വിഴിഞ്ഞം തുറമുഖത്തിനെതിരെ വ്യാജ പ്രചാരണം നടത്തുന്നു: മന്ത്രി ബാലഗോപാൽ

Tuesday 22 November 2022 12:50 AM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം പോലുള്ള നാടിന്റെ വികസന പദ്ധതികൾക്ക് തടസം നിൽക്കുന്ന രീതിയിൽ ചിലർ സംസ്ഥാനത്ത് പ്രചാരണം നടത്തുന്നതായി മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പരിസ്ഥിതിക്ക് കോട്ടംതട്ടുന്ന ഒരു പ്രവർത്തനവും സർക്കാർ ചെയ്യില്ല. മത്സ്യത്തൊഴിലാളികൾക്കായി ബഡ്ജറ്റിൽ അനുവദിച്ചതിന്റെ ഇരട്ടി തുക ഇതിനോടകം അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി സംഗമവും മത്സ്യോത്സവത്തിന്റെ സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആഴക്കടൽ മത്സ്യബന്ധനത്തിനു സഹകരണ സംഘങ്ങളിലൂടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സജ്ജരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമാകുകയാണ്. ഇതിനാവശ്യമായ ആധുനിക യാനങ്ങൾ സംസ്ഥാന സർക്കാർ ലഭ്യമാക്കും. സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കും. കായലുകൾ, തടാകങ്ങൾ, പുഴകൾ, ശുദ്ധജലതടാകങ്ങൾ എന്നിവ ഉൾപ്പെടുന്ന ജലസമ്പത്തിനെ കൃത്യമായി ഉപയോഗിക്കാൻ കഴിയണം. ഇതിന് ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കണം. ഇതിലൂടെ മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്താൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി അപകട ഇൻഷ്വറൻസ് തുക വിതരണവും മികച്ച സ്റ്റാളുകൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിഷറീസ് വകുപ്പ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള സ്വാഗതം ആശംസിച്ചു. മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.