മംഗളൂരു സ്‌ഫോടനത്തിന് മുൻപായി ട്രയൽ റൺ, നദിക്കരയിൽ പരിശീലനം നടത്തി പ്രതികൾ

Wednesday 23 November 2022 11:14 AM IST

ബംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് പുതിയ വിവരങ്ങൾ പുറത്ത്. സ്‌ഫോടനത്തിന് മുമ്പായി പ്രതികൾ ട്രയൽ റൺ നടത്തിയതായി കണ്ടെത്തി. എൻ ഐ എ ഷാരിഖിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഷിമോഗയ്ക്ക് സമീപമുള്ള തുംഗ നദിക്കരയിൽ സ്‌ഫോടനത്തിന് ഒരാഴ്ച മുൻപാണ് ട്രയൽ നടത്തിയത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് കർണാടകയിലെ പതിനെട്ട് ഇടങ്ങളിൽ പൊലീസും എൻ ഐ എയും പരിശോധന നടത്തുകയാണ്. കേസിലെ പ്രതിയായ ഷാരിഖിന്റെ ബന്ധുവീടുകളിലും റെയ്‌ഡ് നടക്കുന്നു. കോയമ്പത്തൂരിൽ നടന്ന സ്‌ഫോടനത്തിലും ഷാരിഖിന് പങ്കുണ്ടെന്നാണ് കർണാടക പൊലീസിന്റെ കണ്ടെത്തൽ. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരൻ മദീൻ താഹ എന്നൊരാളാണെന്നും ഇയാൾ ദുബായിൽ ഇരുന്നാണ് ഓപ്പറേഷനുകൾ നടത്തിയതെന്നും കണ്ടെത്തിയിരുന്നു. മംഗളൂരുവിലെ സ്‌ഫോടനത്തിന് രണ്ട് ദിവസം മുൻപ് ഇയാൾ കർണാടകയിലെത്തുകയും താമസിയാതെ ദുബായിലേയ്ക്ക് മടങ്ങുകയും ചെയ്തിരുന്നു.സ്‌ഫോടനത്തിൽ പങ്കാളികളായ അറാഫത്ത് അലി, മുസാഫിർ ഹുസൈൻ എന്നിവർക്കായും തെരച്ചിൽ പുരോഗമിക്കുകയാണ്.

കോയമ്പത്തൂർ സ്‌ഫോടനത്തിലെ ചാവേറായ ജമേഷ മൂബീനുമായി ഷാരിഖ് സെപ്‌തംബറിൽ കൂടിക്കാഴ്ച നടത്തിയതായും കണ്ടെത്തി. തമിഴ്‌നാട്ടിലെ ഒരു ലോഡ്‌ജിൽ ഷാരിഖ് ദിവസങ്ങളോളം തങ്ങി. കോയമ്പത്തൂർ സ്‌ഫോടനത്തിന് മുൻപുള്ള ദിവസങ്ങളിൽ ഇരുവരും വാട്‌സ്‌ആപ്പ് ചാറ്റിലൂടെ സംസാരിച്ചിരുന്നു. മംഗളൂരുവിൽ കോയമ്പത്തൂരിൽ നടന്നതിന് സമാനമായ സ്‌ഫോടനത്തിനാണ് പ്രതികൾ പദ്ധതിയിട്ടത്. ദുബായിൽ നിന്ന് താഹ ഷാരിഖിനും ജമേഷയ്ക്കും പണം അയച്ചതിന്റെ വിവരങ്ങൾ അ‌ടക്കം പൊലീസ് ശേഖരിക്കുകയാണ്.