ഇന്തോനേഷ്യയിൽ വൻ ഭൂകമ്പം; 46 മരണം, 700 പേ‌ർക്ക് പരിക്ക്, കെട്ടിടങ്ങളും വീടുകളും തകർന്നു

Monday 21 November 2022 4:02 PM IST

ജക്കാർത്ത: ഇന്തോനേഷ്യയുടെ പ്രധാന ദ്വീപായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ 46 പേർക്ക് ദാരുണാന്ത്യം. എഴുന്നൂറോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പടിഞ്ഞാറൻ ജാവയുടെ സിയാൻജൂർ മേഖലയിലാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. സംഭവത്തിൽ നിരവധി കെട്ടിടങ്ങൾ തകരുകയും മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തു.

ഭൂകമ്പം സംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. മണ്ണിടിച്ചിലിൽ അകപ്പെട്ട ഒരു കുഞ്ഞിനെയും യുവതിയെയും രക്ഷപ്പെടുത്തിയതായി സിയാൻജൂർ പൊലീസ് മേധാവി അറിയിച്ചു.

നിരവധി കടകളും ഒരു ആശുപത്രിയും ഒരു സ്‌കൂളും ഭൂകമ്പത്തിൽ തകർന്നു. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ. ഭൂകമ്പം ഉണ്ടായ പ്രദേശത്ത താമസക്കാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഭൂകമ്പം ഉണ്ടായ പ്രദേശത്തെ ആളുകളോട് കെട്ടിടങ്ങൾക്ക് പുറത്തായി നിലയുറപ്പിക്കാൻ നിർദേശം നൽകിയതായി കാലാവസ്ഥാ വകുപ്പ് മേധാവി അറിയിച്ചു.

കഴിഞ്ഞ വർഷം ജനുവരിയിൽ ഇന്തോനേഷ്യയിലെ സുലാവേസി ദ്വീപിലുണ്ടായ ഭൂകമ്പത്തിൽ നൂറിലേറെപ്പേർ മരണപ്പെടുകയും ആയിരങ്ങൾക്ക് വീട് നഷ്ടപ്പെടുകയും ചെയ്തിരുന്നു. 6.2 തീവ്രതയായിരുന്നു അന്ന് റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയത്.

Advertisement
Advertisement