അവനി ഇക്കുറിയും നേടി എ ഗ്രേഡ്

Thursday 24 November 2022 2:44 AM IST

തിരുവനന്തപുരം:ഹയർസെക്കൻഡറി വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ ഒന്നാമതെത്തിയ അവനി.എസ്. എസിന്റെ വിജയത്തിന് എന്നും ഇരട്ടി മധുരമാണ്.കാൻസർ എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിച്ച വിദ്യാർത്ഥിനിക്ക് ലഭിക്കുന്ന ഇരട്ടി മധുരം.വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അവനി.2019ൽ കാസർകോഡ് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ അവനി പങ്കെടുത്ത് സമ്മാനം നേടിയത് കീമോ ചെയ്തതിനു തൊട്ടു പിന്നാലെയായിരുന്നു.എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അവനിക്ക് കാൻസർ ബാധിക്കുന്നത്.ഒരു വർഷം ചികിത്സിക്കുന്നതിനിടെയാണ് 2019ലെ കലോത്സവത്തിൽ പങ്കെടുക്കുന്നത്. സ്‌കൂൾ അസംബ്ളിയിൽ പ്രാർത്ഥന ചൊല്ലിയിരുന്ന കുഞ്ഞ് അസുഖത്തിൽ തളർന്നു പോകാതെ സംഗീതത്തെ ചേർത്തു പിടിച്ചു.വെഞ്ഞാറമൂട് സ്വദേശികളായ സന്തോഷിന്റെയും സജിതയുടെയും മകളായ അവനി കർണാടക സംഗീത പഠനത്തിന് കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സ്‌കോളർഷിപ്പും നേടിയിട്ടുണ്ട്.