വെള്ളം ' വിഷമായി "! ബ്രൂസ് ലീയുടെ മരണത്തിൽ ഗവേഷകർ പറയുന്നു

Tuesday 22 November 2022 5:01 AM IST

വാഷിംഗ്ടൺ : ലോകത്തിന് ഇന്നും പിടികൊടുക്കാത്ത നിഗൂഢതകളിൽ ഒന്നായി അവശേഷിക്കുകയാണ് സിനിമയിൽ മാർഷൽ ആർട്‌സിന്റെ ത്രസിപ്പിക്കുന്ന ആക്ഷനുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച അവിസ്മരണീയ നടൻ ബ്രൂസ് ലീയുടെ മരണം. ബ്രൂസ് ലീയുടെ മരണത്തിന്റെ പേരിൽ നിരവധി സിദ്ധാന്തങ്ങൾ ലോകത്ത് പ്രചാരത്തിലുണ്ട്.

പ്രശസ്തിയുടെ പാരമ്യത്തിൽ നിൽക്കവെ 1973 ജൂലായി 20ന് 32ാം വയസിലാണ് ബ്രൂസ് ലീ വിടപറഞ്ഞത്. ഹോങ്കോങ്ങിൽ നടി ബെറ്റി ടിംഗ് പെയുടെ വസതിയിൽ സിനിമാ ചർച്ചയ്ക്കെത്തിയ ബ്രൂസ് ലീയ്ക്ക് കഠിനമായ തലവേദന അനുഭവപ്പെട്ടു. വിശ്രമമുറിയിലേക്ക് പോയ ബ്രൂസ് ലീയ്ക്ക് ബെറ്റി വേദനസംഹാരി നൽകി. മയങ്ങിപ്പോയ ബ്രൂസ് ലീ പിന്നീട് എഴുന്നേറ്റില്ല.

അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇത്രയധികം വഴക്കത്തോടെ മാർഷൽ ആർട്സ് കൈകാര്യം ചെയ്യുന്ന, വളരെ ഊർജസ്വലനായ ബ്രൂസ് ലീയുടെ പെട്ടന്നുള്ള മരണം സ്വാഭാവികമായും ദുരൂഹതയുണ്ടാക്കി. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്റെ തലച്ചോറിൽ അസ്വഭാവികമായ നീർക്കെട്ട് കണ്ടെത്തിയിരുന്നു.

ഇതിനിടെ ബെറ്റി നൽകിയ വേദന സംഹാരിയിലെ രാസവസ്തുക്കൾ ലീയുടെ ശരീരത്തിലുണ്ടാക്കിയ പ്രതിപ്രവർത്തനമാണ് മരണകാരണമെന്നും ചില വാദങ്ങൾ ഉയർന്നു. കൊലപാതകം, വിഷം ഉള്ളിലെത്തി തുടങ്ങിയ പ്രചാരണങ്ങളുമുണ്ടായി. ഇപ്പോഴിതാ അദ്ദേഹം മരിച്ച് 50 വർഷങ്ങളോട് അടുക്കവെ മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന കാരണം മുന്നോട്ട് വച്ചിരിക്കുകയാണ് ഗവേഷകർ.

രക്തത്തിലെ സോഡിയത്തിന്റെ അംശം കുറയുന്ന ' ഹൈപ്പോനട്രീമിയ" എന്ന അവസ്ഥയാകാം ബ്രൂസ് ലീയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ഗവേഷകർ കരുതുന്നു. അധികം ജലം പുറന്തള്ളുന്നതിൽ വൃക്കകൾ പരാജയപ്പെട്ടത് ബ്രൂസ് ലീയുടെ മരണത്തിന് കാരണമായിരിക്കാമത്രെ. നാം വെള്ളം പരിധിയിലും കൂടുതൽ കുടിച്ചാൽ ഹൈപ്പോനട്രീമിയ അവസ്ഥ ഉണ്ടാകാം.

ശരീരത്തിലെ സോഡിയം വളരെ അധികം നേർത്തതാവുകയും വെള്ളത്തിന്റെ അളവ് ഉയരുകയും ചെയ്യുന്നു. ഇത് മസ്തിഷ്കത്തിലടക്കം കോശങ്ങളിലെ വീക്കത്തിനിടയാക്കുന്നു. ബ്രൂസ് ലീ കാരറ്റ്, ആപ്പിൾ തുടങ്ങിയവയുടെ ജ്യൂസ് അടക്കം ദ്രവരൂപത്തിലെ ഭക്ഷണക്രമമാണ് കൂടുതലായി പിന്തുടർന്നിരുന്നതെന്ന് ഭാര്യ ലിൻഡ വെളിപ്പെടുത്തിയിരുന്നു. ബ്രൂസ് ലീ ആവർത്തിച്ച് വെള്ളം കുടിക്കുമായിരുന്നത്രെ. കഞ്ചാവ്, വേദന സംഹാരികൾ, ചില മരുന്നുകൾ എന്നിവയും ഹൈപ്പോനട്രീമിയയുടെ സങ്കീർണതകൾ കൂട്ടാം.

 അതേ സമയം, ബ്രൂസ് ലീയെ പോലെ അദ്ദേഹത്തിന്റെ മകൻ ബ്രണ്ടൻ ലീയുടെ മരണവും ഇന്നും നിഗൂഢതയാണ്. 1993 മാർച്ച് 31ന് ആക്ഷൻ ഫാന്റസി ചിത്രമായ ' ദ ക്രോ "യുടെ സെറ്റിൽ വച്ച് അവസാന സീനുകളിൽ ഒന്നിന്റെ ചിത്രീകരണത്തിനിടെ 28കാരനായ ബ്രണ്ടൻ വെടിയേറ്റ് മരിച്ചു. ബ്രണ്ടൻ ലീയുടെ കഥാപാത്രം വെടിയേറ്റ് വീഴുന്നതായിരുന്നു സീൻ.

ഇതിനായി റബ്ബർ ബുള്ളറ്റോട് കൂടിയ ഒരു ഡമ്മി തോക്ക് തയാറാക്കിയിരുന്നു. എന്നാൽ യഥാർത്ഥ തോക്ക് എങ്ങനെയോ ഡമ്മിയ്ക്കിടയിൽ കയറിക്കൂടി. ഈ തോക്ക് കൊണ്ട് വില്ലൻ അബദ്ധത്തിൽ വെടിവയ്ക്കുകയും ചെയ്തു. വെടികൊണ്ട് നിലത്ത് വീണ ബ്രണ്ടൻ ഡയറക്ടർ കട്ട് പറഞ്ഞിട്ടും എഴുന്നേൽക്കാതെ വന്നതോടെയാണ് സെറ്റിലുണ്ടായിരുന്നവർ അപകടം മനസിലാക്കിയത്.

ബ്രണ്ടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അശ്രദ്ധ വരുത്തിവച്ച യാദൃശ്ചികമായ അപകടമായി ബ്രണ്ടൻ ലീയുടെ മരണത്തിനെ അധികൃതർ വിധിയെഴുതിയെങ്കിലും കൊലപാതകമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്.

Advertisement
Advertisement