വീഡിയോ പരസ്യപ്പെടുത്തുന്നത് തടയണം:ജെയിൻ

Thursday 24 November 2022 2:08 AM IST

ന്യൂഡൽഹി: തീഹാർ ജയിലിനുള്ളിലെ വീഡിയോ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മന്ത്രി സത്യേന്ദ്ര ജെയിൻ കോടതിയെ സമീപിച്ചു. ജയിലിൽ മതിയായ ഭക്ഷണമില്ലെന്നും 28 കിലോ ഭാരം കുറഞ്ഞെന്നും കോടതിയിൽ പരാതിപ്പെട്ടതിന് പിന്നാലെ മന്ത്രി വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനെതിരെയാണ് മന്ത്രി കോടതിയെ സമീപിച്ചത്. ജയിലിൽ ഇദ്ദേഹത്തിന് മസാജിംഗ് നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ വിവാദമായിരുന്നു.

സെല്ലിനുള്ളിൽ താൻ ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്ന് അന്വേഷിക്കണമെന്നും അവ സംപ്രേക്ഷണം ചെയ്യുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നും ജെയിൻ സി.ബി.ഐ കോടതിയോട് അഭ്യർത്ഥിച്ചു.

സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആം ആദ്മി പാർട്ടി മന്ത്രി ആഡംബര റിസോർട്ടിലെ താമസം ആസ്വദിക്കുകയാണെന്നും മന്ത്രിക്ക് എട്ടു കിലോ ഭാരം കൂടിയെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ബി.ജെ.പി നേതാക്കൾ പരിഹസിച്ചു.

മേയ് 31ന് അറസ്റ്റിലായതിന് ശേഷം ഭക്ഷണവും മരുന്നും ലഭിക്കുന്നില്ലെന്ന് ജെയിൻ കോടതിയെ അറിയിച്ചിരുന്നു. മതവിശ്വാസത്തിന് അനുസൃതമായ അടിസ്ഥാന ഭക്ഷണം ജയിൽ അധികൃതർ നൽകുന്നില്ലെന്നും ആരോപിച്ചു. ക്ഷേത്ര ദർശത്തിന് ശേഷമേ അദ്ദേഹം ഭക്ഷണം കഴിക്കാറുള്ളുവെന്നും ജയിലിലായതിനാൽ അതു സാധിക്കുന്നില്ലെന്നും അഞ്ച് മാസമായി മന്ത്രി പഴം മാത്രമാണ് കഴിക്കുന്നതെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. ഇത് കളവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി വീഡിയോ പുറത്തുവിട്ടത്.

തിരുമ്മൽ വീഡിയോ പുറത്തുവന്നപ്പോൾ ഫിസിയോതെറാപ്പി ചികിത്സയെന്ന വിശദീകരണം നൽകിയാണ് ആംആദ്‌മി പാർട്ടി നേരിട്ടത്. എന്നാൽ മസാജ് ചെയ്തത് സഹ തടവുകാരനാണെന്ന വിവരം പുറത്തു വന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കി.

മീനാക്ഷി ലേഖി, കേന്ദ്രമന്ത്രി, ബി.ജെ.പി വക്താവ്

മന്ത്രിക്ക് ജയിലിൽ പ്ലേറ്റുകളിൽ ഭക്ഷണം വിളമ്പുന്നു, മസാജ് സൗകര്യവുമുണ്ട്, അത് ഒരു ആഡംബര റിസോർട്ടല്ല. നടപടിയെടുക്കണം

Advertisement
Advertisement