മംഗളൂരു ബോംബ് സ്ഫോടനം; ഷരീഖിന്റെ ബന്ധുവീടുൾപ്പെടെ 18 ഇടങ്ങളിൽ പരിശോധന

Wednesday 23 November 2022 10:07 AM IST

ബംഗളൂരു: മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട് 18 ഇടങ്ങളിൽ റെയ്ഡ്. കേസിലെ മുഖ്യ സൂത്രധാരൻ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളിൽ ഉൾപ്പെടെയാണ് പൊലീസും എൻഐഎയും പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി ശിവമോഗയിലെ തീർത്ഥഹള്ളിയിൽ റെയ്ഡ് നടന്നിരുന്നു. പരിശോധനയിൽ സ്ഫോടകവസ്തുക്കൾ ഉൾപ്പെടെ കണ്ടെടുത്തിരുന്നു.

സ്ഫോടനത്തിൽ പരിക്കേറ്റ ഷരീഖ് നിലവിൽ ഫാദർമുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വർദ്ധിപ്പിച്ചതായി കർണാകട ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. ആഭ്യന്തരമന്ത്രിയും സംസ്ഥാന പൊലീസ് മേധാവി പ്രവീൺ സൂദും ഇന്ന് സ്ഫോടന സ്ഥലം സന്ദർശിക്കും.

അതേസമയം, മംഗളൂരു സ്ഫോടനത്തിന് പിന്നിൽ ചികിത്സയിൽ കഴിയുന്ന ഷരീഖ് ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഐസിസിൽ ആകൃഷ്ടനായ ഷരീഖ് ബോംബ് നിർമാണം പഠിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ബോംബ് നിർമാണത്തിൽ വേണ്ടത്ര പ്രാവീണ്യമില്ലാത്തതിനാലാണ് കുക്കർ ബോംബിന്റെ വീര്യം കുറഞ്ഞതെന്നും പൊലീസ് പറഞ്ഞിരുന്നു. സ്ഫോടനം നടന്ന നവംബർ 19ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മംഗളൂരുവിൽ ഉണ്ടായിരുന്നു.