കുക്കർ ബോംബുമായി ഐസിസ് തീവ്രവാദികളെ പോലെ ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത് ഷാരിഖ്,​ ചിത്രങ്ങൾ പുറത്ത്

Monday 21 November 2022 6:43 PM IST

ബംഗളൂരു: ആഗോള ഭീകരസംഘടനയുടെ ഐസിസിലേത് പോലെ ബോംബുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത് മംഗളൂരുവിൽ സ്‌ഫോടനം നടത്തിയ ഷാരീഖ്. സർക്യൂട്ട് വയറുകളോടെയുള‌ള പ്രഷർ കുക്കറും കൈയിലേന്തിയാണ് ഷാരീഖ് ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തിരിക്കുന്നത്. ഇയാൾ പ്രഷർ കുക്കർ ബോംബ് എവിടെയോ സ്ഥാപിക്കാനായി ഓട്ടോറിക്ഷയിൽ പോകുകയായിരുന്നു. ഇതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്‌ചയുണ്ടായ സംഭവത്തിൽ ഷാരീഖിനും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റിരുന്നു. 50 ശതമാനത്തിലധികം പൊള‌ളലേറ്റ ഷാരിഖ് ഇപ്പോഴും ചികിത്സയിലാണ്.

മുൻപ് സ്‌ഫോടനമുണ്ടായ കോയമ്പത്തൂരിൽ ഷാരിഖ് സന്ദർശനം നടത്തിയിരുന്നു. ഇവിടെ തങ്ങാൻ ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡാണ് ഉപയോഗിച്ചത്. കൂടുതൽ ഇടങ്ങളിൽ ബോംബ് സ്ഥാപിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു. ഇതിനുള‌ള വസ്‌തുക്കൾ ഇയാളുടെ വീട്ടിൽ തയ്യാറായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇന്റലിജൻസ് വൃത്തങ്ങൾ വീട്ടിൽ നിന്നും സ്‌ഫോടക വസ്‌തുക്കൾ, മൊബൈൽ ഫോൺ, രണ്ട് വ്യാജ ആധാർ കാർ‌ഡുകൾ, പാൻ കാർഡ്, ഡെബിറ്റ് കാർഡ്, ഇതുവരെ ഉപയോഗിക്കാത്ത ഒരു സിം എന്നിവ കണ്ടെത്തിയിരുന്നു.

മംഗളൂരുവിൽ പൊലീസ് സ്‌റ്റേഷന് സമീപം ശനിയാഴ്‌ച വൈകിട്ടോടെയാണ് സ്‌‌ഫോടനമുണ്ടായത്. ഒ‌റ്റനോട്ടത്തിൽ തന്നെ ഇതൊരു ഭീകരാക്രമണമാണെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പറഞ്ഞു. പൊലീസിനൊപ്പം ദേശീയ അന്വേഷണ ഏജൻസിയും ഇന്റലിജൻസ് ബ്യൂറോയും സംഭവം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ശിവമോഗയിൽ നിന്നും ഐസിസ് പിന്തുണയുള‌ള കുറച്ച് യുവാക്കളെ അറസ്‌റ്ര് ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് മംഗളൂരുവിൽ സ്‌ഫോടനം നടന്നത്.