രാജാവിന്റെ മകൻ മുതൽ സുരേഷ് ഗോപിയിൽ കണ്ട മൂന്ന് സവിശേഷത, ഓരോന്നും എടുത്തുപറഞ്ഞ് നടൻ മോഹൻ ജോസ്

Tuesday 22 November 2022 2:33 PM IST

വില്ലൻ വേഷങ്ങളിലൂടെ ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങിയ നടനാണ് മോഹൻ ജോസ്. ജോഷി ചിത്രങ്ങളിൽ പലതും മോഹൻ ജോസ് തിളങ്ങി. 1980ൽ ചാമരത്തിലൂടെയാണ് മോഹൻ ജോസ് സിനിമയിലെത്തിയത്. തുടർന്ന് രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ന്യൂഡൽഹി, അപ്പു, ഇന്ദ്രജാലം, ഏയ് ഓട്ടോ, ലേലം, കൊച്ചി രാജാവ്, ചെസ്, ക്രേസി ഗോപാലൻ, രൗദ്രം, ചട്ടമ്പിനാട് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ വേഷങ്ങളിലെത്തി.

രാജാവിന്റെ മകൻ ചിത്രീകരണ സമയത്ത് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് മോഹൻ ജോസ്. സുരേഷ് ഗോപിയിൽ തന്നെ ആകർഷിച്ച് മൂന്ന് കാര്യങ്ങളെ കുറിച്ചും മോഹൻ ജോസ് വെളിപ്പെടുത്തുന്നു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'രാജാവിൻറെ മകൻറെ' ചിത്രീകരണ സമയം. ആദ്യാവസാനം, ഏകദേശം ഒരു മാസത്തോളം സുരേഷ്ഗോപിയുമായി കലൂർ 'കൽപ്പകാ ടൂറിസ്റ് കോംപ്ലക്സിൽ (ഇന്നത്തെ PVS ഹോസ്പിറ്റൽ) ഒരേ റൂമിൽ ഒരുമിച്ചു കഴിഞ്ഞ നാളുകൾ, പതിറ്റാണ്ടുകൾക്കു ശേഷവും ഹരിതാഭവർണ്ണമായി മായാതെ നില്ക്കുന്നു. എന്നെ ആകർഷിച്ച സുരേഷ് ഗോപിയുടെ എടുത്തുപറയേണ്ട സവിശേഷത ശുചിത്വത്തിലുള്ള നിഷ്ക്കർഷതയായിരുന്നു. വൃത്തിയും ആകർഷണീയവുമായ വസ്ത്രധാരണം, സമയം കിട്ടിയാൽ മൂന്നുനേരവും വിസ്‌തരിച്ചുള്ള സ്നാനം, ശബ്ദമുയർത്താതെയുള്ള സംഭാഷണം എന്നത്യാദി ഗുണങ്ങളാൽ പ്രശോഭിതൻ. അന്നേ ആർദ്രഹൃദയനും ധനവ്യയത്തിൽ ഉദാരനുമായിരുന്നു. ഇന്നും ആ സ്വഭാവവിശേഷങ്ങൾ അതേപടി തുടരുന്നത് ശ്രേഷ്ഠം, ശ്രേയസ്ക്കരം എന്നുതന്നെ പറയാം!