മുത്താരംകുന്ന് പി ഒയിലെ ഫയൽവാൻ, നടൻ മിഗ്‌ദാ‌ദ് അന്തരിച്ചു

Wednesday 23 November 2022 9:11 PM IST

തിരുവനന്തപുരം: സിബി മലയിൽ ചിത്രമായ മുത്താരംകുന്ന് പി.ഒയിലെ ഫയൽവാൻ രാജൻപിള‌ളയെ അനശ്വരമാക്കിയ നടൻ മിഗ്‌ദാദ് (76) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് അന്ത്യമുണ്ടായത്. 1982ൽ പുറത്തിറങ്ങിയ 'ആ ദിവസം' ആണ് ആദ്യ ചിത്രം. നടനും മുൻ ദേശീയ വോളിബോൾ താരവുമായിരുന്നു മിഗ്‌ദാദ്.

സ്‌കൂൾ, കോളേജ് കാലഘട്ടത്തിൽ യുവജനോത്സവങ്ങളിൽ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്ത് മിഗ്‌ദാദ് പ്രതിഭ തെളിയിച്ചത്. പോസ്‌റ്റൽ ആന്റ് ടെലഗ്രാഫ് ഉദ്യോഗസ്ഥനായി 2010ൽ വിരമിച്ചു. ആനയ്‌ക്കൊരുമ്മ, പൊന്നുംകുടത്തിനും പൊട്ട്, നന്മ നിറഞ്ഞവൻ ശ്രീനിവാസൻ, സാക്ഷാൽ ശ്രീമാൻ ചാത്തുണ്ണി, മാന്നാർ മത്തായി സ്‌പീക്കിംഗ് തുടങ്ങി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം പേട്ട അക്ഷരവീഥി മഠത്തുവിളാകം ലെയ്‌നിൽ എവിആർഎ-12 എക്‌സിലാണ് താമസിച്ചിരുന്നത്. റഫീക്കാ മിഗ്‌ദാദാണ് ഭാര്യ മക്കൾ മിറ മിഗ്‌ദാദ്, റമ്മി മിഗ്‌ദാദ്. ഖബറടക്കം കൊല്ലം പോളയത്തോട് ജുമാ മസ്‌ജിദിൽ നാളെ രാവിലെ 11.30ഓടെ.