടർ സ്ക്രീൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സ്വിച്ച് ഓൺ ചെയ്തു.പെനാൽറ്റി ഷൂട്ടൗട്ട് മത്സരങ്ങൾ അദ്ദേഹം പന്ത് തട്ടി ഉദ്ഘാടനം ചെയ്തു.ഫൈനലടക്കമുള്ള എല്ലാ മത്സരങ്ങളും കായികപ്രേമികൾക്ക് മഴയും വെയിലുമേൽക്കാതെ മികച്ച ശബ്ദ സംവിധാനങ്ങളുടെ സഹായത്തോടെ ഇവിടെ ആസ്വദിക്കാം.മത്സര പ്രദർശനത്തിനായി ജിയോ സിനിമയും,കേബിൾ നെറ്റ്‌വർക്കും സജ്ജമാണ്.കെ.പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ലോകകപ്പ് മത്സരങ്ങൾ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കുന്നത് ഇതാദ്യമാണ്. മാച്ച് ദിവസങ്ങളിലെല്ലാം ഷൂട്ടൗട്ട് മത്സരങ്ങളും പ്രവചനമത്സരങ്ങളും പേട്ട,പള്ളിമുക്ക് ലെനിൻ ക്ലബിന്റെ നേതൃത്വത്തിൽ നടത്തും. മികച്ച താരങ്ങളുടെ സെൽഫി സ്പോട്ടും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ എ.സി. റെജി, തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമൻ, സി.പി.എം ഏരിയാ സെക്രട്ടറി സി.ലെനിൻ, ജില്ലാ കമ്മിറ്റി അംഗം എസ്.പി.ദീപക്,മുൻ മേയ‌ർ കെ.ശ്രീകുമാർ,പേട്ട വാർഡ് കൗൺസിലർ സി.എസ്. സുജാദേവി തുടങ്ങിയവർ പങ്കെടുത്തു.

ലഹരിക്കെതിരെ സർക്കാരിന്റെ ഗോൾ ചലഞ്ച്

മയക്കുമരുന്ന് ലഹരിക്കെതിരായ സർക്കാരിന്റെ ഗോൾ ചലഞ്ച് കാമ്പയിന് നഗരസഭ തുടക്കമിട്ടു.

മയക്കുമരുന്നിനെതിരെ ഫുട്‌ബാൾ ലഹരി എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കാമ്പയിൻ കിഴക്കേക്കോട്ടയിൽ മേയർ ആര്യ രാജേന്ദ്രൻ പന്ത് തട്ടി ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ ഡെപ്യൂട്ടി മേയർ പി.കെ. രാജു,ഡി.ആർ.അനിൽ, പാളയം രാജൻ,അംശു എസ്.സലീം,ഡോ.കെ.എസ്.റീന തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement