നെഹ്റു അനുസ്മരണത്തിൽ പങ്കെടുക്കും: വേരുറപ്പിക്കാൻ തരൂർ നാളെ കണ്ണൂരിൽ

Monday 21 November 2022 9:58 PM IST

കണ്ണൂർ: എ. ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ നേടിയ പൊതുപിന്തുണയെ തുറുപ്പു ചീട്ടാക്കി പുതിയ അങ്കത്തിനിറങ്ങിയ ശശി തരൂർ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ തട്ടകത്തിൽ നാളെ എത്തും. തരൂരിന് സംസ്ഥാന രാഷ്ട്രീയത്തിൽ അവതരിപ്പിക്കുകയെന്ന വിശാലമായ ലക്ഷ്യമാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇതിലൂടെ മുന്നോട്ടുവെക്കുന്നതെന്നാണ് സൂചന. ഇന്നലെ ന്യൂ മാഹിയിൽ സ്വകാര്യ പരിപാടിയിൽ സംബന്ധിക്കാനെത്തിയ ശശി തരൂരിനെ കെ.പി.സി.സി അംഗങ്ങൾ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ 'രഹസ്യ'മായി സ്വീകരിച്ചതും സംസ്ഥാന കോൺഗ്രസിലെ താക്കോൽസ്ഥാനക്കാർ ഗൗരവമായി കാണുന്നുണ്ട്.

ജവഹർ ലൈബ്രറി സംഘടിപ്പിക്കുന്ന നെഹ്റു അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് തരൂർ കണ്ണൂരിലെത്തുന്നത്. നെഹ്‌‌റുവിനെ കുറിച്ചുള്ള കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസംഗം വിവാദത്തിലായതിനു പിന്നാലെയാണിത്. ആർ.എസ്.എസ് ശാഖയ്ക്കു സംരക്ഷണം നൽകിയിരുന്നെന്നതടക്കമുള്ള സുധാകരന്റെ പ്രസ്താവനകളിൽ വലിയൊരു വിഭാഗം നേതാക്കളിൽ പ്രതിഷേധം ഉടലെടുത്ത ഘട്ടത്തിലാണ് നെഹ്റുവിനെ അനുസ്മരിക്കുന്ന ചടങ്ങിലേക്ക് തരൂരിനെ ക്ഷണിച്ചിരിക്കുന്നത്.

കോൺഗ്രസിനെ സംസ്ഥാനതലത്തിൽ ഉണർത്താനാണ് ശശി തരൂരിന്റെ പര്യടനം കോഴിക്കോട് നിന്നു തുടങ്ങിയതെന്ന് എം.കെ. രാഘവൻ എം.പി വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ്സുകാർ തരൂരിന്റെ പരിപാടിയിൽ നിന്നു വിട്ടു നിന്നതിനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും രാഘവൻ വ്യക്തമാക്കിയിരുന്നു. വിട്ടുനിന്നതിന്റെ കാരണം എം.കെ. രാഘവൻ അന്വേഷിച്ച് കണ്ടുപിടിക്കുമെന്നായിരുന്നു തരൂരിന്റെ പ്രതികരണം.

ഇന്നലെ ന്യൂമാഹിയിലെത്തിയ തരൂരുമായി കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ വി. എ. നാരായണൻ, സജീവ് മാറോളി , എം.പി. അരവിന്ദാക്ഷൻ എന്നിവർ കൂടിക്കാഴ്ച നടത്തി. തലശേരി, ന്യൂ മാഹി എന്നിവിടങ്ങളിലെ എ വിഭാഗം നേതാക്കളും പരിപാടിക്കെത്തിയിരുന്നു. മലബാറിൽ നിന്നു പര്യടനത്തിന് തുടക്കമിട്ട തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ ഘടകം കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച മതേതര സെമിനാറിൽ നിന്നു അവസാന നിമിഷം പിൻവാങ്ങിയത് തരൂർ അനുകൂലികൾ ആയുധമാക്കിയതോടെ കോൺഗ്രസ് കലങ്ങി മറിയുകയാണ്. തരൂരിനെ മാറ്റി നിറുത്തിക്കൊണ്ട് കോൺഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു കെ. മുരളീധരൻ എം.പിയുടെ പ്രതികരണം.

തരൂർ പരിപാടിക്ക് വിലക്കില്ല

അതേ സമയം ശശി തരൂർ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നതിന് വിലക്കോ തടസ്സമോ ഇല്ലെന്ന് കണ്ണൂർ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.നാളെ ഡി.സി.സി നടത്താനിരുന്ന തരൂരിന്റെ പരിപാടി പിന്നീട് ജവഹർ ലൈബ്രറി നടത്തുമെന്ന് പറ‌ഞ്ഞതും കോഴിക്കോട്ടെ ഡി.സി.സി പരിപാടിയിൽ നിന്നു പിന്മാറിയതുമാണ് ചർച്ചകൾക്ക് വഴി വച്ചത്. നാളെ രാവിലെ 11 മണിക്കാണ് തരൂരിന്റെ നെഹ്റു അനുസ്മരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Advertisement
Advertisement