പൊലീസ് എത്തിയില്ല; നായയെ നാട്ടുകാർ വെടിവെച്ചുകൊന്നു.

Tuesday 22 November 2022 12:00 AM IST

പാലാ: രാവിലെ 8 മണിയോടെ വിവരം അറിയിച്ചിട്ടും മേലുകാവ് പൊലീസ് സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപം. പുലർച്ചെ 5.30ഓടെ തെരുവുനായ ഒട്ടേറെ പേരെ കടിച്ച വിവരം അറിഞ്ഞതോടെ നാട്ടുകാർ സംഘടിച്ച് നായയെ തപ്പിയിറങ്ങി. 8 മണിയോടെ കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു സ്ഥലത്തെത്തുകയും പൊലീസിൽ അറിയിക്കുകയും ചെയ്തു. എന്നാൽ ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും പൊലീസെത്തിയില്ല. ഇതിനിടെ ചില സ്‌കുൾ വിദ്യാർത്ഥികളെക്കൂടി തെരുവുനായ ഓടിക്കാൻ ശ്രമിച്ചു. ഇതുകണ്ട് പിന്നാലെയെത്തിയ നാട്ടുകാരിലൊരാൾ നായയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇതോടെയാണ് ആശങ്ക അവസാനിച്ചത്. ഈ മേഖലയിൽ വീട്ടിൽ വളർത്തുന്ന നായകൾ ഉൾപ്പെടെ വിവിധ മൃഗങ്ങൾക്കും കടിയേറ്റതായി സംശയിക്കുന്നു. നായയെ കൊന്നു കുഴിച്ചിട്ട് ഒന്നരമണിക്കൂർ കഴിഞ്ഞപ്പോഴാണ് പൊലീസ് എത്തിയതെന്ന് ജനപ്രതിനിധികൾ ആരോപിച്ചു.

നായയെ കുഴിച്ചിട്ടെങ്കിലും പോസ്റ്റ്മോർട്ടം നടത്തി പേ വിഷബാധയുണ്ടോയെന്ന് ഉറപ്പാക്കുന്നതിന് കടനാട് മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ.സുനിലിന്റെ നേതൃത്വത്തിൽ മാന്തിയെടുത്ത് പോസ്റ്റുമോർട്ടത്തിനായി തിരുവല്ലയിലെ വെറ്ററിനറി ക്ലിനിക്കിലേക്ക് കൊണ്ടുപോയി. വിവരമറിയിച്ചിട്ടും 15 മിനിട്ടിനുള്ളിൽ എത്താവുന്ന സ്ഥലത്ത് രണ്ട് മണിക്കൂർ പിന്നിട്ടിട്ടും എത്താഞ്ഞ മേലുകാവ് പൊലീസിന്റെ നടപടിക്കെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി കൊ‌ടുക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.

Advertisement
Advertisement