പുതിയ വഴികൾ കണ്ടെത്തണം

Thursday 24 November 2022 2:54 AM IST

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിഞ്ഞിട്ടും അതു മറികടക്കാൻ സഹായിക്കുന്ന ഫലപ്രദമായ മാർഗങ്ങളെക്കുറിച്ച് സർക്കാരിനെ നയിക്കുന്നവർ ചിന്തിക്കുന്നില്ലെന്നത് പരിതാപകരമാണ്. കടം കൊള്ളാനുള്ള വഴികൾ കേന്ദ്രം അടച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നവരുണ്ട്. എന്നാൽ കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങുകയും ഒരു നിയന്ത്രണവുമില്ലാതെ ചെലവാക്കുകയും ചെയ്യുമ്പോൾ സാമ്പത്തിക നില പരുങ്ങലിലാവുകതന്നെ ചെയ്യും. വരവു ചെലവുകൾ തമ്മിലുള്ള പൊരുത്തം പ്രധാനമാണ്. ചെലവുകൾ വരവിൽ കവിഞ്ഞാകുമ്പോൾ അതിന്റെ അവസാനം വൻ പ്രതിസന്ധി തന്നെയാകും. കേരളം ഇപ്പോൾ അത്തരമൊരു പ്രതിസന്ധിയുടെ നടുവിലാണ്. കടമെടുക്കുന്നതും വേണ്ട കാര്യങ്ങൾക്കായി അതു ചെലവിടുന്നതും ലോകത്ത് എല്ലായിടത്തും പിന്തുടർന്നുവരുന്ന മാർഗമാണ്. ഒപ്പം തന്നെ തനതു വരുമാന സ്രോതസുകൾ പരമാവധി പ്രയോജനപ്പെടുത്തുകയും പുതിയ സ്രോതസുകൾ കണ്ടെത്താതിരിക്കുകയും ചെയ്യുമ്പോൾ പ്രതിസന്ധി സ്വാഭാവികവുമാണ്. വിഭവങ്ങളും മനുഷ്യശേഷിയും ആവോളം ഉണ്ടായിട്ടും അതു വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിയാത്തതാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതേസമയം ചെലവുകളാകട്ടെ ഓരോ വർഷവും മാനംമുട്ടെ ഉയരുകയാണ്. വായ്പാ പരിധി കൂട്ടണമെന്ന അപേക്ഷ കേന്ദ്രം നിഷ്കരുണം നിരസിക്കുന്നു എന്നാണ് പരാതി. എത്ര തുക അധികമായി കടമെടുക്കാനുള്ള സൗകര്യം ലഭിച്ചാലും അത് ചെന്നുചേരുന്നത് പ്രത്യുത്‌പാദനപരമല്ലാത്ത മേഖലകളിലാണെന്ന വസ്തുത വിസ്മരിക്കരുത്.

അയൽ സംസ്ഥാനങ്ങൾ നിക്ഷേപങ്ങളും അതുവഴി തൊഴിലവസരങ്ങളും വർദ്ധിപ്പിക്കാൻ മത്സരിക്കുമ്പോൾ ഇവിടെ തുടങ്ങിവച്ച വൻ പദ്ധതികൾ പോലും ഇഴഞ്ഞുനീങ്ങുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണം മാസങ്ങളായി സ്തംഭിച്ചുനിൽക്കുകയാണ്. കെ - റെയിൽ സംബന്ധിച്ച് ഇപ്പോൾ അധികൃതർക്കുപോലും തീർച്ചയില്ല. ചെറുതും വലുതുമായ ഇതുപോലെ എത്രയെത്ര പദ്ധതികളാണ് മുന്നോട്ടുകൊണ്ടുപോകാനാകാതെ കിടക്കുന്നത്. ജീവനക്കാർക്കുള്ള ശമ്പളമല്ലാതെ മറ്റൊന്നിനും കൃത്യമായ സമയവും കാലവുമില്ലാതായിരിക്കുന്നു. പണിചെയ്ത വകയിൽ കരാറുകാർക്കു നൽകാനുള്ളത് പതിനോരായിരം കോടി രൂപയാണ്. സ്കൂൾകുട്ടികൾക്ക് ഉച്ചഭക്ഷണം മുടങ്ങാതിരിക്കാൻ പ്രഥമാദ്ധ്യാപകർ വീട്ടുകാരിയുടെ സ്വർണം പണയപ്പെടുത്തേണ്ടിവരുന്നു. അവശനിലയിൽ പരസഹായം കാത്തുകിടക്കുന്ന രോഗികൾക്കുപോലും മുടങ്ങാതെ ധനസഹായം എത്തിക്കാനാകുന്നില്ല. ഇതിനിടയിലും ധൂർത്തിനും പാഴ്‌ച്ചെലവുകൾക്കും ഒരു കുറവുമില്ലെന്നതാണ് മറ്റൊരു വിശേഷം. മാസ കമ്മിഷൻ കുറച്ചതിന്റെ പേരിൽ റേഷൻകടക്കാർ ശനിയാഴ്ച മുതൽ കടകളടച്ച് സമരത്തിനിറങ്ങുകയാണ്. സാമൂഹ്യക്ഷേമ പെൻഷൻ മൂന്നുമാസമായി മുടങ്ങിക്കിടക്കുന്നു. ഇത്തരത്തിൽ പണം കിട്ടേണ്ട നിരവധി വിഭാഗക്കാരുണ്ട്.

പരമ്പരാഗത ധനകാര്യ മാനേജ്‌മെന്റ് കൊണ്ടുമാത്രം പ്രതിസന്ധി തരണം ചെയ്യാനാവില്ലെന്ന് ബോദ്ധ്യപ്പെട്ടുകഴിഞ്ഞു. വരുമാനം കൂട്ടാനുള്ള മാർഗങ്ങൾ അടിയന്തരമായി കണ്ടുപിടിക്കുകതന്നെ വേണം. കരിമണൽ, ടൂറിസം, വ്യവസായ മേഖലകൾ ഭാവനാപൂർണമായി വികസിപ്പിക്കാവുന്നവയാണ്. ഏറെ വരുമാനവും ധാരാളം പുതിയ തൊഴിലവസരങ്ങളും നൽകാനാവുന്ന മേഖലകളാണിവ. ടൂറിസം മേഖല ഇപ്പോൾത്തന്നെ മികച്ച വരുമാനം നൽകുന്നുണ്ട്. വിദഗ്ദ്ധരുടെ സഹായത്തോടെ മികച്ച പുതിയ പദ്ധതികൾ അവതരിപ്പിച്ചാൽ വൻതോതിൽ വരുമാനം കൂട്ടാം. പ്രയോജനപ്പെടുത്താതെ കിടക്കുന്ന കരിമണൽ നിക്ഷേപം സംസ്ഥാനത്തിന് വൻ വികസനത്തിന് ഉപകാരപ്പെടും. വ്യവസായ വളർച്ചയ്ക്ക് തടസമായി നിൽക്കുന്ന എല്ലാ പ്രതിബന്ധങ്ങളും അറുത്തുമാറ്റാനുള്ള ഇച്ഛാശക്തി സർക്കാരിന് ഉണ്ടാകണം. സുസ്ഥിരവും കൃത്യതയാർന്നതുമായ വരുമാന വളർച്ച ലക്ഷ്യമിട്ടുള്ള നവീന മാർഗങ്ങൾക്കുവേണ്ടിയുള്ള ശ്രമമാണ് നടത്തേണ്ടത്.

Advertisement
Advertisement