മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിൽ ഇങ്ങനെയൊന്ന്  രാജ്യത്ത് തന്നെ ആദ്യം, അദ്ഭുതമായി  തിരുവനന്തപുരത്തെ ഡെയിൽവ്യൂ

Wednesday 23 November 2022 9:15 AM IST

കാട്ടാക്കട: ഡോ.കലാംസ്മൃതി ഇന്റർനാഷണൽ മ്യൂസിയം കൊണ്ട് അന്തർദേശീയ ശ്രദ്ധ നേടിയ പുനലാൽ ഡെയിൽവ്യൂ കോളേജ് ശാസ്‌ല്രോകത്തിന് പുതുവെളിച്ചമേകാൻ ഒരുങ്ങുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പേരിൽ 30,000ത്തിലധികം പുസ്തകങ്ങളും ഗവേഷണ പ്രബന്ധങ്ങളുമുള്ള ലൈബ്രറിയും റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടുമാണ് ഇക്കുറി ഡെയിൽവ്യൂവിൽ സജ്ജമാക്കിയിരിക്കുന്നത്. രാംനാഥ് കോവിന്ദിന്റെ പേരിൽ രാജ്യത്ത് തുടങ്ങുന്ന ആദ്യത്തെ ലൈബ്രറി എന്ന ഖ്യാതിയും ഇതോടെ ഡെയിൽവ്യൂവിന് സ്വന്തമാകും. ഗവേഷക വിദ്യാർത്ഥികൾക്ക് ഉപരിപഠന സമയത്തുപകരിക്കുന്ന ലോകനിലവാരമുള്ള ശാസ്ത്ര പുസ്തകങ്ങൾ, ജേണലുകൾ, ഗവേഷണ പ്രബന്ധങ്ങൾ എന്നിവയും ലൈബ്രറിയിലൊരുക്കും.

ലളിതമായ ശാസ്ത്രപുസ്തകങ്ങൾ ഉൾപ്പെടുത്തി സഞ്ചരിക്കുന്ന വായനശാലയും പദ്ധതിയുടെ ഭാഗമായിട്ടുണ്ടാകുമെന്ന് കോളേജ് മാനേജിംഗ് ഡയറക്ടർ ഡോ.ഷൈജു ഡേവിഡ് ആൽഫി അറിയിച്ചു.

2016ൽ ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ പേരിൽ ഡെയിൽവ്യൂവിൽ കലാംസ്മൃതി ഇന്റർ നാഷണൽ മ്യൂസിയം ആരംഭിച്ചിരുന്നു. കലാമിന്റെ പേരിൽ ഏർപ്പെടുത്തിയ ഇന്റർ നാഷണൽ അവാർഡിന് നിരവധി വിദേശ രാജ്യത്തലവന്മാർ അർഹരായിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തും നിന്ന് നിരവധി ആളുകൾ ഈ മ്യൂസിയം സന്ദർശിച്ചുകഴിഞ്ഞു. പ്രശംസനീയമായ പ്രവർത്തനം നടത്തിയതിന് ഐക്യരാഷ്ട്ര സംഘടനയുടെ യുണൈറ്റഡ് നേഷൻസ് എക്കോസോക് പുരസ്‌കാരം ഡോ.കലാം സ്മൃതി ഇന്റർനാഷണലിനെ തേടിയെത്തി.

ഡെയിൽവ്യൂ സ്ഥാപകരുടെ വിയോഗത്തിന് ശേഷം മകൾ ഡോ.ഡീനാദാസ് ചെയർമാനും, ഡിപിർ ദാസ് ഡയറക്ടറും, ഡിനിൽ ദാസ് അഡീഷണൽ ഡയറക്ടറുമായിട്ടാണ് ഡെയിൽവ്യൂവിന്റെ സാരഥ്യം വഹിക്കുന്നത്. വിദ്യാഭ്യാസ രംഗത്തുമാത്രമല്ല സംസ്ഥാനത്തെ ആദ്യ ലഹരി വിമോചന കേന്ദ്രം സ്ഥാപിച്ചും ഡെയിൽവ്യൂ ഏറെ ശ്രദ്ധനേടിയിരുന്നു. ഡെയിൽവ്യൂ കാമ്പസിൽ നടന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സാന്നിദ്ധ്യത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്റർ നാഷണൽ സയൻസ് ആൻഡ് റിസർച്ച് ലൈബ്രറി ഉദ്ഘാടനം ചെയ്തു.