മഹേഷ് നാരായണന്റെ അറിയിപ്പിന് ഗോവയിൽ വൻ വരവേൽപ്പ്
പെണ്ണിന്റെ ആത്മാഭിമാനം വിട്ടുവീഴ്ച ചെയ്യില്ലെന്ന് ശക്തമായി അടയാളപ്പെടുത്തുന്നു
പനാജി : മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ അറിയിപ്പിന്റെ ഇന്ത്യയിലെ പ്രഥമ പ്രദർശനം ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിൽ നിറഞ്ഞുകവിഞ്ഞ പ്രേക്ഷക സാന്നിദ്ധ്യത്തിൽ നടന്നു. ഉപജീവനം തേടി ഡൽഹിയിൽ എത്തുന്ന മലയാളി ദമ്പതികൾ നേരിടുന്ന പ്രതിസന്ധിയിലൂടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. ഒരു ഗ്ളൗസ് ഫാക്ടറിയിലെ ജീവനക്കാരാണ് നായകനും നായികയും. കൊവിഡ് കാലത്ത് വിദേശത്ത് പോവാൻ വിസ തേടുന്നതിന്റെ ഭാഗമായാണ് ഇവർ ഈ ജോലിയിൽ പ്രവേശിച്ചത്.
നായികയുടെ തെറ്റായ വീഡിയോ പ്രചരിക്കുന്നതും അതിനെ നേരിടാൻ ഇരുവരും ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീയുടെ ആത്മാഭിമാനം ഒരു ഒത്തുതീർപ്പിനും പണയം വയ്ക്കാനാവില്ലെന്ന് അതിസമർത്ഥമായി ചിത്രം അടയാളപ്പെടുത്തുന്നു.കുഞ്ചാക്കോ ബോബനും നായിക വേഷം അവതരിപ്പിച്ച ദിവ്യപ്രഭയും മികച്ച പ്രകടനം കാഴ്ചവച്ചു. എഡിറ്റർ മഹേഷ് നാരായണന്റെ സംവിധാന മികവിന് തെളിവാണ് അറിയിപ്പ്. ലൊകാർണോ ഉൾപ്പെട്ട എട്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ഇൗ ചിത്രം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.